ഉറുസ്; കാല്‍ നൂറ്റാണ്ടിനു ശേഷം എസ്.യു.വിയുമായി ലംബോര്‍ഗിനിയെത്തുന്നു
D'Wheel
ഉറുസ്; കാല്‍ നൂറ്റാണ്ടിനു ശേഷം എസ്.യു.വിയുമായി ലംബോര്‍ഗിനിയെത്തുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 14th December 2017, 8:40 am

നൂതന ഡിസൈനിങ്ങില്‍ കരുത്തുറ്റ പവറും പെര്‍മോഫന്‍സും ആഢംബരത്വവും കോര്‍ത്തിണക്കി നീണ്ട ഇടവേളയക്കു ശേഷം ലംബോര്‍ഗിനിയുടെ എസ്.യു.വി ഉറുസ് എത്തുന്നു. കാല്‍നൂറ്റാണ്ടിന് ശേഷമാണ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നും എസ്.യു. വി പിറവിയെടുക്കുന്നത്. എണ്‍പതുകളില്‍ പുറത്തിറക്കിയ എല്‍.എം. 002 എഫിന് ശേഷമാണ് ന്യൂജെന്‍ ഉറുസ് എത്തുന്നത്.

641 ബി.എച്ച്.പി കരുത്തും 850 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 4.0 ലിറ്റര്‍ വി.8 എന്‍ജിന്‍. സാധാരണ ലംബോര്‍ഗിനി കാറുകളില്‍ കാണുന്ന വി10, വി12 എന്‍ജിനുകള്‍ക്ക് പകരമായി പുതിയതായി തയ്യാറാക്കിയ വി.8 എന്‍ജിന്‍ തങ്ങള്‍ സ്വന്തമായി നിര്‍മിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലൂടെ ഉറുസിന്റെ നാല് ചക്രങ്ങളിലും എന്‍ജിനില്‍ നിന്ന് കരുത്തെത്തും.

വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് ഒപ്പമുള്ള ഭീമാകരമായ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍ എന്നിവ ലംബോര്‍ഗിനി ഉറുസിന് പോരുകാളയുടെ ഗൗരവം നല്‍കുന്നു. ഉറാക്കാനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ് വീതി കുറഞ്ഞ ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും. 21 ഇഞ്ച് അലോയ് വീലുകളില്‍ ഒരുങ്ങിയ ഉറൂസില്‍ 22 ഇഞ്ച്, 23 ഇഞ്ച് വീല്‍ ഓപ്ഷനുകളും ലഭ്യമാണ്. ഓഫ് റോഡിങ്ങ് പ്രേമിയേയും ഹരംകൊള്ളിക്കുന്ന 250 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉറുസിനുണ്ട്.

മണിക്കൂറില്‍ 306 കിലോമീറ്ററാണ് പരമാവധി വേഗം. അഞ്ച് ഡ്രൈവിംഗ് മോഡുകളാണ് ഉറുസിലുള്ളത്. ഇതില്‍ സ്റ്റാര്‍ഡ (നഗരം), കോര്‍സ (ട്രാക്ക്), സാബിയ (മണല്‍), ടെറ (ചെളി), നിവി (മഞ്ഞ്) എന്നിവയാണിവ. സാബിയ, ടെറ, നിവി എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ ഓഫ്-റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. നൂറു കിലോമീറ്റര്‍ വേഗമെത്താന്‍ 3.6 സെക്കന്‍ഡുകള്‍ മാത്രംമതിയെന്നാണ് കമ്പനിവാദം. എന്നാല്‍ ഇത് പരീക്ഷിച്ചു നോക്കിയിട്ടില്ല.

ഫോക്സ്വാഗണിന്റെ എം.എല്‍.ബി ഇവോ പ്ലാറ്റ്ഫോമിലാണ് ലംബോര്‍ഗിനി ഉറുസും. ഔഡി ക്യു സെവന്‍, പോര്‍ഷ കയെന്‍ എസ്.യു.വികളും ഇതേ പ്ലാറ്റ്ഫോമില്‍ തന്നെയുള്ളവയാണ്. 5,112 മില്ലീമീറ്റര്‍ നീളം, 2,016 മില്ലീമീറ്റര്‍ വീതി, 1,638 മില്ലീമീറ്റര്‍ ഉയരം 3,003 മില്ലീമീറ്റര്‍ നീളം ഇതാണ് ഉറുസിന്റെ അഴകളവുകള്‍. ആക്ടീവ് ടോര്‍ക്ക് വെക്ടറിങ്ങ്, ഫോര്‍-വീല്‍ സ്റ്റീയറിങ്ങ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ആക്ടീവ് റോള്‍ സ്റ്റബിലൈസേഷന്‍ എന്നീ സവിശേഷതകളും ഒപ്പംചേരുന്നു.