ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചതായി എല്‍.ഡി.എഫ്; വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു
kERALA NEWS
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചതായി എല്‍.ഡി.എഫ്; വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 10:18 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചതായി എല്‍.ഡി.എഫ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമം നടന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മുന്നണി പിന്തുണയ്ക്കുകയാണ്. എന്നാല്‍, സര്‍ക്കാരിനെതിരെ ബി.ജെ.പിയും യു.ഡി.എഫും നടത്തിയ പ്രചാരണങ്ങളെ മറികടക്കാനായില്ല. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കും. ഒരു തിരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

യോഗത്തില്‍ എല്‍.ജെ.ഡി, കേരളാകോണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍ എന്നിവരാണ് ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. ശബരിമലയിലെ പൊലീസ് നടപടികള്‍ വിശ്വാസികളെ വേദനിപ്പിച്ചെന്ന് യോഗത്തില്‍ എല്‍.ജെ.ഡി അഭിപ്രായപ്പെട്ടു.

വനിതാമതിലിന് ശേഷം യുവതികളെ ശബരിമലയില്‍ കയറ്റാന്‍ നടത്തിയ നടപടി വിശ്വാസികളില്‍ എതിര്‍പ്പുണ്ടാക്കി. സ്ത്രീ വോട്ടര്‍മാരെ നഷ്ടമാകാന്‍ ഈ നടപടി കാരണമായെന്നും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കേണ്ടെന്ന തീരുമാനം തിരിച്ചടിയായെന്നും എല്‍.ജെ.ഡി അഭിപ്രായപ്പെട്ടു.