Administrator
Administrator
‘എല്‍സമ്മ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ്’
Administrator
Tuesday 9th November 2010 11:31pm

മലയാളസിനിമകളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ശ്രമിച്ച ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. ലാല്‍ ജോസ് തന്റെ സിനിമകളിലൂടെ പല പുതുമുഖങ്ങളെയും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

മീരാനന്ദന്‍, അര്‍ച്ചന കവി, മുക്ത തുടങ്ങിവരില്‍ അവസാനമായി ആന്‍ അഗസ്റ്റ്യനും. ഒരു സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസ് സ്വന്തം സിനിമകള്‍ക്ക് ഒരേ ശൈലി ഉണ്ടാവരുതെന്നാഗ്രഹിച്ചിട്ടുണ്ടാവാം. മീശമാധവന്‍, ചാന്ത്‌പൊട്ട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, ഒരു മറവത്തൂര്‍ കനവ്, പട്ടാളം, അച്ഛനുറങ്ങാത്തവീട്, നീലത്താമര, തുടങ്ങിയ ലാല്‍ ജോസ് ചിത്രങ്ങളില്‍ ഈ വ്യത്യാസം കാണാം.

അവസാനമായി പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടി സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ലാല്‍ ജോസ് എന്ന തിരക്കുള്ള സംവിധായകനോടൊപ്പം അല്‍പനേരം..

എല്‍സമ്മ എന്ന ആണ്‍കുട്ടിയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണുണ്ടായിട്ടുള്ളത്. പക്ഷേ ചിത്രം വന്‍ വിജയമായി അല്ലേ

അതെ, എന്റെ കൈയ്യൊപ്പ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയാതെ പോയെന്ന് പലരും പരാതി പറഞ്ഞു. എന്നാല്‍ സിനിമാപ്രേമികളില്‍ ഭൂരിഭാഗം പേരും പറഞ്ഞത് ഇത് നല്ല ചിത്രമാണെന്നാണ്. ഇക്കൂട്ടരുടെ അഭിപ്രായം ചിത്രത്തിന്റെ വിജയത്തില്‍ സ്വാധീനിച്ചിട്ടുണ്ടാവാമെന്നാണ് ഞാന്‍ വിചാരിക്കുന്നത് . ചിത്രത്തിലെ കഥാപാത്രങ്ങള്‍ അവര്‍ക്കിടയിലുള്ള പലരുടേയും പ്രതിനിധികളായി തോന്നിയിരിക്കാം. അതാവും ചിത്രത്തിന്റെ വിജയത്തിന് കാരണമായത്.

ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ മറ്റുചില സിനിമകളിലെ കഥാപാത്രങ്ങളുമായി പലരും താരതമ്യം ചെയ്യുന്നുണ്ട്.

എല്‍സമ്മയുടെ ചില സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ മറ്റു പല സിനിമകളിലും കണ്ടിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. ഉദാഹരണമായി കന്മദം, ഈ പുഴയും കടന്ന്, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍. പക്ഷേ ആ കഥാപാത്രങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒന്ന് എല്‍സമ്മയിലുണ്ട്. ജീവിതത്തോടുള്ള കാഴ്ചപ്പാടും അവളുടെ പൊസിറ്റീവ് സമീപനവും. ജീവിതത്തെ നേരിടേണ്ടത് കണ്ണീരുകൊണ്ടല്ല, മറിച്ച് പുഞ്ചിരി കൊണ്ടാണ്. ഇതംഗീകരിക്കുന്ന സാധാരണക്കാരാണ് ചിത്രത്തെ ഹിറ്റ് ആക്കിയത്

വ്യക്തിപരമായി ആ ചിത്രത്തിന് എത്ര മാര്‍ക്ക് നല്‍കുന്നുണ്ട്

എന്റെ ഹൃദയത്തോടടുത്തിരിക്കുന്ന ചിത്രമാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. കൂടാതെ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് ഞാന്‍ കുറച്ചുകൂടി മുന്നോട്ട് പോയിട്ടുണ്ടെന്ന തോന്നല്‍ ഈ ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. ടെക്‌നിക്കലായുള്ള മികവിനേക്കാള്‍ എനിക്ക് ജനങ്ങളുടെ മനസ്സ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തോന്നിയത്. അവര്‍ ആ കഥാപാത്രത്തിന്റെ നന്മകളും പോസിറ്റീവ് മനോഭാവവും ഏറ്റെടുത്തു. അതോടൊപ്പം കഥയിലെ നര്‍മ്മവും.

