Administrator
Administrator
‘മരുഭൂമിയിലെ കുറുക്കന്‍’
Administrator
Tuesday 25th October 2011 1:05pm

റഫീഖ് മൊയ്തീന്‍

1900നുശേഷം ഏറ്റവും കുടുതല്‍ കാലം ഒരു രാജ്യം ഭരിക്കുന്ന രാജാവല്ലാത്ത നാലാമത്തെ നേതാവ് എന്ന വിശേഷണമുണ്ടായിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫി മണ്ണോട് ചേര്‍ന്നിരിക്കുന്നു. ഫെബ്രുവരി 15-ന് ബെന്‍ഗാസിയിലെ പോലീസ് സ്‌റ്റേഷന് മുന്നില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭമാണ് ഒമ്പത് മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഗദ്ദാഫിക്കും ഏകാധിപത്യ ഭരണത്തിനും അന്ത്യം കുറിച്ചത്.

ലോകത്തെ ഏറ്റവും സമ്പന്ന സാഹചര്യമുള്ള നാടായിട്ടും ജനങ്ങള്‍ ദാരിദ്യത്തില്‍ കഴിയേണ്ടിവന്ന ലിബിയയില്‍ ജനങ്ങള്‍ ഗദ്ദാഫിക്കെതിരെ തിരിഞ്ഞത് അനിവാര്യമായിരുന്നു. എന്നാല്‍, ഗദ്ദാഫിയെ കൊലപ്പെടുത്തിയ ജനകീയ പോരാട്ടത്തിനു പിന്നിലെ ശക്തി പാശ്ചാത്യ രാജ്യങ്ങള്‍ തന്നെയായിരുന്നു. ‘മരുഭൂമിയിലെ കുറുക്കന്‍’ എന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ ഗദ്ദാഫിക്ക് നല്‍കിയ വിശേഷണം.

1942 ജൂണ്‍ ഏഴിനാണ് ഗദ്ദാഫിയുടെ ജനനം. സിര്‍തിലെ നാടോടികളായിരുന്നു ഗദ്ദാഫിയുടെ മാതാപിതാക്കള്‍. സിര്‍ത്തിന് സമീപം ബെദൂയിന്‍ ഗോത്ര വര്‍ഗത്തിലായിരുന്നു ബാല്യം. മുസ്ലിം എലിമെന്ററി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍പഠനത്തില്‍ ചരിത്രമായിരുന്നു പ്രധാന വിഷയം. 1961ല്‍ ബെന്‍ഗാസിയിലെ ലിബിയന്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. 1966ല്‍ സൈനിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിനായി യൂറോപ്പിലേക്ക് പറന്നു. ഇംഗ്ലണ്ടില്‍ നിന്നും സൈനിക പരിശീലനം നേടി. കേണല്‍ ഗദ്ദാഫി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അധികാരത്തിലെത്തുമ്പോള്‍ ലഫ്റ്റനന്റ് പദവി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ കാലയളവില്‍ ഫലസ്തീന്‍ വിഷയമടക്കം അറബ് ലോകത്തെ പ്രധാന സംഭവങ്ങള്‍ ഗദ്ദാഫിയെ സ്വാധീനിച്ചു. 1956ല്‍ സൂയസ് പ്രതിസന്ധിക്കാലത്ത് ഇസ്രായേല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തു. 1967ല്‍ അറബ് സൈന്യത്തിന് ഇസ്രായേലില്‍ നിന്നേറ്റ തിരിച്ചടികളില്‍ മനംനൊന്ത ഗദ്ദാഫിയും സഹപ്രവര്‍ത്തകരും ലിബിയന്‍ രാജഭരണത്തെ പുറത്താക്കാന്‍ തീരുമാനിച്ചു. 1969 സെപ്റ്റംബര്‍ ഒന്നിന് ഖദ്ദാഫിയുടെ നേതൃത്വത്തില്‍ ഒരുസംഘം ജൂനിയര്‍ ഓഫിസര്‍മാര്‍ രക്തരഹിത വിപ്ലവത്തിലൂടെ ഇദ്‌രീസ് രാജാവിനെ പുറത്താക്കി. രാജഭരണം അവസാനിപ്പിച്ച ഗദ്ദാഫിയും കൂട്ടരും ലിബിയന്‍ അറബ് റിപബ്ലികിന് ആരംഭമിട്ടു.

