തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ ഐ.സി.ടി. അക്കാദമി ഡയറക്ടറായി നിയമിച്ചതും ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയതും ക്രമവിരുദ്ധമാണെന്നു നിയമസഭാസമിതി. സംഭവത്തില്‍ അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്നാണ് സമിതിയുടെ കരട് റിപ്പോര്‍ട്ട്. എന്നാല്‍ സമിതിയിലെ ഇടതുമുന്നണി അംഗങ്ങള്‍ ഈ കണ്ടെത്തലുകളോട് വിയോജിച്ചു. വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാസമിതിയുടേതാണ് കണ്ടെത്തല്‍. അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിക്കും ഇക്കാര്യം അറിയാമായിരുന്നെന്നും സമിതി വിലയിരുത്തി.
എം.എ ബേബിയുടെ മൊഴി വ്യക്തിപരമായിരുന്നുവെന്നും അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ അംഗമായ പി.കെ ഗുരുദാസന്‍ സമിതിയെ അറിയിച്ചു. നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്ക് സമിതി തീരുമാനങ്ങള്‍ അംഗീകരിക്കപ്പെട്ടു.
അഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളെക്കുറിച്ചുള്ള അന്തിമറിപ്പോര്‍ട്ട് തയാറാക്കാന്‍ സമിതി ചൊവ്വാഴ്ച യോഗം ചേരും. ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിതനാകാനുള്ള യോഗ്യത അരുണ്‍കുമാറിനില്ലെന്നാണു സമിതിയുടെ വിലയിരുത്തല്‍. സര്‍ക്കാരാണ് ഇവിടെ നിയമനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ആ അധികാരം ഐ.എച്ച്.ആര്‍.ഡി കവര്‍ന്നെടുക്കുകയായിരുന്നു. അതിനു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി എം.എ. ബേബിയും കൂട്ടുനിന്നു. ഐ.എച്ച്.ആര്‍.ഡി. നടത്തിയ നിയമനത്തിനു വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ ബേബി അംഗീകാരം നല്‍കി. ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് തനിക്ക് അറിയില്ലായിരുന്നുവെന്ന അച്യുതാനന്ദന്റെ മൊഴി വിശ്വസനീയമല്ലെന്നും സമിതി വിലയിരുത്തി. ഐ.സി.ടി. അക്കാദമി ഡയറക്ടറായി നിയമിതനായ അരുണ്‍കുമാറാണ് അക്കാദമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എം.ടി.യു. ഒപ്പിട്ടത്. അതിനു കീഴിലാണു മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനും ഒപ്പിട്ടത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനിരുന്ന ഐ.സി.ടി. അക്കാദമി ഐ.എച്ച്.ആര്‍.ഡിയുടെ അധീനതയിലാക്കിയത് അരുണ്‍കുമാറിനെ നിയമിക്കാനായിരുന്നുവെന്നാണു സമിതിയുടെ കണ്ടെത്തല്‍. പ്രതിപക്ഷ അംഗങ്ങള്‍ ഇതിനോടു വിയോജിച്ചു.
സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്ത് അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതും ക്രമവിരുദ്ധമായാണ്. ഈ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. അരുണ്‍കുമാറായതുകൊണ്ടു മാത്രമാണ് ഇത്തരത്തില്‍ നിയമനം നടന്നത്.
നിയമനത്തിനു നിയമസാധുതയില്ലെന്നും സാങ്കേതികം മാത്രമായിരുന്നുവെന്നുമുള്ള ബേബിയുടെ മൊഴിയും ഭരണപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനോട് പ്രതിപക്ഷാംഗങ്ങള്‍ യോജിച്ചില്ല. ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതു സാങ്കേതികം മാത്രമാണെന്ന ബേബിയുടെ മൊഴി നിലനില്‍ക്കുന്നതല്ലെന്നു പി.കെ. ഗുരുദാസന്‍ ചൂണ്ടിക്കാട്ടി.
സമിതിയുടെ ഈ കണ്ടെത്തലുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നു പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇവിടെ കിട്ടിയിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്നു തെളിയിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ വിയോജിപ്പ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താമെന്ന് സമിതി അധ്യക്ഷന്‍ ഉറപ്പും നല്‍കി.
മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലെ ഫണ്ടുകള്‍ സ്‌പെസ് എന്ന സ്വകാര്യ ഏജന്‍സിക്കു നല്‍കി ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ കഴിമ്പില്ലെന്നും സമിതി കണ്ടെത്തി. 1000 പേജ് വരുന്ന മൊഴിപ്പകര്‍പ്പും 2000ല്‍പരം പേജ് വരുന്ന അനുബന്ധരേഖകളും ആധാരമാക്കിക്കൊണ്ടായിരുന്നു ചര്‍ച്ച.