പരവിദ്വേഷവുമായി ചാടിവീഴുന്നവര്‍ക്ക്, നിയമവാഴ്ചയുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് തെളിയിച്ചുകൊടുക്കണം
Opinion
പരവിദ്വേഷവുമായി ചാടിവീഴുന്നവര്‍ക്ക്, നിയമവാഴ്ചയുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് തെളിയിച്ചുകൊടുക്കണം
നജീബ് ചോമ്പാല്‍
Thursday, 15th July 2021, 3:42 pm
പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മാത്രം കഴിഞ്ഞുപോന്ന നമുക്കിടയില്‍ കരുതിക്കൂട്ടി വിഷപ്രയോഗം നടത്തി ഐക്യം തകര്‍ക്കുന്ന നെറികെട്ട നുണയന്മാരെ ഈ രാഷ്ട്രത്തിന്റെ നിയമങ്ങള്‍ ബോദ്ധ്യപ്പെടുത്തുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്.

ഐഷ സുല്‍ത്താനയുടെ ഫ്‌ളാറ്റില്‍ ദ്വീപിലെ പോലീസ് നടത്തിയ റെയ്ഡിന് ന്യായമില്ല. കേസ് അത്യധികം ഗൗരവമുള്ളതാണെങ്കില്‍, പ്രതിയാക്കപ്പെട്ടവരുടെ ഫോണും ലാപ്‌ടോപും അന്വേഷകര്‍ പരിശോധിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, റോണ വിത്സന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, സ്റ്റാന്‍ സാമി എന്നിവരുടെ ലാപ്‌ടോപ്പുകളില്‍ ഹാക്കര്‍മാര്‍ കടന്നുകയറി കൃത്രിമമായി ചില തെളിവുകളുണ്ടാക്കിയെന്ന പച്ചയായ സത്യം നമുക്കു മുമ്പിലുണ്ട്.

നിതാന്തശത്രുതയുമായി സ്ത്രീകളെ പോലും വേട്ടയാടുന്ന, ചെന്നിടത്ത് മുഴുവന്‍ ജനദ്രോഹനടപടികള്‍ വഴി വെറുപ്പും പ്രതിഷേധവും മാത്രം ഏറ്റുവാങ്ങിയ പ്രഫുല്‍ ഖോഡാ പട്ടേലിനെ പോലുള്ള ഒരു തലവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാരില്‍ വിശ്വസിച്ചുകൊണ്ട് എങ്ങനെയാണ് സ്വകാര്യ വിവരങ്ങളടങ്ങുന്ന ഉപകരണങ്ങള്‍ ഒരാള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയുക?

ഐഷയ്‌ക്കെതിരെ നുണകള്‍ പടച്ചുവിട്ടവര്‍ തന്നെ ഇതിനകം അവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ടാകുമെന്ന് ചോറുണ്ണുന്ന ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, കാതലായ പ്രശ്‌നം അതല്ല.

ഐഷയുടെ ഫ്‌ളാറ്റിലേക്ക് കടന്നു ചെല്ലേണ്ട ആവശ്യമൊന്നും ലക്ഷദ്വീപ് പൊലീസിന് ഇല്ല. കാരണം, അവര്‍ ആ പരാമര്‍ശം നടത്തിയത് കൊച്ചിയിലെ ഒരു സ്റ്റുഡിയോയിലിരുന്നാണ്. അത് പ്രക്ഷേപണം ചെയ്തത് കോഴിക്കോട്ടെ വാര്‍ത്താ ചാനലും! അതിനാല്‍, അന്വേഷണം തുടങ്ങേണ്ടത് മേല്‍പറയപ്പെട്ട സ്റ്റുഡിയോയിലും ചാനലിലും ചെന്ന് പ്രക്ഷേപണം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാണ്.

ഐഷ സുല്‍ത്താന

അതിനു പകരം, ഐഷയുടെ മൈനറായ അനുജനെ ചോദ്യം ചെയ്യാനും അവന്റെ അക്കൗണ്ടിനെക്കുറിച്ച് സമൂഹമാദ്ധ്യത്തില്‍ തികച്ചും അനാവശ്യമായ സന്ദേഹങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചിട്ടുള്ളത് ഗൗരവതരമാണ്. കൊവിഡ് കാലത്തെ പഠനം ഓണ്‍ലൈന്‍ മുഖേനയാകയാല്‍, ലാപ്‌ടോപ് കയ്യേറിയത് ബാലാവകാശം ലംഘിക്കുന്ന ഒരു നടപടിയാണ്.

