കേന്ദ്ര നേതൃത്വത്തെ കാണാന്‍ ലക്ഷദ്വീപ് ബി.ജെ.പി നേതാക്കള്‍ ദല്‍ഹിയില്‍; നാളെ കൂടിക്കാഴ്ച നടത്തും
national news
കേന്ദ്ര നേതൃത്വത്തെ കാണാന്‍ ലക്ഷദ്വീപ് ബി.ജെ.പി നേതാക്കള്‍ ദല്‍ഹിയില്‍; നാളെ കൂടിക്കാഴ്ച നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th May 2021, 2:23 pm

ന്യൂദല്‍ഹി: ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ കേന്ദ്ര നേതൃത്വം ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ.പി മുത്തുക്കോയ എന്നിവരാണ് ദല്‍ഹിയിലെത്തിയതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പി നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായി നാളെ കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ വിയോജിപ്പ് അറിയിച്ച് നേരത്തെ ലക്ഷദ്വീപ് ബി.ജെ.പി യൂണിറ്റ് ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

ദ്വീപില്‍ നടപ്പാക്കുന്ന നിലവിലെ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ദ്വീപിലെ ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ കടുത്ത നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം എം.പിമാര്‍ നല്‍കിയ അപേക്ഷ ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തള്ളി. കൊവിഡ് പ്രോട്ടോകോളിന്റെ പേരിലാണ് അപേക്ഷ തള്ളിയത്.

വി.ശിവദാസന്‍, എ.എം ആരിഫ്, എളമരം കരീം എന്നീ എം.പിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. സന്ദര്‍ശനം മുടക്കാന്‍ അഡ്മിനിസ്ട്രേഷന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു. ദ്വീപിലെ യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന ആശങ്കയാണ് ഭരണകൂടത്തിനെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എ.ഐ.സി.സി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. കൊവിഡ് കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

അതേസമയം, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തത് മൂലം യാത്രാ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Lakshadweep BJP landed at Delhi to meet national leaders