ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
തേജസ് ജീവനക്കാരുടെ ശമ്പളക്കുടിശിക നല്‍കേണ്ടത് നിയമപരമായ ബാധ്യത: ലേബര്‍ കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Thursday 14th March 2019 4:07pm

തിരുവനന്തപുരം: തേജസ് ദിനപത്രത്തിലെ പിരിച്ചുവിട്ട എല്ലാ ജീവനക്കാര്‍ക്കും വേജ് ബോര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ശമ്പള കുടിശിക നല്‍കാന്‍ മാനേജ്‌മെന്റിന് ഉത്തരവാദിത്തമുണ്ടെന്ന് ലേബര്‍ വകുപ്പധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് 13 ന് തിരുവനന്തപുരത്ത് നടന്ന ഹിയറിങ്ങിലാണ് ലേബര്‍ കമ്മീഷണറുടെ ഈ നിര്‍ദേശം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് ഹിയറിങ് നടപടികള്‍.


തേജസ് ജീവനക്കാര്‍ക്ക് 2011 മുതല്‍ അര്‍ഹതപ്പെട്ട വേതന കുടിശിക നല്‍കാതെയാണ് പിരിച്ചുവിട്ടതും സ്ഥാപനം പൂട്ടിയതും. നഷ്ടപരിഹാര പാക്കേജ് നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നുമുണ്ടായില്ല. നിയമപ്രകാരമുള്ള ഗ്രാറ്റിവിറ്റി, റീട്രെന്‍ച് ബെനഫിറ്റ് എന്നിവ മാത്രമാണ് കൊടുത്തത്.

വേതന കുടിശികയ്ക്കായി നിരന്തരം ആവശ്യം ഉയര്‍ത്തിയിരുന്നെങ്കിലും കൊടുത്തിരുന്നില്ല. ഇതുമൂലം ഏറെക്കാലം സര്‍വീസുള്ള ജീവനക്കാര്‍ക്കുള്‍പ്പെടെ ആകര്‍ഷകമായ ഒരു സംഖ്യ പോലും പിരിഞ്ഞുപോകുമ്പോള്‍ കിട്ടിയില്ല.

ജോലി നഷ്ടപ്പെട്ട ബഹുഭൂരിപക്ഷം പേര്‍ക്കും സമാനമായ ഒരു തൊഴില്‍ ലഭിച്ചിട്ടില്ല. അര്‍ഹമായ വേതന കുടിശിക നല്‍കാന്‍ മാനേജ്‌മെന്റ് അധികൃതരും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും തയ്യാറാവണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Advertisement