അല്ലെങ്കിലും ഒരാളുടെ ബാങ്കിങ്, സൈബര്‍, ഫോണ്‍കാള്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ കംപ്യൂട്ടറും ഫോണും കൈവശപ്പെടുത്തേണ്ട ആവശ്യം ഇക്കാലത്തുണ്ടോ?

ഇത് ഒരു പകവീട്ടല്‍ മാത്രമാണ്. ലക്ഷദ്വീപ് നേതൃത്വം അവിടത്തെ ജനങ്ങളെ കൈകാര്യം ചെയ്യുന്ന നികൃഷ്ടമായ ശൈലി പരിശോധിച്ചാല്‍, അവര്‍ മറ്റേതോ രാജ്യത്തു നിന്നെത്തി നാട് കീഴടക്കിയവരാണോ എന്നു പോലും തോന്നിപ്പോകുന്നു.

ആ ശൈലി ഇങ്ങനെയാണ്.

1. പരക്കെ ജീവനക്കാരെ പിരിച്ചുവിട്ട് ദാരിദ്ര്യം കൃത്രിമമായി അടിച്ചേല്പിക്കുന്നു.

2. പിന്നീട് എടുക്കാനുദ്ദേശിക്കുന്ന ജനവിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുവാന്‍ വേണ്ടി മുന്‍കൂറായി കരിനിയമമുണ്ടാക്കുന്നു.

3. വൃക്ഷങ്ങളുടെ ഇലകള്‍ പറമ്പില്‍ വീണാല്‍ പോലും കനത്ത പിഴ പ്രഖ്യാപിക്കുന്നു.

4. താമസിച്ചു വരുന്ന വീടുകള്‍ ഉടന്‍ പൊളിച്ചു മാറ്റാന്‍ വേണ്ടി ജനത്തിന് അധികാരമില്ലാത്ത ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നു.

5. ഇവര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോര്‍ട്ട് പറഞ്ഞപ്പോള്‍ സ്ഥാനക്കയറ്റം നല്കുന്നതിന് അധികാരമില്ലാത്ത ഒരുദ്യോഗസ്ഥന്‍ അവരെ സ്ഥാനക്കയറ്റം നല്‍കി ഉത്തരവിടുന്നു.

6. മലയാളം സംസാരിക്കുന്ന ഒരു ജനതയായ ദ്വീപുകാരെ മലയാളമണ്ണിലെ ഹൈക്കോര്‍ട്ടിന് പകരം മറ്റൊരു ഭാഷയുടെ മണ്ണിലെ 600 കിലോമീറ്റര്‍ കൂടുതല്‍ ദൂരമുള്ളിടത്തെ ഹൈക്കോര്‍ട്ടില്‍ അയക്കാനുള്ള ശ്രമം നടത്തുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് /ഫോട്ടോ: ഫേസ്ബുക്ക് ഐഷ സുല്‍ത്താന

7. ലക്ഷദ്വീപിലെ കുട്ടികള്‍ കേരളത്തില്‍ വന്ന് ഉപരിപഠനം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുമാറ് വിദ്യാഭ്യാസ വിഭാഗം കൊച്ചിയില്‍ നിന്നും ഉടന്‍ മാറ്റുന്നു.

8. കൊവിഡ് ഗ്രീന്‍ സോണായിരുന്ന ദ്വീപില്‍ പരക്കെ രോഗബാധയുണ്ടാകുംവിധം പുറത്ത് നിന്നുള്ളവരെ പരിശോധന പോലും കൂടാതെ പ്രവേശിപ്പിക്കുന്നു.

9. കൊവിഡ് പടരുന്ന ഈ സാഹചര്യത്തിലും കൂട്ടമായി ജനത്തെ അറസ്റ്റ് ചെയ്ത് ഒരുമിച്ച് തടവില്‍ പാര്‍പ്പിച്ച് ദുരന്തമുണ്ടാക്കുന്നു.

10. ഏറ്റവുമടുത്ത തുറമുഖമായ ബേപ്പൂരില്‍ നിന്നും മറ്റൊരു ഭാഷ സംസാരിക്കുന്നിടമായ മംഗലാപുരത്തേക്ക് ജലയാന സര്‍വ്വീസുകള്‍ മാറ്റുന്നു.

11. ക്വാറന്റൈന്‍ കാലത്ത് ജനം ദരിദ്രരല്ലെന്ന വാദമുയര്‍ത്തി ധാന്യവിതരണം വേണ്ടായെന്ന നിലപാടെടുക്കുന്നു.

