ഫലസ്തീന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ച് ഇടത്- മനുഷ്യാവകാശ പ്രവര്‍ത്തകര്‍
national news
ഫലസ്തീന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ച് ഇടത്- മനുഷ്യാവകാശ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th October 2023, 11:46 am

ന്യൂദല്‍ഹി: ഇസ്രഈല്‍ ആക്രമണത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ച് ഇടത്- മനുഷ്യാവകാശ പ്രവര്‍ത്തകര്‍. അഖിലേന്ത്യ കിസാന്‍സഭ നേതാവ് ഹനന്‍ മൊല്ല, സി.പി.ഐ നേതാവ് ആനി രാജ എന്നവരടങ്ങിയ സംഘം ദല്‍ഹിയിലെ ഫലസ്തീന്‍ സ്ഥാനപതിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചു.

രവി നായര്‍, അപൂര്‍വാനന്ദ്, നദീം ഖാന്‍, എന്‍.എസ് ബാലാജി എന്നിവരും സംഘത്തിലുണ്ടായിരന്നു. ഫലസ്തീന്‍ എംബസിയിലെത്തിയ സംഘം ആംബാസെഡര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഇസ്രഈല്‍- ഹമാസ് സംഘര്‍ഷത്തില്‍ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ സംഘം ദുഖം രേഖപ്പെടുത്തി.

നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണം. ഗസയില്‍ ഇസ്രഈല്‍ അധിനിവേശം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ ഉറപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

അതേസമയം, പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ കാലങ്ങളായി ഇന്ത്യ പിന്തുണയ്ക്കുന്നതായി വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഫലസ്തീന്‍ രാഷ്ട്രം നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Left-wing human rights activists visit Palestinian ambassador and show support