എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം: റവന്യൂമന്ത്രിക്ക് വി.എസിന്റെ തുറന്ന കത്ത്
എഡിറ്റര്‍
Monday 30th January 2017 2:28pm

vs

തിരുവനന്തപുരം: ലോ അക്കാദമിയുടെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി.

ലോ അക്കാദമിക്ക് എന്താവശ്യത്തിനായാണോ സര്‍ക്കാര്‍ ഭൂമി നല്‍കിയത്, ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമിയും അതിലെ ചമയങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെ കുറിച്ച് അന്വേഷണം വേണമെന്നും ഭൂമിയുടെ വിനിയോഗത്തെ കുറിച്ചും അന്വേഷണം നടത്തണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.

ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, ആ ഭൂമി അത് നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കണം.


സൊസൈറ്റി എന്ന നിലയിലല്ലാതെ, സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് പുന്നം റോഡിലുള്ള സ്ഥലത്ത് ഫ്ളാറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണവിധേയമാക്കണം.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ അവര്‍ക്ക് കീഴടങ്ങരുത് അങ്ങനെ വന്നാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്ന് വി.എസ് രാവിലെ പറഞ്ഞിരുന്നു. വി.എസിന്റെ മറുപടി.

നേരത്തെ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്നമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു വി.എസ് രംഗത്തെത്തിയത്.

ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തി വച്ചിരുന്ന കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കണമെന്നും വി.എസ് പറഞ്ഞിരുന്നു. ലോ അക്കാദമിയിലെ പ്രശ്നം വിദ്യാര്‍ത്ഥികളുടെ മാത്രമല്ലെന്നും പൊതു പ്രശ്നമാണെന്നും വി.എസ് അഭിപ്രായപ്പെട്ടു.

Advertisement