12. രാജ്യം അതിന്റെ പൗരന്മാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ നിഷേധിക്കുമാറ് ലക്ഷദ്വീപിലെ ലോക്കല്‍ ബോഡിയുടെ അധികാരങ്ങളില്‍ മിക്കതും എടുത്തുകളയുന്നു.

13. ഇന്ത്യന്‍ പാര്‍ലമെന്റിനെ അവഹേളിക്കും വിധം, പ്രോട്ടോക്കോളില്‍ മുകളിലുള്ളവരായ എം.പിമാര്‍ക്ക് സ്ഥിതിഗതികള്‍ ധരിക്കുവാന്‍ തടസ്സമുണ്ടാക്കുന്നതിന് സ്വഭാവസാക്ഷപത്രം പോലും ആവശ്യപ്പെടുന്നു.

14. ഒരു ജനതയുടെ പരമ്പരാഗത സ്വത്തില്‍ നിലവിലുള്ള സകല ചട്ടങ്ങള്‍ക്കും എതിരായി കയ്യേറ്റം ചെയ്യാനാകുമാറ് ഭൂമിയെടുപ്പിനുള്ള ഉത്തരവിടുന്നു.

15. നാളിതുവരെ ഒരു മണ്ണില്‍ നിലനിന്നിരുന്ന സകല കീഴ്‌വഴക്കങ്ങളും ലംഘിച്ച് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അടിച്ചേല്പിച്ച് ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും മാറ്റം വരുത്തുന്നു.

16. ഇന്നോളമില്ലാത്ത വിധം സ്വന്തം സ്റ്റേറ്റില്‍ നിന്നുള്ള വ്യവസായിക്ക് സകലമാന ചട്ടങ്ങളും ലംഘിച്ച് ദര്‍ഘാസുകള്‍ പോലും വിളിക്കാതെ പദ്ധതികള്‍ ഏല്‍പ്പിക്കുന്നു.

17. വിജനമായ ദ്വീപുകള്‍ ഉപയോഗിക്കുന്നത് തടയുമാറ് കനത്ത പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവിറക്കുന്നു.

18. ഭരണഘടന പൗരന്മാര്‍ക്കനുവദിച്ചിട്ടുള്ള പ്രതിഷേധത്തിനുള്ള അവകാശം റദ്ദാക്കുന്നു.

19. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു പ്രദേശത്ത് കൂടുതല്‍ പേരെ പ്രവേശിപ്പിക്കുമാറ് തടവറ വികസനം നടപ്പാക്കുന്നു.

20. ദ്വീപ് ജനത വളര്‍ത്തുന്ന നാല്‍ക്കാലികളെ പിടിച്ചെടുത്ത് പുറത്ത് വില്‍ക്കുന്നു.

21. ദ്വീപിലെ വിദ്യാര്‍ത്ഥികളുടെ പരമ്പരാഗത ഭക്ഷണത്തില്‍ നിന്നും അവര്‍ താല്പര്യപ്പെടുന്ന ഇനങ്ങള്‍ നീക്കുന്നു.

22. ദ്വീപിലെ കുടുംബബന്ധങ്ങള്‍ ശിഥിലമായി വരുമാറ് മദ്യം സുലഭമാക്കുന്നു.

23. ബീഫ് ഇഷ്ടവിഭവമായ, അത് തങ്ങളുടെ വിശ്വാസത്തെ ഹനിക്കാത്ത ഒരു ജനതയോട് അത് ആഹരിക്കുന്നത് ശിക്ഷാര്‍ഹമാക്കി ഒരു ഉത്തരവ് തയ്യാറാക്കുന്നു.

24. ദ്വീപ് നിവാസികളെ താറടിച്ചും, അവരില്‍ കുറ്റകരമായ ഗൂഢാലോചന വഴി ക്രിമിനല്‍ ബന്ധങ്ങള്‍ ആരോപിച്ചും ഏതാനും വര്‍ഗ്ഗീയ ശക്തികള്‍ സദാ നടത്തുന്ന പ്രചരണങ്ങളോട് അയഞ്ഞ നിലപാട് കൈക്കൊള്ളുന്നു.

ഇത്തരമൊരു ഭരണാധികാരിക്കെതിരെ ഒരു സംവാദത്തില്‍ ഉച്ചരിച്ച ഒരൊറ്റ വാക്കുമായി കുറ്റകരമായ പശ്ചാത്തലമില്ലാത്ത ഒരുവളെ സ്ത്രീയെന്ന പരിഗണന പോലും നല്കാതെ, നിരന്തരമായി പീഢിപ്പിക്കാനുള്ള ശ്രമത്തിന് പൗരബോധമുള്ള ഒരു സമൂഹം മൗനാനുവാദം നല്കിക്കൂടാ.

