അയോധ്യാക്കേസ്; രാജീവ് ധവാനെ അഭിഭാഷക സ്ഥാനത്തുനിന്നും നീക്കി ജാമിയത്തെ ഉലമ ഇ ഹിന്ദ്
India
അയോധ്യാക്കേസ്; രാജീവ് ധവാനെ അഭിഭാഷക സ്ഥാനത്തുനിന്നും നീക്കി ജാമിയത്തെ ഉലമ ഇ ഹിന്ദ്
ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 11:04 am

ന്യൂദല്‍ഹി: അയോധ്യ കേസില്‍ മുസ്‌ലീം സംഘടനയായ ജാമിയത്തെ ഉലമ ഇ ഹിന്ദിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ അഭിഭാഷക സ്ഥാനത്തു നിന്നും നീക്കി സംഘടന.

അയോധ്യ വിധിക്കെതിരെ ജാമിയത്ത് ഉലമ ഇന്നലെ സുപ്രീം കോടതിയില്‍ ഒരു പുന:പരിശോധനാ ഹരജി നല്‍കിയിരുന്നു. ജാമിയത്ത് ഉലമ അധ്യക്ഷന്‍ മൗലാന സയ്യിദ് അസദ് റാഷിദി ആയിരുന്നു ഹരജി നല്‍കിയത്. അഭിഭാഷകനായ ഇജാസ് മക്ബൂല്‍ വഴിയാണ് ഹരജി സമര്‍പ്പിച്ചത്.

രാജീവ് ധവാന്‍ തന്നെയാണ് തന്നെ അഭിഭാഷക സ്ഥാനത്തു നിന്നും നീക്കിയതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

അയോധ്യ കേസില്‍ ജാമിയത്തെ ഉലമ ഇ ഹിന്ദിനെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകനായിരുന്ന തന്നെ മാറ്റുകയാണെന്ന് അറിയിച്ചുള്ള കത്ത് ലഭിച്ചുവെന്നാണ് അദ്ദേഹം കുറിപ്പില്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ സേവനം മതിയാവില്ല എന്നതുകൊണ്ടാണ് അഭിഭാഷക സ്ഥാനത്ത് നിന്ന് മാറ്റുന്നത് എന്നാണ് കത്തില്‍ പറയുന്നത്. ഇത് തികച്ചും വിഡ്ഡിത്തമാണ്. എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ അതിന്റെ കാരണം മതിയായതല്ല. അസത്യവുമാണ്.-രാജീവ് ധവാന്‍ എഴുതി.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചില്‍ മുസ്‌ലീം പക്ഷത്തിന് വേണ്ടി രാജീവ് ധവാനായിരുന്നു വാദിച്ചത്. 40 ദിവസത്തെ ഹിയറിംഗില്‍ രണ്ടാഴ്ചയിലേറെയായിരുന്നു ഇദ്ദേഹത്തിന്റെ വാദം നീണ്ടുനിന്നത്.

സുപ്രീം കോടതി വിധി നീതിപൂര്‍വമുള്ളതല്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് വിധിയെന്നും പള്ളി പൊളിച്ച നടപടി തെറ്റാണെന്ന് കോടതി വിധി ന്യായത്തിനിടെ പറഞ്ഞിട്ടും അവിടെ ക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയത് തെറ്റാണെന്നുമാണ് സംഘടന ഇന്നലെ നല്‍കിയ പുനപരിശോധനാ ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.

വിധിയില്‍ പിഴവുകളുണ്ടെന്നാണ് 217 പേജുള്ള ഹരജിയില്‍ ആരോപിച്ചത്. അയോധ്യ കേസില്‍ മുസ്‌ലീം ഭാഗത്തുനിന്ന് സുപ്രീം കോടതിയില്‍ എത്തിയ ആദ്യ പുനപരിശോധാന ഹരജിയാണ് ഇത്.

അയോധ്യാ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുന്നത് ബാബറി മസ്ജിദ് നശിപ്പിച്ചതിന് പ്രതിഫലം നല്‍കുന്നതിന് തുല്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രേഖാപരമായ തെളിവുകള്‍ അവഗണിച്ചെന്നും തെളിവുകളേക്കാള്‍ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാബരി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്ലിങ്ങള്‍ അനീതിയുടെ സ്മാരകം പണിയണമെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇന്നലെ പറഞ്ഞിരുന്നു. ബാബരി ഭൂമി മാത്രമേ നിങ്ങള്‍ മറ്റൊരു വിഭാഗത്തിന് നല്‍കിയിട്ടുള്ളൂവെന്നും അതിന്റെ ഓരോ കല്ലുകളും ഇപ്പോഴും മുസ്ലിങ്ങളുടേതാണെന്നും അതെടുത്ത് അനീതിയുടെ സ്മാരകം പണിയണമെന്നുമായിരുന്നു രാജീവ് ധവാന്റെ പരാമര്‍ശം.

ഭരണഘടനയുടെ 70 ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയായിരുന്നു രാജീവ് ധവാന്‍ ഇക്കാര്യം പറഞ്ഞത്.