Administrator
Administrator
രാംലീലയിലെ പോലീസ് നടപടി പൈശാചികമെന്ന് നേതാക്കള്‍
Administrator
Sunday 5th June 2011 8:37am

സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ബാബ രാംദേവിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ശാന്തി ഭൂഷണും സ്വാമി അഗ്നിവേശും പുലര്‍ച്ചെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. രൂക്ഷമായ ഭാഷയിലാണ് ഇരുവരും സര്‍ക്കാരിനെതിരെ പ്രതികരിച്ചത്. ബാബയുടെ അറസ്റ്റ് പ്രധാനമന്ത്രിയുടെ രാജിയിലേക്ക് വഴിവെക്കുന്ന സാഹചര്യമാണുള്ളതെന്ന് മുന്‍ നിയമ മന്ത്രി കൂടിയായ ശാന്തി ഭൂഷണ്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ബാബ രാംദേവിനെ അറസ്റ്റ് ചെയ്ത നടപടി ക്രൂരവും മൃഗീയവുമാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. സത്യാഗ്രഹപ്പന്തലില്‍ സാഥ്വി റിഥംബരയുടെ സാന്നിധ്യത്തിനെതിരെയും അഗ്നിവേശ് പ്രതികരിച്ചിരുന്നു. ശാന്തി ഭൂഷണും സ്വാമി അഗ്നിവേശും സംഭവത്തെ 1975 ലെ അടിയന്തിരാവസ്ഥയോടാണ് താരതമ്യപ്പെടുത്തിയത്. നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരണ്.

അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കാളിയായ അരവിന്ത് കേ ജ്രിവാളും വിമര്‍ശനവുമായി രംഗത്തെത്തി. സര്‍ക്കാര്‍ മദ്യപിച്ച് മതികെട്ടവരെ പോലെയാണ് സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തെത്തുന്നവര്‍ക്കെതിരെ പെരുമാറുന്നത്. യാതൊരുവിധ പ്രകോപനവും കൂടാതെയുള്ള സമരത്തിനെതിരെ ഇത്തരമൊരു നടപടി കൈക്കൊണ്ടതില്‍ പ്രധാനമന്ത്രി മറുപടി പറയണം.

ബി.ജെ.പിയും ആര്‍.എസ്.എസും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആര്‍.എസ്.എസ് വക്താവ് റാം മാധവ് സംഭവം ഞെട്ടിപ്പിക്കുന്നതും സര്‍ക്കാരിന് നാണക്കേടാണെന്നും പറഞ്ഞു. നടപടി രാഷ്ട്രീയപ്രേരിതവും ജനാധിപത്യവിരുധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. നേതാവ് പ്രകാശ് ജാവേദ്കര്‍ പോലീസ് നടപടിയെ അപലപിച്ചു. നടപടി പൈശാചികമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നടപടിയെക്കുറിച്ച് കേന്ദ്രം വിശദീകരണം നല്‍കണമെന്ന് മുതിര്‍ന്ന സി.പി.ഐ. നേതാവ് ഡി.രാജ ആവശ്യപ്പെട്ടു.

Advertisement