സില്‍ക്ക് സ്മിതയ്ക്ക് ജീവിതത്തില്‍ സംഭവിച്ചത്
Movie Day
സില്‍ക്ക് സ്മിതയ്ക്ക് ജീവിതത്തില്‍ സംഭവിച്ചത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd December 2020, 9:09 pm

1996 സെപ്തംബര്‍ 24 ന് രാത്രി. ദക്ഷിണേന്ത്യയുടെ ചലച്ചിത്ര നഗരം എന്നറിയപ്പെടുന്ന ചെന്നെയിലെ കോടാമ്പക്കത്തെ ഒരു ഫ്‌ലാറ്റ്. തെന്നിന്ത്യയാകെ ഇളക്കി മറിച്ച ഒരു താരം ആ രാത്രിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. പിറ്റേ ദിവസം രാവിലെ മൃതദേഹം ആശുപത്രിയിലെത്തി.

തമിഴ്, തെലുങ്ക്, കന്നട, മലയാളം തുടങ്ങി ഭാഷാഭേദമന്യേ മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തില്‍ 450ലധികം സിനിമകളിലഭിനയിച്ച് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ തിളഞ്ഞി നിന്ന ആ താരത്തെ അവസാനമായി ഒന്നു കാണാനോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനോ സിനിമാ രംഗത്തെ പ്രമുഖര്‍ ആരുമെത്തിയില്ല.

അവരോടൊപ്പം വെള്ളിത്തിരയില്‍ വേഷമിട്ട താരങ്ങള്‍, അവര്‍ക്ക് വേണ്ടി വരിനിന്ന നിര്‍മാതാക്കള്‍, തിയ്യേറ്ററുകളില്‍ ഹര്‍ഷാരവം മുഴക്കിയ ആരാധകര്‍, ആരും തന്നെ ജീവനറ്റ ആ സിനിമാ താരത്തെ കാണാനായി എത്തിയില്ല. പരസ്യമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തങ്ങളുടെ ഇമേജിനെ ബാധിക്കുമോ എന്ന് പോലും പല പ്രമുഖരും കരുതി. ജീവിതത്തിലെന്ന പോലെ മരണത്തിലും ആ താരം ഒറ്റയ്ക്കായി.

ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സില്‍ക്ക് സ്മിതയ്ക്ക് അറുപത് തികയുമായിരുന്നു. ആരാധകരുടെ സിരകളെ ജരാനരകള്‍ക്ക് വിടാതെ അതിന് മുമ്പേ ജ്വലിച്ചു തീര്‍ന്നു ആ താരം. കാന്തശക്തിയുള്ള കരിമഷിക്കണ്ണുകളും വന്യമായ ചിരിയും വശ്യമാര്‍ന്ന ആകാര സൗന്ദര്യവും എല്ലാത്തിലുമുപരി നിശ്ചയാദാര്‍ഡ്യവും കരുത്തും തന്റേടവും നിലപാടുകളും കൊണ്ട് തെന്നിന്ത്യന്‍ സിനാമാ ലോകത്തിന്റെ സ്വപ്‌നതുല്യമായ ആകാശങ്ങളില്‍ വിഹരിച്ച സില്‍ക്ക് സ്മിത എന്ന സ്തീയുടെ വെള്ളിത്തിരയ്ക്കകത്തും പുറത്തുമുള്ള ജീവിതവും ഒടുവില്‍ സംഭവിച്ച ദാരുണമായ അന്ത്യവും ഇന്ത്യന്‍ സിനിമാ ലോകത്ത് സമാനതകളില്ലാത്ത ഒരധ്യായമാണ്.

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂരിനു സമീപത്തുള്ള കൊവ്വാലിയിലെ ഒരു കുഗ്രാമത്തില്‍ രാമല്ലുവിന്റെയും സരസമ്മയുടെയും മകളായാണ് വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിത ജനിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ച് പോയി. പട്ടിണി കാരണം നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു.