എന്റെ മറ്റുസിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി എല്‍സമ്മ എന്ന ആണ്‍കുട്ടി നിരാശയാണുണ്ടാക്കിയതെന്നും പറഞ്ഞ് ഒരു സ്ത്രീ അയച്ച കത്ത് എനിക്ക് ലഭിച്ചിരുന്നു. അവര്‍ക്ക് സിനിമ ഇഷ്ടപ്പെടാത്തതില്‍ വിഷമമുണ്ടെന്നും അടുത്ത സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നും ഞാന്‍ മറുപടി നല്‍കി.

ഇതേ പോലുള്ള പ്രതികരണങ്ങള്‍ എനിക്ക് പലരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. ചിലപ്പോള്‍ പ്രതിസന്ധി ഘട്ടങ്ങളെ തന്റേടത്തോടെ തരണം ചെയ്യുന്ന എല്‍സമ്മയെ പോലുള്ളവര്‍ ധാരാളമുണ്ടെന്ന് അവര്‍ക്കറിയില്ലായിരിക്കാം. അത്തരക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വിമര്‍ശനം നല്ലതാണ്.
രണ്ടാം ഭാവം ഒരു ഡയറക്ടറെന്നനിലയില്‍ എന്റെ ഏറ്റവും വലിയ പരാജയമാണ്. എന്നിട്ടും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു.

ചിത്രത്തിലെ എല്‍സമ്മയെ മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിനോട് താരതമ്യം ചെയ്ത നിലയ്ക്ക് ആനിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു

ആന്‍ 100%വിജയിക്കുക തന്നെ ചെയ്തു. എന്നാല്‍ എനിക്ക് തോന്നുന്നത് കന്മദത്തില്‍ മഞ്ജുവാര്യര്‍ ചെയ്ത റോളില്‍ നിന്നും വ്യത്യസ്തമാണ് ആനിന്റെ റോളെന്നാണ്. കാരണം രണ്ടു സിനിമകളിലെയും കാലവും സാഹചര്യവും വ്യത്യസ്ഥമാണ്. കഥാപാത്രത്തിന്റെ കാഴ്ചപ്പാടുകളും ഒന്നല്ല.

എല്‍സമ്മ വിദ്യാഭ്യാസമുള്ളവളാണ്. അവള്‍ പ്രതികരിക്കുന്നതിലും വ്യത്യാസമുണ്ട്. എല്‍സമ്മ ചിന്തിക്കുന്നത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞശേഷം കല്ല്യാണം പോലുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കാമെന്നാണ്. തീര്‍ച്ചയായും രണ്ടുപേരും ജീവിതത്തോട് പൊരുതുകയാണ്.

അടുത്ത പ്രൊജക്ടുകള്‍ ഏതൊക്കെയാണ്

മോഹന്‍ലാലിനെയും പൃഥ്വിരാജിനേയും നായകരായെത്തുന്ന കസിന്‍സ്. തിരക്കഥ തയ്യാറായിട്ടുണ്ട്. അവസാന മിനുക്കുപണിയിലാണ്. ഫെബ്രൂവരിയില്‍ ഷൂട്ടിങ് തുടങ്ങാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്.

(മേഘ്‌ന ജോര്‍ജ് റെഡ്ഡിഫിനുവേണ്ടി ചെയ്ത മുഖാമുഖത്തിന്റെ പരിഭാഷ)

Advertisement