എഡിറ്റര്‍
എഡിറ്റര്‍
ബാലനിയമ ഭേദഗതി: കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമെന്ന് നിയമവിദഗ്ദ്ധര്‍
എഡിറ്റര്‍
Thursday 7th August 2014 12:41pm

child-justice ന്യൂദല്‍ഹി: ബാലനീതി നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നിയമവിദഗ്ദ്ധര്‍. ഈ നടപടി കുട്ടികളുടെ അടിസ്ഥാനാവകാശങ്ങളുടെ ലംഘനമാണന്ന് ആരോപിച്ചാണ് നിയമവിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുന്നത്.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, യോജിക്കാനാവാത്ത മാറ്റങ്ങളാണ് നിയമത്തില്‍ വരുത്തുന്നത്. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന ഭേദഗതികള്‍ക്കാണ് കേന്ദ്രം നീങ്ങുന്നത്.  ഇത്തരം ഭേദഗതികളെ കുട്ടികളുടെ അവകാശത്തിനായുള്ള അന്താരാഷ്ട്ര സമിതി നേരത്തെ എതിര്‍ത്തിരുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് കുമാര്‍ പറഞ്ഞു.

ബാല നീതി നിയമത്തിലെ പ്രായപരിധി 18 വയസ്സില്‍ നിന്ന് 16വയസ്സാക്കി പുനര്‍നിര്‍ണയിക്കുന്ന ഭേദഗതിക്കാണ് കേന്ദ്രം അനുമതി നല്‍കിയത്.  കുട്ടികളില്‍ പകുതിയിലധികം പേരും നിയമത്തിലെ പഴുതുകള്‍ അറിഞ്ഞ് കൊണ്ടാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്ന വനിതാ ശിശുക്ഷേമന്ത്രാലയം അഭിപ്രായത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം

പുതിയ നിയമഭേദഗതി അനുസരിച്ച് മാനഭംഗം, കൊലപാതകം തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16നും 18നും ഇടയില്‍ പ്രായമുള്ളവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിക്ക് വിധേയമായി സാധാരണ കോടതിയില്‍ വിചാരണ ചെയ്യാനാവും.  എന്നാല്‍, വധശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാന്‍ പാടില്ല.

16 വയസ്സിനു മുകളിലുളളവര്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷ നല്‍കിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പതിനെട്ട് വയസിനു താഴെയുളളവരെ കുട്ടികുറ്റവാളികളായി കണ്ട് ബാലനീതി നിയമത്തിലെ ഇളവുകള്‍ നല്‍കണമെന്ന് സുപ്രീംകോടതിയും പരാമര്‍ശിച്ചിരുന്നു.

നിലവിലെ നിയമമനുസരിച്ച് ഒരു കുറ്റകൃത്യം രൂപപ്പെടുത്തുന്ന രണ്ട് പ്രധാന ഘടകങ്ങളില്‍ ഒന്നായ ‘മെന്‍സ് റിയ’ അഥവാ കുര്രകൃത്യം ചെയ്യുന്നതിനുള്ള മാനസികഘടകം ഇല്ല എന്നാണ് കീഴ്വഴക്കം. അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ കീഴ്വഴക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി അട്ടിമറിക്കുന്നതെന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

Advertisement