നന്നായി പഠിക്കുമായിരുന്നെങ്കിലും ദാരിദ്ര്യം കാരണം നാലാം ക്‌ളാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന വിജയലക്ഷ്മിയ്ക്ക് അന്നത്തെ ഏതൊരു വിദൂര ഗ്രാമത്തിലെ ഇന്ത്യന്‍ പെണ്‍കുട്ടിയെയും പോലെ 13ാമത്തെ വയസില്‍ വിവാഹിതയാകേണ്ടി വന്നു. പക്ഷേ ആ ബന്ധം അധികം നില നിന്നില്ല.

കൗമാരത്തില്‍ തന്നെ വിവാഹമോചിതയായി വീട്ടിലേക്ക് മടങ്ങേണ്ടി വന്ന വിജയലക്ഷ്മി ചെറിയ പ്രായത്തില്‍ തന്നെ താങ്ങാന്‍ കഴിയുന്നതിലപ്പുറം വേദനകള്‍ ഏറ്റുവാങ്ങിയിരുന്നു. വിജയലക്ഷ്മിയുടെ അയല്‍ക്കാരിയും സിനിമാ പ്രേമിയുമായിരുന്ന അന്നപൂര്‍ണിമയിലൂടെയാണ് ഒരിക്കല്‍ പോലും സിനിമ കാണാന്‍ അവസരം ലഭിച്ചിരുന്നില്ലാത്ത വിജയലക്ഷ്മി സിനിമാലേകത്തെക്കുറിച്ച് അറിയുന്നത്. അന്നപൂര്‍ണിമ പറഞ്ഞുകേട്ട കഥകളിലൂടെ വിജയലക്ഷ്മി സിനിമയെന്ന സ്വപ്‌നം ഉള്ളില്‍ കൊണ്ടു നടന്നു.

ജീവിത പ്രാരാബ്ധങ്ങളോട് പോരാടാനായി നാട് വിടാന്‍ തീരുമാനിച്ച വിജയലക്ഷ്മി കോടാമ്പക്കത്തേക്ക് വണ്ടി കയറി. സിനിമാ രംഗത്ത് ജോലി ചെയ്തിരുന്ന മുത്തുലക്ഷ്മി എന്ന അകന്ന ബന്ധുവിനെ പോയി കണ്ട് ഒരു ജോലിയന്വേഷിച്ചു. അപര്‍ണ എന്ന അന്നത്തെ ഒരു സിനിമാതാരത്തിന്റെ വീട്ടിലെ ജോലിക്കാരിയായി വിജയലക്ഷ്മി മാറി. വിജയലക്ഷ്മിയിലെ കഴിവുകളെ തിരിച്ചറിഞ്ഞ അപര്‍ണ അവരെ തന്റെ മേക്കപ്പ് അസിസ്റ്റന്റ് ആയി നിയോഗിച്ചു.

സിനിമാലോകത്തിന്റെ വര്‍ണപ്പകിട്ടുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൊതിച്ച വിജയലക്ഷ്മി, സിനിമാ സെറ്റുകളിലേക്കുള്ള തന്റെ യാത്രകളെ സ്വപ്‌നസാഫല്യമായി കണ്ടു. ആയിടക്കാണ് മലയാളിയായ ആന്റണി ഈസ്റ്റ്മാന്‍ എന്ന സംവിധായകന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുന്നതിനിടയില്‍ അപര്‍ണയുടെ ടച്ച് അപ്പ് ഗേളായിരുന്ന വിജയലക്ഷ്മിയെ കാണുന്നത്. അങ്ങനെ ‘ഇണയെത്തേടി’ എന്ന ചിത്രത്തില്‍ വിജയലക്ഷ്മി നായികയായി. ചിത്രത്തിന് വേണ്ടി പേര് മാറ്റി സ്മിതയായി മാറി. അന്ന് വെറും 19 വയസ്സുള്ള സ്മിതയെ ആന്റണി ഈസ്റ്റ്മാന്‍ വിശേഷിപ്പിച്ചത് കാന്തശക്തിയുള്ള കണ്ണുകളുള്ള പെണ്‍കുട്ടി എന്നായിരുന്നു.

