12 മണിക്കൂറിനിടെ രണ്ട് ടീമുകളില്‍ കളിച്ച് മലിംഗ നേടിയത് എട്ടുവിക്കറ്റ്
Cricket
12 മണിക്കൂറിനിടെ രണ്ട് ടീമുകളില്‍ കളിച്ച് മലിംഗ നേടിയത് എട്ടുവിക്കറ്റ്
ന്യൂസ് ഡെസ്‌ക്
Thursday, 4th April 2019, 5:05 pm

കൊളംബോ: 12 മണിക്കൂര്‍, രണ്ട് ടീമുകള്‍, നേടിയത് എട്ടുവിക്കറ്റ്. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയുടെ പ്രകടനത്തെക്കുറിച്ച് ഇങ്ങനെ ചുരുക്കിപ്പറയാം.

ഐ.പി.എല്ലില്‍ ബുധനാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമായിരുന്നു ഇതില്‍ ആദ്യത്തേത്. മുംബൈ താരമായ മലിംഗ ഈ മത്സരത്തില്‍ വീഴ്ത്തിയതു മൂന്നുവിക്കറ്റ്. മത്സരം മുംബൈ വിജയിക്കുകയും ചെയ്തു.

Also Read: സംഘപരിവാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ തൃശൂര്‍ ലോ കോളജിലെ മാഗസിന് സെന്‍സര്‍ഷിപ്പ്: ആര്‍.എസ്.എസ്, ഹിന്ദുത്വ തുടങ്ങിയ വാക്കുകള്‍ വെട്ടിമാറ്റി

മലിംഗ അതുകൊണ്ടും തൃപ്തനായിരുന്നില്ല. ചെന്നൈയുമായുള്ള മത്സരം തീര്‍ന്നയുടനെ മലിംഗ നേരേ വിട്ടതു ശ്രീലങ്കയിലേക്കാണ്. അവിടെ നടന്ന ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തന്റെ ടീമിനെ പ്രതിനീധികരിച്ചു നേടിയത് അഞ്ചുവിക്കറ്റ്. രണ്ട് ടൂര്‍ണമെന്റിലുമായി എട്ടുവിക്കറ്റ് നേടാനെടുത്ത സമയം 12 മണിക്കൂര്‍ !

സംഭവം ഇങ്ങനെയാണ്. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കണമെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തേ താരങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ ഐ.പി.എല്‍ മത്സരങ്ങളുടെ തീയതികളും ആഭ്യന്തര ക്രിക്കറ്റിന്റെ തീയതികളും തമ്മില്‍ കൂട്ടിമുട്ടുമെന്ന അവസ്ഥയുണ്ടായി. ഇതോടെ ഐ.പി.എല്ലിലെ ആദ്യ ആറുമത്സരങ്ങളില്‍ മലിംഗ കളിക്കില്ലെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ഇരു ടൂര്‍ണമെന്റുകളിലും മത്സരിക്കുന്നതിനു സമയം കണ്ടെത്താന്‍ മലിംഗയ്ക്കാകുമെങ്കില്‍ ഐ.പി.എല്ലില്‍ കളിച്ചോട്ടെയെന്നായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണു മലിംഗ രണ്ട് ടൂര്‍ണമെന്റുകളിലും മത്സരിച്ചത്.

Also Read:അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി; റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്നതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

ശ്രീലങ്കയിലെ ഗോളില്‍ വെച്ചായിരുന്നു മത്സരം. മലിംഗ ഏകദിന ടൂര്‍ണമെന്റില്‍ കളിക്കാനെത്തിയതിന്റെ ചിത്രം മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.