27-ാം വയസ്സില്‍ പട്ടാള അട്ടിമറിയിലൂടെ ലിബിയയുടെ ഭരണം കൈപ്പിടിയിലൊതുക്കിയ ഗദ്ദാഫി, 1951ലെ ലിബിയന്‍ ഭരണഘടന മാറ്റി സ്വന്തം രാഷ്ട്രീയ തത്ത്വശാസ്ത്രം പ്രയോഗിക്കുകയാണ് ആദ്യം ചെയ്തത്. രാജ്യത്തിന്റെ ഔദ്യോഗിക കലണ്ടറായി ഇസ്ലാമിക് കലണ്ടര്‍ പ്രഖ്യാപിച്ചു. പിന്നെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക ക്യാമ്പുകള്‍ പൂട്ടിച്ചു. കൂടുതല്‍ വരുമാനം പങ്കുവെക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ലിബിയയിലെ എണ്ണപ്പാടങ്ങളില്‍നിന്ന് വിദേശ കമ്പനികളെ പുറത്താക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കി. അതോടെ, വിദേശ എണ്ണക്കമ്പനികള്‍ ലിബിയയുടെ വിഹിതം 50 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി ഉയര്‍ത്തി. 1970കളില്‍ എണ്ണ വില ഉയരാന്‍ തുടങ്ങിയതോടെ ഗദ്ദാഫിയുടെ സമ്പത്തും കുതിച്ചുയരാന്‍ തുടങ്ങി.

ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനും രഹസ്യതാവളങ്ങള്‍ നിര്‍മ്മിക്കാനുമാണ് സമ്പത്തില്‍ ഭൂരിഭാഗവും ചെലവഴിച്ചത്. ആഡംബര വീടുകളും ഹോളിവുഡ് നിക്ഷേപവും അമേരിക്കന്‍ പോപ് താരങ്ങള്‍ക്കൊപ്പമുള്ള സ്വകാര്യ പാര്‍ട്ടികളുമായി ഖദ്ദാഫിയുടെ ബന്ധുക്കള്‍ ജീവിതം ആഘോഷമാക്കി. അപ്പോള്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വിചിത്രസ്വഭാവമുള്ള ഭരണാധികാരിയായിരുന്നു ഗദ്ദാഫി. ആഡംബര ജീവിതത്തിന് സമ്പത്ത് ഭൂരിഭാഗം ചെലവഴിച്ചെങ്കിലും രാജ്യമെമ്പാടും വിശാലമായ റോഡുകള്‍ നിര്‍മിക്കുകയും അടിസ്ഥാന സൗകര്യമൊരുക്കുകയും ചെയ്തു. വനിതകളുടെ സുരക്ഷാസേനയായിരുന്നു ഗദ്ദാഫിയുടെ ഏറ്റവും ശ്രദ്ധേയമായ വലയം. രണ്ടു ഭാര്യമാരിലായി എട്ടു മക്കളുണ്ടായിരുന്നു ഗദ്ദാഫിക്ക്. രാജ്യത്തെ സമ്പത്തിന്റെ നല്ലൊരു ഭാഗം ഗദ്ദാഫിയും കുടുംബവും സ്വന്തക്കാരും കൈയ്യടക്കി. വന്‍കിട വ്യവസായങ്ങള്‍ സര്‍ക്കാരിന്റെ കീഴിലാക്കി ചെറുകിട വ്യവസായികളെ തുടരാന്‍ അനുവദിച്ചു.

1970ല്‍ ലിബിയയിലെ ഇറ്റാലിയന്‍ കുടിയേറ്റക്കാരെ പുറത്താക്കിയ ഗദ്ദാഫി 1971 മുതല്‍ 77 വരെ അറബ് സോഷ്യലിസ്റ്റ് യൂണിയന് ലിബിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. വിമത നീക്കങ്ങള്‍ ഇല്ലാതാക്കുന്നതിന് രാജ്യമെമ്പാടും വിപ്ലവ ഗ്രൂപ്പുകള്‍ക്ക് ഗദ്ദാഫി രൂപം നല്‍കി. രാജ്യത്തെ 20 ശതമാനത്തോളം ജനങ്ങള്‍ ഖദ്ദാഫിയുടെ രഹസ്യദാതാക്കളായി പ്രവര്‍ത്തിച്ചിരുന്നു! രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചവരെയെല്ലാം വധിച്ചു. രാഷ്ട്രീയ എതിരാളികളെ പരസ്യമായി വധിക്കുകയോ അംഗഛേദം നടത്തുകയോ ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ടു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 1970കളില്‍ ഇസ്ലാമിക യാഥാസ്ഥിതിക ഗ്രൂപ്പായ ഹിസ്ബുത്തഹ്‌രീര്‍ അംഗങ്ങളെ വധശിക്ഷക്ക് വിധേയരാക്കി.