രണ്ടാമത്തെ സിനിമയായ ‘വണ്ടിചക്ര’മാണ് സ്മിതയുടെ ജീവതത്തില്‍ വഴിത്തിരിവായത്. സൂപ്പര്‍ ഹിറ്റായ ആ സിനിമയിലെ സില്‍ക്ക് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ സ്മിത സില്‍ക്ക് സ്മിതയായി മാറി. സില്‍ക്ക് സ്മിതയെ തേടി തുടരെ തുടരെ സിനിമകളെത്തി. സ്മിതയ്ക്ക് വേണ്ടി മാത്രമായി ‘സില്‍ക്ക് സില്‍ക്ക് സില്‍ക്ക്’ എന്ന ചിത്രം പോലും വന്നു. പിന്നീടങ്ങോട്ട് സ്മിതയുടെ കാലമായിരുന്നു. ഒരര്‍ത്ഥത്തില്‍ സ്മിതയുടെ മാത്രം കാലമായിരുന്നു.

തെന്നിന്ത്യന്‍ സിനിമയ്ക്ക് അതുവരെ പരിചിതമായിരുന്ന സ്ത്രീ സൗന്ദര്യ സങ്കല്‍പങ്ങളുടെ മറ്റൊരു രൂപമായിരുന്നു സില്‍ക്ക്. എണ്‍പതുകളില്‍ വാണിജ്യ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്ന ഐറ്റം ഡാന്‍സുകളിലൂടെ സില്‍ക്ക് പ്രേക്ഷകരെ ഹരം കൊള്ളിച്ചു.

എണ്‍പതുകളുടെ അവസാനപകുതിയും തൊണ്ണൂറുകളുടെ തുടക്കവും തെന്നിന്ത്യന്‍ സിനിമ സില്‍ക്കിന് ചുറ്റും ഭ്രമണം ചെയ്തു. സില്‍ക്ക് ഒരു അനിവാര്യതയായി. തെന്നിന്ത്യന്‍ സിനിമയുടെ സെക്‌സ് ബോംബ് എന്ന തരത്തില്‍ സില്‍ക്ക് സ്മിത ടൈപ്പകാസ്റ്റ് ചെയ്യപ്പെട്ടു. പെട്ടിയില്‍ കിടന്ന പല ചിത്രങ്ങളും സില്‍ക്കിന്റെ പാട്ടുചേര്‍ത്ത് തിയേറ്ററുകളിലെത്തി പണം വാരി. കൗമാരത്തെയും യുവത്വത്തെയും ഹരം കൊള്ളിച്ച സില്‍ക്കിന്റെ ആട്ടവും പാട്ടും കാണാന്‍ പ്രായഭേദം മറന്ന് കാണികള്‍ തിയ്യേറ്ററുകളിലെത്തി.

ദക്ഷിണേന്ത്യയിലെങ്ങും സിനിമകളില്‍ മാദകറാണിയായി അവതരിപ്പിക്കപ്പെട്ട സില്‍ക്കിന്റെ ഐറ്റം ഡാന്‍സില്ലാത്ത ഒരു പടവും തിയ്യേറ്ററില്‍ ഹിറ്റാവില്ലെന്ന സ്ഥിതിയായി. സിനിമയില്‍ മുഴുനീള കാഥാപാത്രങ്ങളെയവതരിപ്പിച്ച സൂപ്പര്‍സ്റ്റാറുകളേക്കാള്‍ പ്രാധാന്യം പോസ്റ്ററുകളില്‍ സില്‍ക്ക് സ്മിത നേടി. സൂപ്പര്‍ താരങ്ങളേക്കാള്‍ ഡിമാന്റുള്ള താരമായി സില്‍ക്ക് സ്മിത മാറി. ശിവാജി ഗണേഷന്‍, ധര്‍മേന്ദ്ര, കമല ഹാസ്സന്‍, രജനി കാന്ത്, ചിരഞ്ജീവി, മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ സിനിമകള്‍ പോലും ഷൂട്ട് തുടങ്ങാന്‍ സില്‍ക്കിന്റെ ഡേറ്റിനായി കാത്തിരിക്കേണ്ടി വന്നു. പത്ത് വര്‍ഷം കൊണ്ട് നാന്നൂറിലധികം ചിത്രങ്ങളില്‍ സ്മിത പല രൂപങ്ങളിലും ഭാവങ്ങളിലും വേഷമിട്ടു.

