വിമാനത്തില്‍ പോലും മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി; കോണ്‍ഗ്രസ് ഭീകരരെ കൊണ്ടാണ് നടക്കുന്നത്: ഇ.പി. ജയരാജന്‍
Kerala News
വിമാനത്തില്‍ പോലും മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി; കോണ്‍ഗ്രസ് ഭീകരരെ കൊണ്ടാണ് നടക്കുന്നത്: ഇ.പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 6:58 pm

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടന്ന സംഭവത്തില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജാന്‍.

പ്രതിഷേധക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നതായിരുന്നുവെന്നും മദ്യപിച്ചായിരുന്നു പ്രതിഷേധിക്കാരന്‍ വന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ഇ.പി. പറഞ്ഞു.

കോണ്‍ഗ്രസ് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എല്‍.ഡി.എഫിന്റെ വികസനത്തിനെതിരായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. നൈരാശ്യം വന്നാല്‍ കോണ്‍ഗ്രസ് ഇങ്ങനെയാകുമോ. മുഖ്യമന്ത്രിക്ക് വിമാനത്തില്‍ പോലും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി. കോണ്‍ഗ്രസ് ഭീകരരെ കൊണ്ടാണ് നടക്കുന്നത്. ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അണികള്‍ രംഗത്തുവരണമെന്നും ജയരാജന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണു വിമാനത്തില്‍ പ്രതിഷേധിച്ചത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്.
ഇവരെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

കണ്ണൂരില്‍നിന്ന് തിരിച്ച വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു പ്രതിഷേധം. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് പിണറായി വിജയന്റെ അടുത്തേക്കു നീങ്ങി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിളിച്ചുപറയുകയായിരുന്നു.