ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍: 4 മരണം; കെ.എസ്.ആര്‍.ടി.സി ഡിപ്പോ തകര്‍ന്നു
Kerala Flood
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍: 4 മരണം; കെ.എസ്.ആര്‍.ടി.സി ഡിപ്പോ തകര്‍ന്നു
ന്യൂസ് ഡെസ്‌ക്
Saturday, 18th August 2018, 2:35 pm

കട്ടപ്പന: ഇടുക്കി ജില്ലയിലെ ചെറുതോണിക്ക് സമീപം മരിയാപുരം പഞ്ചായത്തില്‍ ഉരുള്‍പൊട്ടി നാലുപേര്‍ മരിച്ചു. ഉപ്പുതോട് – ചിറ്റടിക്കവല റൂട്ടില്‍ ഇടശ്ശേരിക്കുന്നേല്‍പ്പടി ജംഗ്ഷനില്‍ അയ്യപ്പന്‍കുന്നേല്‍ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, മകന്റെ സുഹൃത്ത് ടിന്റ് മാത്യു കാര്‍ക്കാംതൊട്ടില്‍ എന്നിവരാണ് മരിച്ചത്.

സമീപത്തുണ്ടായിരുന്ന ഒരു മല മുഴുവനായി ഇവരുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സമീപവാസികളായ ദിവാകര്‍ ചരളയില്‍, അപ്പച്ചന്‍ അരിമറ്റത്തില്‍ എന്നിവരുടെ വീടുകളും പൂര്‍ണ്ണമായി തകര്‍ന്നു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

Read:  പ്രളയക്കെടുതി: കേരളം ആവശ്യപ്പെട്ടത് 2000 കോടി; കേന്ദ്രം നല്‍കിയത് 500 കോടി

ഇടുക്കി സി.ഐ തങ്കമണി, എസ്.ഐ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വഴി മോശമായതിനാല്‍ ഫയര്‍ഫോഴ്സിന് സംഭവസ്ഥലത്ത് എത്താനായിട്ടില്ല. ജെ.സി.ബി എത്തിയെങ്കിലും തിരച്ചില്‍ നടത്താന്‍ സാധിച്ചിട്ടില്ല. മേഖലയില്‍ വാര്‍ത്താവിനിമയ മാര്‍ഗങ്ങളും വൈദ്യുതിയും ഭാഗിഗകമായി നിലച്ചിട്ടുണ്ട്.

അതേസമയം, കട്ടപ്പനയില്‍ ഉരുള്‍പൊട്ടലില്‍ വെള്ളയാംകുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ഒരു ഭാഗം തകര്‍ന്നു. ചെറിയ തോതില്‍ മണ്ണിടിച്ചില്‍ തുടങ്ങിയതിനാല്‍ സ്റ്റാന്‍ഡില്‍ നിന്നും ഭൂരിഭാഗവും ബസുകളും സമീപത്തെ തുറസായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.