എണ്‍പതുകളുടെ തെന്നിന്ത്യന്‍ യുവത്വം സില്‍ക്ക് സ്മിതയെ പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലാണ്. സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ പരസ്യമായി ലേലം വെച്ച സംഭവം പോലുമുണ്ടായി. ലേലത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് വരെ നടത്തേണ്ടി വന്നു.

ക്യാമറക്കു മുന്നില്‍ അപരമായ ഭാവത്തോടെ കഥ പറഞ്ഞ സില്‍ക്കിന്റെ കണ്ണുകള്‍ ആളിക്കത്തിച്ചത് സ്ത്രീസൗന്ദര്യ സങ്കല്‍പ്പങ്ങളെ മാത്രമായിരുന്നില്ല താരപുരുഷന്‍മാരാല്‍ അടക്കിവാണിരുന്ന സിനിമാലോകത്തിന്റെ അടഞ്ഞവാതിലുകളെ കൂടിയായിരുന്നു. അതുവരെ പുരുഷ താരങ്ങള്‍ക്ക് വേണ്ടി മാത്രം ആര്‍പ്പുവിളിച്ചിരുന്ന ആള്‍ക്കൂട്ടം സില്‍ക്കിന്റെ ഒരു വിദൂരക്കാഴ്ചയെങ്കിലും ലഭിക്കാന്‍ വേണ്ടി കാത്തു നിന്നു. സില്‍ക്കൊന്നു കൈവീശി കാണിച്ചാല്‍ ആ ജനസാഗരം ഇളകിമറിയുമായിരുന്നു. തെരുവുകളില്‍ നിന്ന് സില്‍ക്ക് എന്ന് അവര്‍ ഉറക്കെ വിളിക്കുമായിരുന്നു. അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികളെ തിരശ്ശീലയില്‍ ആവശ്യപ്പെട്ട പ്രേക്ഷക സങ്കല്‍പങ്ങള്‍ക്ക് സില്‍ക്ക് പോറലുകള്‍ ഏല്‍പ്പിച്ചു. ഏവരെയും തിയ്യേറ്ററില്‍ പിടിച്ചിരുത്തി.

പറയാനുള്ളത് ആരുടേയും മുഖത്തുനോക്കി പറയുമായിരുന്നു സില്‍ക്ക്. താര ദൈവങ്ങളെ അവര്‍ ഭയപ്പെട്ടിരുന്നില്ല. സില്‍ക്ക് ഒരു രാഷ്ട്രീയ പ്രാതിനിധ്യം കൂടിയാവുന്നത് അതുകൊണ്ടാണ്. നടികര്‍ തിലകം ശിവാജി ഗണേശന്‍ സിനിമാ സെറ്റിലേക്ക് കയറിവന്നപ്പോള്‍ കാലിന്‍മേല്‍ കാല്‍കയറ്റി വച്ചിരുന്ന സില്‍ക്ക് സ്മിതയെ നോക്കി നെറ്റി ചുളിച്ച സിനിമാലോകം തോറ്റുപോയത് അഹങ്കാരിയെന്ന വിളി അലങ്കാരമായെടുത്ത സില്‍ക്കിന്റെ മുന്നിലായിരുന്നു. തറപ്പിച്ചു നോക്കിയവരോട് സില്‍ക്ക് പറഞ്ഞു ‘ഞാന്‍ കാല്‍കയറ്റിവെച്ചത് എന്റെ കാലിലല്ലേ. അദ്ദേഹത്തിന്റെയല്ലല്ലോ.

മറ്റൊരിക്കല്‍ എം.ജി.ആര്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ആന്ധ്രയിലേക്ക് ഷൂട്ടിങ്ങിനുപോയ ആ അഹങ്കാരിയായ സ്ത്രീയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മറുപടി ഒരു ചിരിയിലൊതുക്കി. പുറത്തു നടക്കുന്ന കോലാഹലങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ സില്‍ക്ക് തന്റേതായ ലോകത്ത് മുന്നേറി.

