തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന് മുന്നേറ്റം
kERALA NEWS
തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന് മുന്നേറ്റം
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 12:39 pm

കോഴിക്കോട്:സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. 20ല്‍ 13 സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ആറിടത്ത് യു.ഡി.എഫ് വിജയിച്ചു. ഒരു സീറ്റ് ബി.ജെ.പിക്കും ലഭിച്ചു.

പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവ് വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ രാമകൃഷ്ണന്‍ 213 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കൊല്ലം ജില്ലയില്‍ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശശീന്ദ്രന്‍ പിള്ള വിജയിച്ചു.

എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ സി.പി.ഐ വിജയിച്ചു. 28 വോട്ടാണ് ഭൂരിപക്ഷം. ലിറ്റി ബാബു കോണ്‍ഗ്രസ് വിനെയാണ് പരാജയപ്പെടുത്തിയത്.


Read Also : ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി; സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്


 

അതേസമയം മഴുവന്നൂരിലെ ചീനിക്കുഴയില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എന്‍.ടി ജോര്‍ജ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്. ജോര്‍ജിന്റെ മകന്‍ ബേസില്‍ ജോര്‍ജാണ് വിജയി. സി.പി.ഐ.എമ്മിലെ എന്‍.ടി സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്.

വണ്ടൻമേട്‌ നടന്ന ആഹ്ലാദപ്രകടനം

ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയം എല്‍.ഡി.എഫിനൊപ്പം നിന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ.എമ്മിലെ ഷേര്‍ളി കൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭൂരിപക്ഷം 44 വോട്ടായിരുന്നു. വോട്ട് നില: എല്‍.ഡി.എഫ് -480 ” യു.ഡി.എഫ് -330 ബി.ജെ.പി -81.

ഭരണിക്കാവ് ടൗണില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു ഗോപാലകൃഷ്ണന്‍ വിജയിച്ചു. എല്‍.ഡി.എഫ് സിറ്റിങ് സീറ്റില്‍ സി.എസ് അനുജകുമാരിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


Read Also : മണിയമ്മയോട് പൊറുക്കുക, പക്ഷെ ആ വിഷജീവികളോട് മലയാളികള്‍ പൊറുക്കരുത്


ഉമ്മന്നൂര്‍ കമ്പംകോട് പതിനൊന്നാം വാര്‍ഡ് യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫ് പഞ്ചായത്ത് അംഗം സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അര്‍ഹത നേടിയതിനെത്തുടര്‍ന്ന് രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്.

തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ പുഷ്പന്‍ 106 വോട്ടിന് വിജയിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡില്‍ ബി.ജെ.പി ജയിച്ചു. ബിജെപി 421, എല്‍ഡിഎഫ് 387, യുഡിഎഫ് 319 എന്നിങ്ങനെയാണ് വോട്ടുനില.

താനൂര്‍ ബ്ലോക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.വി അഷ്‌റഫ് വിജയിച്ചു. യുഡിഎഫ് പ്രതിനിധിയായിരുന്ന മുസ്‌ലിംലീഗിലെ ആയപ്പള്ളി ഇബ്രാഹിം മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍.ഡി..എഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. നിലവില്‍ യു.ഡി.എഫിന്റെ കുത്തകയായിരുന്ന കൊളച്ചേരിസീറ്റ് എല്‍.ഡി.എഫ് 35 വോട്ടിനാണ് വിജയിച്ചത്. സി.പി.ഐ.എം മയ്യില്‍ ഏരിയാകമ്മറ്റി അംഗം കെ.അനില്‍ കുമാറാണ് വിജയിച്ചത്.

തലശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈല്‍ വാര്‍ഡില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കാഞ്ഞന്‍ ബാലനും കണ്ണപുരം പഞ്ചായത്ത് കയറ്റീല്‍ വാര്‍ഡില്‍ പി.വി ദാമോദരനും (സി.പി.ഐ.എം ) വിജയിച്ചു.

63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടിയത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്.