ലേസർമാൻ ഷോയും ട്രോൺസ് ഡാൻസും; 'വൈബ്' ഒരുക്കി കേരളീയം
Keraleeyam 2023
ലേസർമാൻ ഷോയും ട്രോൺസ് ഡാൻസും; 'വൈബ്' ഒരുക്കി കേരളീയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2023, 7:38 pm

തിരുവനന്തപുരം: കേരളീയം കാണാനെത്തുന്നവർക്ക് കാഴ്ചയുടെ പുത്തൻ അനുഭവം പകർന്ന് കനകക്കുന്നിലെ ലേസർ മാൻ ഷോ. ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ഷോ യുവാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ്.

കനകക്കുന്നു കൊട്ടാരത്തിനു സമീപത്തായി അണിയിച്ചൊരുക്കിയ പ്രത്യേക സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്. ഇതിനൊപ്പം അൾട്രാ വയലറ്റ് രശ്മികൾ കൊണ്ടലങ്കരിച്ച വേദിയിൽ കലാകാരന്മാർ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന യു.വി ഷോ, എൽ.ഇ.ഡി ബൾബുകളിൽ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നർത്തകർ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോൺസ് ഡാൻസ് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കേരളീയത്തിലെ ഇല്യൂമിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേജ് ലൈറ്റ് ആൻഡ് ഡാൻസ് ഷോ നടക്കുന്നത്. കേരളീയത്തിന്റെ കൂറ്റൻ ലോഗോയുടെ പ്രകാശിതരൂപമാണ് കനകക്കുന്നിലെ മറ്റൊരു പ്രധാന ആകർഷണം.

വൈകിട്ട് 7 മുതൽ രാത്രി 11 വരെയാണ് ലേസർ ഷോയും ട്രോൺസ് ഷോയും സംഘടിപ്പിക്കുന്നത്.

Content Highlight: Laser man show and Trons dance in keraleeyam