എഡിറ്റര്‍
എഡിറ്റര്‍
പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ കത്ത്
എഡിറ്റര്‍
Monday 18th March 2013 8:04am

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തു നല്‍കി. സി. ദിവാകരനാണ് കത്തു നല്‍കിയത്.

Ads By Google

അതിനിടെ, കഴിഞ്ഞ ദിവസം പി.സി. ജോര്‍ജിനെ നിയമസഭയ്ക്കകത്ത് ചെരുപ്പ് ഉയര്‍ത്തി കാണിച്ച വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയുടെ നടപടിക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു ജോസഫ് വാഴയ്ക്കനും പരാതി നല്‍കി.

രണ്ടു പരാതികളും ചോദ്യോത്തര വേളയ്ക്ക് ശേഷം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കുകയായിരുന്നു. അതേസമയം പി.സി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ സഭയ്ക്ക് അകത്തും പുകത്തും പ്രതിഷേധം പുകയുകയാണ്.

തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചീത്തവാക്കുകള്‍ കേള്‍ക്കുന്നതെന്നുപറഞ്ഞ് കെ.ആര്‍. ഗൗരിയമ്മ ഇന്നലെ വിതുമ്പിയിരുന്നു.  പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗൗരിയമ്മയുടെ കണ്ണ് നിറഞ്ഞത്.

ജോര്‍ജിനെപ്പോലെയുള്ളവര്‍ക്ക് മറുപടിപറയാനുള്ള ഭാഷ താന്‍ പഠിച്ചിട്ടില്ലെന്നും അത് തന്റെ സംസ്‌കാരമല്ലെന്നും ഗൗരിയമ്മ പറഞ്ഞു. ആരും അറയ്ക്കുന്ന മോശം വാക്കുകള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിയടക്കമുള്ളവര്‍ അത് തടയുകയല്ല, മറിച്ച് തോളത്തുതട്ടി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഗൗരിയമ്മ പറഞ്ഞു.

ജോര്‍ജിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും. ഇതിനുള്ള തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പി.സി. ജോര്‍ജിന്റെ അടുത്ത ബന്ധുതന്നെ ജോര്‍ജിനെതിരായ രേഖകള്‍ നല്കിയതായും ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഗൗരിയമ്മ പറഞ്ഞു.

Advertisement