ഖത്തറില്‍ വിചാരിച്ചത് പോലെ കളിക്കാനായില്ല; മനസ് തുറന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം
Football
ഖത്തറില്‍ വിചാരിച്ചത് പോലെ കളിക്കാനായില്ല; മനസ് തുറന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th January 2023, 12:59 pm

ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ലോക ചാമ്പ്യന്മാരായെങ്കിലും തന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പര്‍താരം ലൗട്ടാരോ മാര്‍ട്ടിനെസ്. തന്നെ കൊണ്ട് കഴിയുന്നത് പോലെയൊക്കെ ശ്രമിച്ചിരുന്നെന്നും എന്നാല്‍ പരിക്ക് വേട്ടയാടിയതിനാല്‍ പ്രതീക്ഷക്കൊത്ത് കാര്യങ്ങള്‍ നടന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ഖത്തറിലെ അനുഭവം എന്നില്‍ ഒത്തിരി മാറ്റങ്ങള്‍ ഉണ്ടാക്കി. മത്സരത്തില്‍ ഞാന്‍ കഴിവതും ശ്രമിച്ചു. പക്ഷെ കണങ്കാലിലെ പരിക്ക് കാരണം വേണ്ട പോലെ കളിക്കാനായില്ല. എന്നാല്‍ എനിക്ക് പകരം ജൂലിയന്‍ അല്‍വാരസ് നന്നായി കളിച്ചു. അതില്‍ എനിക്ക് സന്തോഷമുണ്ട്.

കഴിഞ്ഞ കോപ്പ അമേരിക്കയിലും ഖത്തര്‍ വേള്‍ഡ് കപ്പ് യോഗ്യത മത്സരങ്ങളിലുമൊക്കെ അര്‍ജന്റീനയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് ലൗട്ടാരോ മാര്‍ട്ടിനെസ്.

പരിശീലകനായ ലയണല്‍ സ്‌കലോണി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ താരം കൂടിയാണ് ലൗട്ടാരോ. അത്രയേറെ ഗോളുകള്‍ ഈ പരിശീലകന് കീഴില്‍ അടിച്ചു കൂട്ടാന്‍ ഈ ഇന്റര്‍ മിലാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ പലപ്പോഴായി ലൗട്ടാരസില്‍ നിന്ന് വീഴ്ചകള്‍ സംഭവിച്ചതോടെ സ്‌കലോണിക്ക് മാറ്റി ചിന്തിക്കേണ്ടി വരികയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരമായ ജൂലിയന്‍ അല്‍വാരസ് അദ്ദേഹത്തിന്റെ സ്ഥാനം കൈക്കലാക്കി. നല്ല പ്രകടനം പുറത്തെടുക്കുകയും ഗോളുകള്‍ നേടുകയും ചെയ്തതോട് കൂടി അല്‍വാരസ് സ്ഥിരമാവുകയും ചെയ്തു.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്തുകൊണ്ട് അര്‍ജന്റീന ചാമ്പ്യന്മാരായതോടെ ടീമിന്റെ 36 വര്‍ഷത്തെ കിരീട വരള്‍ച്ച ഇല്ലാതാവുകയായിരുന്നു. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്തുക എന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ സ്വപ്‌നസാക്ഷാതകാരം കൂടി നിറവേറുകയായിരുന്നു ഇവിടെ.

Content Highlights: Lautaro Martinez talking about Qatar World Cup’s experience