'ചോദ്യം ചെയ്യല്‍ അതീവ ഗൗരവതരം, ഇനിയും നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി രാജി വെക്കണം'; കെ. ടി ജലീലിനെതിരെ രമേശ് ചെന്നിത്തല
Kerala News
'ചോദ്യം ചെയ്യല്‍ അതീവ ഗൗരവതരം, ഇനിയും നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി രാജി വെക്കണം'; കെ. ടി ജലീലിനെതിരെ രമേശ് ചെന്നിത്തല
ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 9:22 am

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും ഇനിയും നാണം കെടാതെ ജലീല്‍ രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ജലീലിന്റെ രാജി എന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെതിരെ മുസ് ലിം ലീഗ് നേതാവ് കെ പിഎ മജീദും രംഗത്തെത്തിയിരുന്നു.

തെറ്റുചെയ്തിട്ടുണ്ടോ ഇല്ലെയോ എന്നത് ജനങ്ങളോട് പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. എന്തിനാണ് അദ്ദേഹം ഒളിച്ച് മാറി നടക്കുന്നതെന്നും കെ.പി.എ മജീദ് ചോദിച്ചു.

ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം ഗൂഢാലോചന നടത്തുന്നുവെന്ന് കരുതുന്നില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു. സി.പി.ഐ.എം പറയുന്നത് ഞങ്ങള്‍ ആവശ്യപ്പെടുന്നത് കേന്ദ്ര അന്വേഷണമാണ് എന്നാണല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫീസിലെത്തിയത്. സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്.

കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.

മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Leader in opposition Ramesh Chennithala against Minister K T Jaleel