ലത മങ്കേഷ്‌കര്‍ അന്തരിച്ചു
Obituary
ലത മങ്കേഷ്‌കര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th February 2022, 9:51 am

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായികമാരിലൊരാളായ ലത മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു.

ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു.

ജനുവരി എട്ടിനായിരുന്നു ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ബാധിച്ചത്. പിന്നാലെ മുംബൈയിലെ ഒരു സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊവിഡിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാല്‍ പതുക്കെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നു, എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇപ്പോള്‍ മരണവാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

കൊവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ജനുവരി 11ന് ലത മങ്കേഷ്‌കറെ സൗത്ത് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ന്യൂമോണിയയും സ്ഥിരീകരിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐ.സി.യു) മാറ്റുകയും ചെയ്തിരുന്നു.

ജനുവരി 28ന് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച ലത മങ്കേഷ്‌കര്‍ തന്റെ 13ാം വയസില്‍ 1942ലാണ് സംഗീതരംഗത്തേക്ക് കടന്നുവന്നത്. ഏഴ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ വിവിധ ഭാഷകളിലായി 30,000ലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്.

പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്‌ന തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്.

ഗായിക ആശ ഭോസ്‌ലെ സഹോദരിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ശരത് പവാര്‍, നിതിന്‍ ഗഡ്കരി, നടന്‍ അക്ഷയ് കുമാര്‍ തുടങ്ങി നിരവധി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് പ്രിയ ഗായികയുടെ മരണവാര്‍ത്തയില്‍ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.


Content Highlight: Lata Mangeshkar passes away at 92