ബഹു: കേരളാ ഹൈക്കോടതി അവരുടെ പരാമര്‍ശം പ്രഥമദൃഷ്ട്യാ കുറ്റമായി കാണാനാകില്ലെന്നും, രാജ്യദ്രോഹക്കുറ്റം ഈ വിഷയത്തിലുണ്ടായതായി കരുതുന്നില്ലെന്നും പ്രസ്താവിച്ചാണ് മുന്‍കൂര്‍ജാമ്യം നല്‍കിയത്. എന്നിട്ടും, ഇപ്പോഴും കോടതിയുടെ മുമ്പിലുള്ള വിഷയത്തില്‍ ചിലര്‍ ഇടപെട്ട് വിധിക്കുന്നതിന് ന്യായമെന്താണ്?

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണവിരുദ്ധ നടപടികള്‍ക്കെതിരെ വീടുകളില്‍ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍. ഫോട്ടോ: ഫേസ്ബുക്ക് ഐഷ സുല്‍ത്താന

അന്വേഷണം തുടരട്ടെയെന്ന കോടതിയുടെ നിലപാട്, ഈ കേസിലെ വിധിക്ക് കൂടുതല്‍ കൃത്യത ആവശ്യമായതിനാലാണ്. അഥവാ, ഐഷ കുറ്റം ചെയ്താല്‍ പോലും അവര്‍ക്കുള്ള ശിക്ഷ തീരുമാനിക്കാന്‍ ഇവിടെ നീതിപീഠങ്ങളുണ്ട്. പക്ഷേ, ഈ രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത രക്ഷാഭടന്മായി വേഷംകെട്ടി വരുന്നവരോട് ഈ നാട് ആര്‍ക്കും സ്ത്രീധനം കിട്ടിയതല്ലെന്ന് മാത്രമേ ബോധിപ്പിക്കാനുള്ളൂ.

ഒരാളുടെ പേരും വേഷവും നോക്കി നിലപാട് സ്വീകരിക്കുന്ന ഒരു പ്രാകൃതസമൂഹമായാണ് നമ്മില്‍ പലരും ഈ വിഷയത്തില്‍ ഇതുവരെ ഇടപെട്ടത്. സഹപൗരന്മാരോട് തീരാപ്പകയും പേറിക്കഴിയുന്ന ഇത്തരം ഒരു സമൂഹത്തില്‍ എന്ത് ഉറപ്പിലാണ് നാം ജീവിക്കുക?

സ്വന്തം നാടിനും ജനത്തിനും വേണ്ടി ശബ്ദിച്ച, കഠിനാദ്ധ്വാനം വഴി തന്റേതായ ഒരിടം നേടിയ പ്രതിഭാശാലിനിയായ ഒരുവളോട് അവള്‍ ഒരു മുസ്‌ലിമാണെന്ന ഒറ്റക്കാരണത്താല്‍ സൈബര്‍ ലോകത്തെ ചില കീടജന്മങ്ങള്‍ കാട്ടിക്കൂട്ടിയ നെറികേടുകള്‍ കണ്ടാലും!

1. ഐഷ ഒരു ബംഗ്ലാദേശ് പൗരനാണെന്നും പിറന്നത് അവിടെയാണെന്നും പ്രചരിപ്പിച്ചു.

2. അവര്‍ പഠിച്ചത് ലാഹോറിലായിരുന്നെന്നും, അങ്ങനെ ഒരു പാകിസ്ഥാന്‍ ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു.

3. അവര്‍ ലക്ഷദ്വീപില്‍ ഇനി വരാനിരിക്കുന്ന വികസനം അട്ടിമറിച്ച്, മാലിദ്വീപിന്റെ ടൂറിസ്റ്റ് താല്പര്യങ്ങളെ സഹായിക്കുന്ന ഒരു മാലിദ്വീപ് ഏജന്റാണെന്ന് പ്രചരിപ്പിച്ചു.

4. അവര്‍ ഒരു ഹിന്ദു യുവാവിനെ ദ്വീപിലേക്ക് കൊണ്ടുപോയി മതംമാറ്റിയിട്ട് വ്യാജനിക്കാഹ് ചെയ്തുവെന്ന് പ്രചരിപ്പിച്ചു.

5. അവര്‍ക്ക് കൊച്ചിയില്‍ ഗുണ്ടാബന്ധമുള്ള ഒരുവനുമായി വാണിജ്യപങ്കാളിത്തമുണ്ടെന്ന് പ്രചരിപ്പിച്ചു.

