എഡിറ്റര്‍
എഡിറ്റര്‍
ഹൈക്കോടതി പിണറായിക്കൊപ്പം: ലാവ്‌ലിന്‍ കുറ്റപത്രം വിഭജിക്കും
എഡിറ്റര്‍
Tuesday 18th June 2013 4:29pm

Pinarayi

കൊച്ചി:  എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി.ടി.രവികുമാറാണ് ഹരജി പരിഗണിച്ചത്.

കുറ്റപത്രം വിഭജിക്കണമെന്നാവശ്യപ്പെട്ടുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

Ads By Google

കേസില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു. ലാവ്‌ലിന്‍ കമ്പനിയുടെ പ്രതിനിധിയെ കോടതിയി ലെത്തിക്കാന്‍ മാര്‍ഗം തേടണം.

വേഗത്തില്‍ വിചാരണ നടത്തണമെന്നത് ന്യായമായ ആവശ്യമാണെന്നും കോടതി പറഞ്ഞു. പിണറായിയുടെ ഹരജി നേരത്തെ സി.ബി.ഐ കോടതി തള്ളിയിരുന്നു.

ക്ലോസ് ടെന്‍ഡ്രല്‍ അടക്കമുള്ള പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചിരുന്നു.

ഇവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചിരുന്നു. കുറ്റപത്രം വിഭജിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പിണറായിയുടെ ആവശ്യം തിരുവനന്തപുരം വിചാരണക്കോടതി തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പിണറായി അപ്പീല്‍ നല്‍കിയത്.

എസ്.എന്‍.സി ലാവ്‌ലിന്‍ എംഡിയായിരുന്ന ക്ലോസ് ട്രെന്‍ഡല്‍ അടക്കം കേസില്‍ പിടികിട്ടാനുള്ളവര്‍ക്കായി പ്രത്യേക കുറ്റപത്രം തയ്യാറാക്കണമെന്നായിരുന്നു പിണറായിയുടെ ആവശ്യം.

കേസ് തന്റെ രാഷ്ട്രീയ ഭാവിക്ക് മേല്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിനില്‍ക്കുകയാണെന്നും പിണറായിയുടെ ഹരജി പറയുന്നു.

പ്രതിപ്പട്ടികയില്‍ ലഭ്യമായവരെ ഉള്‍പ്പെടുത്തി ആദ്യ കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഇതിന്റെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

2009 ലാണ് ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റം ആരോപിക്കപ്പെട്ടവര്‍ കോടതിയില്‍ നിന്ന് ജാമ്യം എടുത്തെങ്കിലും ലാവ്‌ലിന്‍ കമ്പനിയെ പ്രതിനിധീകരിച്ച് ആരും ഹാജരായിരുന്നില്ല.

കനേഡിയന്‍ കമ്പനിയായ ലാവ്‌ലിന്റെ പ്രതിനിധി ക്‌ളോസ് ട്രെന്‍ഡലിനെയും കമ്പനിയെയും പ്രതിയാക്കിയിട്ടുണ്ടെങ്കിലും അവര്‍ കേസിനോട് പ്രതികരിച്ചിട്ടില്ല.

ഇതു സംബന്ധിച്ച് കനേഡിയന്‍ സര്‍ക്കാരുമായി തീരുമാനത്തിലെത്താത്ത സാഹചര്യത്തിലാണ് വിചാരണ നീളുന്നത്. ഇത്തരം ഘട്ടങ്ങളില്‍ കുറ്റപത്രം വിഭജിച്ച് കേസ് നടത്താമെന്നിരിക്കേ സി.ബി.ഐ മന:പൂര്‍വം നടപടികള്‍ വൈകിപ്പിക്കുന്നുവെന്നാണ് പിണറായിയുടെ ആരോപണം.

ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് അനുകൂലമായി വിധി വരുകയാണെങ്കില്‍ പാര്‍ലമെന്റ് രംഗത്തേക്ക് പിണറായിക്ക് മടങ്ങിവരാന്‍ സാധിക്കും.

Advertisement