ബോളിവുഡ് സിനിമാലോകത്ത് സീറോ സൈസ് നായികമാര്‍ അണി നിരന്നു തുടങ്ങിയിരുന്ന കാലത്ത്, വെളുത്ത തൊലിയുള്ള നായികമാര്‍ തിരഞ്ഞെടുക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്ത കാലത്ത്, മാംസളമായ അരക്കെട്ടും ഇളം നിറത്തിലുള്ള തൊലിയും കൊണ്ട് സില്‍ക്ക് വാര്‍പ്പ് മാതൃകകള്‍ക്ക് മേലെ സൗന്ദര്യത്തിന്റെ പുതിയ നിര്‍മിതികളെ വാര്‍ത്തെടുത്തു. മാസികകളിലെ സില്‍ക്കിന്റെ പടം നോക്കി അതുപോലെ സാരിയുടുക്കാനും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും മറ്റുള്ളവര്‍ ശ്രമിച്ചു.

സാമൂഹ്യ വ്യവസ്ഥിതിയെ പേടിച്ച് പൊതു ഇടങ്ങളില്‍ സില്‍ക്കിന്റെ പേര് പറയാന്‍ ധൈര്യപ്പെടാതിരുന്ന സ്ത്രീകള്‍ രഹസ്യമായി സില്‍ക്കിന്റെ ധൈര്യത്തെപ്പറ്റി വാഴ്ത്തി. എന്നാല്‍ അഭിനയ സാധ്യതകളുള്ള കുറേ കഥാപാത്രങ്ങളെ കൊതിച്ച സ്മിതയെന്ന അഭിനേത്രിയെ സിനിമാലോകം അപരിചിതമായി നിര്‍ത്തി. അലകള്‍ ഒഴിവതില്ലൈ എന്ന ചുരുക്കം ചില സിനിമകളില്‍ മാത്രം ക്യാരക്റ്റര്‍ റോളുകളില്‍ സ്മിതയെ കണ്ടു. തിയ്യേറ്ററുകളില്‍ കാണികളെ നിറയ്ക്കാന്‍ വേണ്ടി അന്നത്തെ സിനിമാ വ്യവസായം സില്‍ക്കിനെ ഉപയോഗിക്കുകയായിരുന്നു എന്ന് വേണം പറയാന്‍.

ഉടലഴകിനപ്പുറം സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇല്ലാതെ പോയി. നിറയെ സ്വപ്നങ്ങളുള്ള, ആ സ്വപ്നങ്ങളില്‍ കഴിവുകള്‍ ചേര്‍ത്തുവെച്ച് ലോകത്തിന് മുന്നില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ചുറ്റിലുമുള്ള ലോകം കാണാതെ പോയി എന്നുവേണം പറയാന്‍. എല്ലാ തിളക്കത്തിലും സില്‍ക്ക് സ്മിതയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല.

ക്യാമറക്കണ്ണുകള്‍ കഥാപാത്രത്തില്‍ നടിയുടെ ശരീരത്തിലേക്ക് മാത്രം സഞ്ചരിക്കുമ്പോള്‍ സിനിമ വാണിജ്യാര്‍ത്ഥത്തില്‍ പൂര്‍ണ്ണത നേടുമ്പോഴും, അത് സിനിമാസ്വാദകര്‍ക്ക് വലിയ ആഹ്ലാദങ്ങള്‍ നല്‍കുമ്പോഴും, തിരശ്ശീലയ്ക്ക് പുറത്ത് ആ ശരീരം പൊതുസങ്കല്‍പങ്ങളാല്‍ വേട്ടയാടപ്പെട്ടതിന്റെ ഇര കൂടിയായിരുന്നു സില്‍ക്ക്. ഒരര്‍ത്ഥത്തില്‍ സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ സാക്ഷ്യമാണ് സില്‍ക്ക് സ്മിതയുടെ ജീവിതം.

പുതിയ ഗ്ലാമര്‍ നര്‍ത്തകിമാരുടെ കടന്നുവരവും അഭിനയ രംഗത്ത് നേരിട്ട മറ്റു ചില പ്രതിസന്ധികളും സ്മിതയെ സിനിമാ നിര്‍മാണത്തിലേക്കുമെത്തിച്ചു. ആദ്യം നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും വമ്പന്‍ പരാജയങ്ങളായി. മൂന്നാമത്തെ ചിത്രത്തില്‍ പ്രതീക്ഷ വെച്ചെങ്കിലും 20 കോടിയോളം കടത്തിലായതോടെ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയായി.