ഈജിപ്തുമായി ആദ്യം നല്ല ബന്ധത്തിലായിരുന്ന ഗദ്ദാഫി ഇസ്രായേലിനോടുള്ള ഈജിപ്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അവരുമായി അകന്നു. ഈജിപ്തും ലിബിയയും ചേര്‍ന്ന് ഒറ്റ രാജ്യമാക്കാന്‍ വരെ ഗദ്ദാഫി ആഗ്രഹിച്ചിരുന്നു. 1972ല്‍ ഗദ്ദാഫി മാരക നശീകരണായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങി. അണുബോംബ് സ്വന്തമാക്കാന്‍ ചൈനയെയും 1977ല്‍ പാകിസ്ഥാനെയും പിന്നീട് ഇന്ത്യയെയും സമീപിച്ചെങ്കിലും ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല. 1980 ആഗസ്റ്റില്‍ ലിബിയന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തി. അമേരിക്കയിലും യൂറോപ്പിലും പശ്ചിമേഷ്യയിലും കഴിഞ്ഞ ലിബിയന്‍ വിമതരെ വരെ ഗദ്ദാഫി ചാരന്മാര്‍ വധിച്ചു. 1977ല്‍ രാജ്യത്തിന്റെ പേര് ഗ്രേറ്റ് സോഷ്യലിസ്റ്റ് പോപ്പുലര്‍ ലിബിയന്‍ അറബ് ജമാഹിരിയ എന്നാക്കി മാറ്റി.

1986ല്‍ ഖദ്ദാഫിയുടെ ചാരന്മാര്‍ ബര്‍ലിനിലെ ഒരു നിശാ ക്ലബ്ബില്‍ ബോംബ് സ്‌ഫോടനം നടത്തി. ഇതില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ മരിച്ചതോടെയാണ് അമേരിക്ക ലിബിയക്കെതിരെ തിരിഞ്ഞത്. ട്രിപ്പോളിയില്‍ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തില്‍ ഗദ്ദാഫിയുടെ വളര്‍ത്തുമകളടക്കം നിരവധി പേര്‍ മരിച്ചു. തന്റെ കൊട്ടാരത്തില്‍ മകള്‍ മരിച്ച മുറി അന്നത്തെ അതേ അവസ്ഥയില്‍ കൊട്ടാരം വിടുന്നത് വരെ ഗദ്ദാഫി സൂക്ഷിച്ചിരുന്നു. 1988ല്‍ പാന്‍ അമേരിക്കന്‍ വിമാനം ബോംബുവെച്ച് തകര്‍ത്തതാണ് ഗദ്ദാഫിയെ കൂടുതല്‍ കുപ്രസിദ്ധനാക്കിയത്. ഈ ആക്രമണത്തിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ ലിബിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും എണ്ണ സമ്പത്ത് കൈമുതലാക്കി ഗദ്ദാഫി പിടിച്ചുനിന്നു.

അറബ് രാജ്യങ്ങളുടെ വിശാലമായ കൂട്ടായ്മ എന്ന സ്വപ്‌നവുമായായിരുന്നു ഗദ്ദാഫിയുടെ ജീവിതം. ഗദ്ദാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അറബ് രാജ്യങ്ങള്‍ അദ്ദേഹത്തെ കൈവിട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകളെയെല്ലാം ഗദ്ദാഫി സഹായിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. 1998ല്‍ വിശാല അറബ് ദേശീയത എന്ന ആശയം ഉപേക്ഷിച്ച് ആഫ്രിക്കയുടെ ഏകീകരണം പുതിയ ലക്ഷ്യമായി പ്രഖ്യാപിച്ചു. അതും വിജയിച്ചില്ല.

ലിബിയയില്‍ രാസായുധങ്ങളുണ്ടെന്ന് 2004ല്‍ രാസായുധ കണ്‍വെന്‍ഷന്‍ പരിശോധകര്‍ സ്ഥിരീകരിച്ചു. ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കിയപ്പോള്‍, തങ്ങള്‍ക്ക് കൂട്ട നശീകരണായുധങ്ങളുള്ള കാര്യം സമ്മതിക്കുകയും ഇവ നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിരീക്ഷകരെ അനുവദിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഗദ്ദാഫി ശ്രമങ്ങള്‍ നടത്തി.

