എഡിറ്റര്‍
എഡിറ്റര്‍
പല ന്യായാധിപര്‍ക്കും പ്രാഥമിക നീതിബോധം പോലുമില്ലെന്ന് പിണറായി
എഡിറ്റര്‍
Wednesday 17th October 2012 9:07pm

തിരുവനന്തപുരം: മുസ്ലീം ലീഗിനും ജുഡീഷ്യറിക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.ഐ.എമ്മിനെതിരെ ലീഗ് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. പ്രാഥമിക നീതിബോധം പോലുമില്ലാതെയാണ് പല ന്യായാധിപന്‍മാരും ഉത്തരവിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം 6 ആക്കി വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ച് അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്ത് പ്രതിഷേധിക്കുമെന്നും പിണറായി പ്രഖ്യാപിച്ചു. സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Ads By Google

വി.എസ് മാധ്യമങ്ങളുടെ മുന്നില്‍ അദ്ദേഹത്തിന് പറ്റിയ തെറ്റുകള്‍ ഏറ്റുപറയുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും പിണറായി പറഞ്ഞു.

പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള പാതയോരത്ത് ഡിസംബര്‍ 1ന് അടുപ്പ് കൂട്ടി ഭക്ഷണം പാചകം ചെയ്ത് പ്രതിഷേധിക്കുമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍വ്വ മേഖലയിലും പരാജയമായ യു.ഡി.എഫ് സര്‍ക്കാര്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. മെറിറ്റും സംവരണവും അട്ടിമറിച്ചതിലൂടെ സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 20,000 സീറ്റുകളാണ് മെറിറ്റും സംവരണവും അട്ടിമറിച്ചതിലൂടെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ചില ന്യായാധിപന്മാര്‍ സി.പി.ഐ.എമ്മിനെയും നേതാക്കളെയും രാഷ്ട്രീയമായി അധിക്ഷേപിക്കുന്നുവെന്നും പ്രാഥമിക നീതിബോധം പോലുമില്ലാതെയാണ് പല ന്യായാധിപന്‍മാരും ഉത്തരവിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസില്‍ കുടുക്കിയ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചിലര്‍ അധിക്ഷേപം നടത്തുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരാണ് കേസിലെങ്കില്‍ വിചാരണ തീരുന്നതിന് മുമ്പ് തന്നെ ശിക്ഷ വിധിക്കുന്ന രീതിയും വ്യാപകമാണെന്നും പിണറായി കുറ്റപ്പെടുത്തി.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് ഭൂമാഫിയയെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇനിയങ്ങോട്ട് ഒര് തുണ്ട് നെല്‍വയല്‍ പോലും നികത്താന്‍ സി.പി.ഐ.എം  അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. ഇതിനെതിരെ പാര്‍ട്ടി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സംസ്ഥാനത്ത്  അനധികൃതമായി ഭൂമി കൈവശം വെക്കുന്നവരെ കണ്ടെത്തി സര്‍ക്കാറിന് ചൂണ്ടിക്കാണിക്കുന്ന പ്രക്ഷോഭ സമരവും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്നും പിണറായി പറഞ്ഞു. ഡിസംബര്‍ 15നുള്ളില്‍ ഇത്തരത്തിലുള്ള ഭൂമികള്‍ കണ്ടെത്തുകയും ജനുവരി 1 മുതല്‍ അനധികൃത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement