'ചാക്കോച്ചനോടെനിക്ക് സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു, പോകാൻ പറ്റില്ല എന്ന് ഞാൻ കടുപ്പിച്ചു പറഞ്ഞു'
Film News
'ചാക്കോച്ചനോടെനിക്ക് സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു, പോകാൻ പറ്റില്ല എന്ന് ഞാൻ കടുപ്പിച്ചു പറഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th October 2023, 4:27 pm

എൽസമ്മ എന്ന ആൺകുട്ടിയുടെ ക്ലൈമാക്സ് ഷൂട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ക്ലൈമാക്സ് ഷൂട്ടിന്റെ ദിവസം കുഞ്ചാക്കോ ബോബന് വിദേശത്തേക്ക് പോകണമെന്ന് പറഞ്ഞെന്ന് ലാൽ ജോസ് പറഞ്ഞു.

മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനാണ് കുഞ്ചാക്കോ ബോബന് പോകേണ്ടതെന്നും അത് താൻ നിർബന്ധിച്ചിട്ട് കമ്മിറ്റ് ചെയ്ത പടമാണെന്നും ലാൽ ജോസ് പറഞ്ഞു. അന്ന് കുഞ്ചാക്കോ ബോബന് പോകേണ്ട കാര്യമില്ലെന്ന് താൻ അന്വേഷിച്ചറിഞ്ഞതാണെന്നും അപ്പോൾ തനിക്കൊരു സംവിധായകന്റെ അധികാരം എടുക്കേണ്ടി വന്നെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിൽ ചാക്കോച്ചൻ അഭിനയിക്കാൻ വന്ന സമയത്ത് മറ്റൊരു പടത്തിലേക്ക് അവനെ വിളിച്ചിരുന്നു. ആ സമയത്ത് തുടർച്ചയായി രണ്ട് പടം ഹിറ്റായ സംവിധായകന്റെ സിനിമയിലേക്കാണ് ചാക്കോച്ചനെ വിളിച്ചിരുന്നത്. അപ്പോൾ ചാക്കോച്ചൻ ഈ പടം ഉള്ളതിനാൽ വരാൻ കഴിയില്ല എന്നൊക്കെ പറഞ്ഞിട്ട് ഒഴിവാകാൻ നോക്കി.


നമ്മുടെ ഗ്യാപ്പ് ഒക്കെ നോക്കിയിട്ട് നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്. ഒരു സിനിമ വെറുതെ കളയണ്ട, പുള്ളി നല്ലൊരു ഡയറക്ടറല്ലേ കുറെ പടങ്ങളൊക്കെ സക്‌സസാണ് എന്ന് ഞാൻ നിർബന്ധിച്ചു കമ്മിറ്റ് ചെയ്യിപ്പിച്ച പടമായിരുന്നു. അവരുടെ സിനിമ വിദേശത്താണ് ഷൂട്ട് ചെയ്യുന്നത്.

പക്ഷേ എൽസമ്മയുടെ ക്ലൈമാക്സ് എടുക്കുന്ന സമയത്ത് ആ പടത്തിന്റെ ഷൂട്ടിങ് വേണ്ടി വിദേശത്തേക്ക് പോകണം എന്ന് ചാക്കോച്ചൻ പറഞ്ഞു. അവനത് മാറ്റാൻ പറയാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു. ആ പടത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു വന്നിട്ട് മാത്രമേ ഇതിന്റെ ഷൂട്ട് നടത്താൻ കഴിയുകയുള്ളൂ. ആ സമയം എൽസമ്മയുടെ റിലീസടക്കം നമ്മൾ പ്ലാൻ ചെയ്തു വെച്ചിരിക്കുകയായിരുന്നു.

ചാക്കോച്ചൻ പോകണമെന്ന് വാശി പിടിച്ചു. ഞാൻ ആ പടത്തിന്റെ എക്സിക്യൂട്ടീവ് വഴി അന്വേഷിച്ചപ്പോൾ ചാക്കോച്ചന് ആദ്യത്തെ ദിവസങ്ങളിൽ ഒന്നും ഷൂട്ടിങ് ഇല്ല, എല്ലാവരും ഒരുമിച്ചുള്ള യാത്ര എൻജോയ് ചെയ്യാൻ വേണ്ടിയിട്ടാണ് ചാക്കോച്ചനെയും കുടുംബത്തെയും അവർ കൂടെ കൂട്ടുന്നത് എന്നറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമമായി.

ഞാൻ ഒരു സംവിധായകന്റെ അധികാരം എടുത്തു. നിങ്ങൾ എന്ത് ചെയ്താലും കുഴപ്പമില്ല ഇതിൻറെ ഷൂട്ടിങ് കഴിയാതെ പോകാൻ പറ്റില്ല, ഷൂട്ടിങ് ഒന്നോ രണ്ടോ ദിവസം കൂടിയേ ഉള്ളൂ അത് കഴിയാതെ പോകാൻ പോകില്ല എന്ന് ഇത്തിരി കടുപ്പിച്ച് പറയേണ്ടിവന്നു. അങ്ങനെ ആ ഷൂട്ടിങ് കംപ്ലീറ്റ് ചെയ്തിട്ടാണ് ചാക്കോച്ചനെ പറഞ്ഞയച്ചത്,’ ലാൽ ജോസ് പറഞ്ഞു.

Content Highlight:  Lal Jose had to force Kunchacko Boban not to leave during the shoot