സത്യത്തില്‍, ഗദ്ദാഫിയെ തങ്ങളുടെ വരുതിക്കു വരേണ്ടത് പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യമായിരുന്നു. കാരണം, ഇറാഖിനു പിന്നാലെ മറ്റൊരു എണ്ണ സാമ്രാജ്യം കൂടി തങ്ങളുടെ കൈയ്യിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ടോണി ബ്ലെയറും കോണ്ടലീസ റൈസുമെല്ലാം ഗദ്ദാഫിയുടെ അതിഥികളായി. ഈസമയത്താണ് 1988ല്‍ പാന്‍ അമേരിക്കന്‍ വിമാനം ബോംബുവെച്ച് തകര്‍ത്തെന്ന് ആരോപിക്കപ്പെട്ട ലിബിയന്‍ ഇന്റലിജന്‍സ് ഏജന്റ് അബ്ദുള്‍ ബാസെറ്റ് അല്‍ മെഗ്രാഹി ജയില്‍ മോചിതനായത്. ഇയാള്‍ക്ക് സ്വീകരണം നല്‍കരുതെന്ന് അമേരിക്കയടക്കം ആവശ്യപ്പെട്ടിട്ടും ഗദ്ദാഫി അയാള്‍ക്ക് വലിയ സ്വീകരണം നല്‍കി. ഇതോടെ ഗദ്ദാഫി വീണ്ടും പശ്ചാത്യ രാജ്യങ്ങള്‍ക്ക് ശത്രുവായി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അല്‍ഖ്വയ്ദ പോലൊരു ക്രിമിനല്‍ സംഘമാണ് യു.എന്‍ എന്നായിരുന്നു ഗദ്ദാഫി യു.എന്നില്‍ പ്രസംഗിച്ചത്.

ടുണീഷ്യയിലും ഈജിപിലും ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ അലയടിച്ചുയര്‍ന്നപ്പോള്‍ സ്വാഭാവികമായും അത് ലിബിയയിലേക്കും പടര്‍ന്നു. ഗദ്ദാഫിയുടെ പട്ടാളക്കാര്‍ പ്രകടനക്കാര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്ത് അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത് പ്രക്ഷോഭം രൂക്ഷമാക്കി. ജൂണില്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഗദ്ദാഫിക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ തക്കംനോക്കി നില്‍ക്കുകയായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള നാറ്റോ സേന ലിബിയയില്‍ കടന്നു.

ഗദ്ദാഫിയും കുടുംബവും ഒളിച്ചോടിയ ശേഷം വിവിധ കൊട്ടാരങ്ങളില്‍ നിന്നു പുറത്തുവന്ന ദൃശ്യങ്ങള്‍ ഗദ്ദാഫിയുടെയും കുടുംബത്തിന്റെയും ആഡംബര ജീവിതത്തിന്റെ വ്യക്തമായ ചിത്രം കാണിച്ചു തരുന്നതായിരുന്നു. തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണം നാറ്റോ സേന പിടിച്ചെടുത്തപ്പോള്‍ ജന്മനഗരമായ സിര്‍ത്തില്‍ അഭയം തേടിയ ഗദ്ദാഫി; പോരാട്ടം ശക്തമായപ്പോള്‍ മരുഭൂമിയിലെ ഭൂഗര്‍ഭ ഒളിത്താവളങ്ങളിലേക്ക് മാറുകയായിരുന്നു. ഒളിവില്‍ നിന്ന് താന്‍ പോരാടുമെന്നും ഒരിക്കലും തന്നെ പിടിക്കാന്‍ ആവില്ലെന്നുമായിരുന്നു ഗദ്ദാഫിയുടെ പ്രഖ്യാപനം.

അറബ് വസന്തമെന്ന് പശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ യെമനിലും അള്‍ജീരിയയിലുമെല്ലാം തുടരുകയാണ്. 1990കള്‍ വരെ തങ്ങളുടെ സഹോദരനായ നേതാവും പോരാളിയെയുമൊക്കെ ജനങ്ങള്‍ ഗദ്ദാഫിയില്‍ കണ്ടിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോട് കൂടി മുതലാളിത്ത രാജ്യങ്ങളുമായി അടുത്തതും അവര്‍ക്കായി ലിബിയയുടെ സാമ്പത്തിക രംഗത്ത് പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നതും ലിബിയയിലെ ഒരു ചെറു വിഭാഗം ജനതയെ എങ്കിലും ഗദ്ദാഫിക്കെതിരായി മാറ്റുന്നതില്‍ കാരണമായി. ആരുടെ മുന്നില്‍ നല്ല പിള്ള ചമയുവാനാണോ ഗദ്ദാഫി പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്, അവര്‍ തന്നെ ഗദ്ദാഫി വിമതരെ സഹായിക്കുകയായിരുന്നു. ഗദ്ദാഫിയുടെ ജീവിതവും മരണവും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു നല്‍കുന്ന പാഠവും മറ്റൊന്നുമല്ല.

Advertisement