ബി.ജെ.പിയുടെ ക്രിസ്ത്യന്‍ പരീക്ഷണം പാളുന്നു; പൂഞ്ഞാറില്‍ എന്‍.ഡി.എയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് സി.പി.ഐ.എം; രണ്ടാം സ്ഥാനത്ത് യു.ഡി.എഫ്
Kerala News
ബി.ജെ.പിയുടെ ക്രിസ്ത്യന്‍ പരീക്ഷണം പാളുന്നു; പൂഞ്ഞാറില്‍ എന്‍.ഡി.എയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് സി.പി.ഐ.എം; രണ്ടാം സ്ഥാനത്ത് യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st May 2023, 1:08 pm

കോട്ടയം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോട്ടയം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ജനപക്ഷത്ത് നിന്ന് പിടിച്ചെടുത്ത് എല്‍.ഡി.എഫ്. പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ.എമ്മിലെ ബിന്ദു അശോകന്‍ വിജയിച്ചത്. 12 വോട്ടിനായിരുന്നു ജയം.

പി.സി. ജോര്‍ജിന്റെ ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റില്‍ ഫലം വന്നതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബിന്ദു അശോകന്‍ 264 വോട്ട് നേടിയപ്പോള്‍ യു.ഡി.ഫ് സ്ഥാനാര്‍ഥി മഞ്ജു ജയ്‌മോന്‍ 252 വോട്ടും എന്‍.ഡി.എ പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാര്‍ഥി ശാന്തിജോസിന് 239 വോട്ടേ ലഭിച്ചുള്ളു.

15 വര്‍ഷമായി ജനപക്ഷം വിജയിച്ചിരുന്ന വാര്‍ഡിലാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. ഇതോടെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പി.സി.ജോര്‍ജിന്റെ പാര്‍ട്ടിക്ക് പ്രതിനിധിയില്ലാതായി. പഞ്ചായത്തംഗമായിരുന്ന ഷെല്‍മി റെന്നി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

നിലവില്‍ 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന്റെ അംഗ സഖ്യ ഏഴും കേരള കോണ്‍ഗ്രസിന് ഒന്നും കോണ്‍ഗ്രസിന് അഞ്ചും മെമ്പര്‍മാരായി.

പൂഞ്ഞാറിന് പുറമേ കോഴിക്കോട് പുതിപ്പാടി, എറണാകുളം നെല്ലിക്കുഴി, തുളുശ്ശേരി, കെല്ലം അഞ്ചല്‍, തയമ്മേല്‍, പാലക്കാട് മുതലമട, പത്തനംതിട്ട മയിലപ്പ്ര, കണ്ണൂര്‍ കക്കോണി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു. നാല് സീറ്റുകളില്‍ എല്‍.ഡി.എഫും, മൂന്ന് സീറ്റുകളില്‍ യു.ഡി.എഫും, ഒരു സീറ്റില്‍ ബി.ജെ.പിയുമാണ് ജയിച്ചത്.

തയമ്മേല്‍ വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.

content highlight: ldf won poonjar ward from janapaksham