നിരവധി ഗോസിപ്പുകളും അപസര്‍പ്പകഥളും അവരെക്കുറിച്ച് സിനിമാലോകത്ത് നിറഞ്ഞു. മഞ്ഞപ്പത്രങ്ങള്‍ വായനക്കാരെ കൂട്ടാനായി ദിനം പ്രതി കഥകള്‍ മെനഞ്ഞുകൊേേണ്ടയിരുന്നു. സിനിമയെന്ന ആള്‍ക്കൂട്ടത്തില്‍ സില്‍ക്ക് സ്മിത തനിച്ചാവുകയായിരുന്നു. ഒരു കാലത്ത് തെന്നിന്ത്യന്‍ ചിത്രങ്ങളുടം വിജയമന്ത്രവും തന്ത്രവുമായിരുന്ന താരം പക്ഷേ ആ കൂട്ടത്തില്‍ നിന്നും പുറത്തായി. സില്‍ക്ക് സ്മിത വിഷാദ രോഗത്തിനടിമപ്പെട്ടു. എല്ലാവരില്‍ നിന്നും ഒഴിഞ്ഞ് സ്വന്തം മുറിയിലേക്ക് മാത്രമായി സില്‍ക്ക് സ്മിത ഒതുങ്ങി. ഒടുവില്‍ ആ മുറിയില്‍ തന്നെ 1996 സെപ്റ്റംബര്‍ 23 ന് സില്‍ക്ക് സ്മിത തന്റെ ജീവിതം അവസാനിപ്പിച്ചു.

സില്‍ക്ക് സ്മിത കടിച്ച ആപ്പിളിന് വേണ്ടി തടിച്ചുകൂടിയവരാരും മരിച്ച് ശവമായി കിടന്ന സില്‍ക്കിനെ കാണാനെത്തിയില്ല. കണ്ണീര്‍പൂക്കളും പുഷ്പചക്രങ്ങളും ആ ദേഹത്തെ പൊതിഞ്ഞില്ല. ഉയര്‍ച്ചയ്ക്കായി സ്മിതയെ ഇപയോഗിച്ചവരാരും അവസാനമായി ആ മതൃദേഹത്തെ ഒരു നോക്ക് കാണാനായി സമയം മാറ്റി വെച്ചില്ല. തെന്നിന്ത്യന്‍ സിനിമാ നഗരമായ കോടാമ്പക്കത്തിന് ഏതൊരു രാത്രി പോലെയും ആ ദിവസവും കടന്നുപോയി.

സിനിമാലോകത്തിന്റെ അകക്കളങ്ങളില്‍ സില്‍ക്ക് സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്പൃശ്യരുടെ ശേഷിപ്പ് കൂടിയാണ്.

വ്യത്യസ്തമായ അനേകം സമവാക്യങ്ങളുടേത് കൂടിയാണ് സിനിമ. ഒരു സുപ്രഭാതത്തിലെ താരോദയത്തിലൂടെ സമ്പത്തും പ്രശസ്തിയും കീഴടക്കുന്ന പുതിയ ആകാശങ്ങളിലേക്കുള്ള സഞ്ചാരങ്ങളുടെ കഥകളോടൊപ്പം സിനിമയുടെ അകപ്പൊരുളുകളോട് ചേര്‍ന്നുനില്‍ക്കാനാവാതെ ദുരൂഹമായി പിന്‍വാങ്ങിയവരുടെ കണ്ണീര്‍ പുരണ്ട ചരിത്രം കൂടിയാണത്.

ആന്ധ്രയിലെ എല്ലൂര്‍ എന്ന കുഗ്രാമത്തില്‍ നിന്ന് വളര്‍ച്ചയുടെ ഉന്നതികളിലേക്ക് കുതിച്ച് ഒടുവില്‍ എരിഞ്ഞുതീര്‍ന്ന സില്‍ക്ക് സ്മിതയുടെ ജീവിതം ഇന്നും നിഗൂഢമായ ഒരു അധ്യായമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Silk Smitha Cinema