6. അവര്‍ക്കു പിന്നില്‍ ഒരു ഭീകരബന്ധമുള്ള സംഘടനയുണ്ടെന്നും ‘സേവ് ലക്ഷദ്വീപ്’ എന്ന പ്രചരണം മുഖേന പണം ലഭിക്കുന്നുണ്ടെന്നും പ്രചരിപ്പിച്ചു.

ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വാര്‍ത്തയുണ്ട്.

ലക്ഷദ്വീപിനെ അനതിവിദൂരമായ ഭാവിയില്‍ കടലെടുക്കുമെന്നും, അവിടെ മനുഷ്യവാസം ഏറെക്കാലം സാദ്ധ്യമല്ലെന്നും ശാസ്ത്രജ്ഞര്‍ പ്രവചിച്ചുവെന്ന ഒരു പ്രചരണം കണ്ടിരുന്നോ? നൂറുകണക്കിന് കോടി രൂപ മുതലിറക്കി ചില ദ്വീപുകളില്‍ പ്രിയപ്പെട്ട വ്യവസായി 300-ലേറെ ലക്ഷ്വറി വില്ലകളുള്ള റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ച് ലാഭമുണ്ടാക്കാന്‍ ചാടിവീഴുന്നത് മുങ്ങാനുള്ള തുരുത്തുകളിലേക്കാണോ? ഇത് ജനങ്ങളില്‍ ഭീതിയുളവാക്കി, അവരെ കേരളത്തിലേക്കും കര്‍ണ്ണാടകത്തിലേക്കും ഓടിച്ച് ദ്വീപുകളെല്ലാം കയ്യടക്കാനുള്ള നികൃഷ്ടമായ ബുദ്ധിയല്ലാതെ മറ്റെന്താണ്?

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍

ആരാണ് ഇതിന് പിറകിലെന്ന് അന്വേഷണം നടത്തി കണ്ടെത്തേണ്ടതുണ്ട്.

ചുരുക്കത്തില്‍, ഏറ്റവും കേന്ദ്രീകൃതമായ ഒരു കുറ്റവാളിക്കൂട്ടം തന്നെ ഐഷയെ ലക്ഷ്യമിട്ട് അപവാദപ്രചരണങ്ങളും പരാതിപ്പെടലുകളും നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന് പിന്നിലുള്ള അടിസ്ഥാനവികാരം വര്‍ഗ്ഗീയവിദ്വേഷമല്ലാതെ മറ്റൊന്നുമല്ലെന്ന് വിശേഷിച്ച് പറയാനുണ്ടോ?

ഐഷയ്ക്ക് കുറച്ച് ചന്തം കൂടിപ്പോയെന്നത് ഇക്കൂട്ടരുടെ അസ്വസ്ഥതയും പെരുപ്പിച്ചതായി വേണം, നാം മനസ്സിലാക്കാന്‍!

ഉത്തര്‍പ്രദേശിലെ ഏതോ ഒരു കുഗ്രാമത്തില്‍ പോലും തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, അവിടെയെത്തുന്ന ഐഷ സുല്‍ത്താനയെ പിച്ചിച്ചീന്തി രസിച്ചേക്കാമെന്നും ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് അസംബന്ധമാണ്.

കാരണം, ആര്‍ക്കും ആരെക്കുറിച്ചും പരാതി നീട്ടിവലിച്ചെഴുതി നേരെ പൊലീസ് സ്റ്റേഷനില്‍ ചെല്ലാവുന്നതും, അതിലൊരു എഫ്.ഐ.ആര്‍ ഉണ്ടാകുന്നതുമാണ്. പക്ഷേ, ഒരു കുറ്റത്തിന് ഒന്നിലേറെ വിചാരണകള്‍ക്ക് ഈ രാജ്യത്ത് നിലവില്‍ വകുപ്പില്ലല്ലോ?

ഈ വിഷയത്തില്‍ കേരളത്തിലെ രണ്ട് മുഖ്യ ചേരികളിലുമുള്ള ചില നേതാക്കന്മാര്‍ തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും വലിയ കക്ഷിയായ സി.പി.ഐ (എം) നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം, ചലച്ചിത്ര മേഖലയിലുള്ള സുമനസ്സുകളുണ്ട്. മാദ്ധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ സ്റ്റേറ്റ് ഒരു രാഷ്ട്രീയായുധമായി 124(a) വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഒരു ഹരജിയും സമര്‍പ്പിക്കുന്നുണ്ട്.

ഐഷ സുല്‍ത്താന, ശശികുമാര്‍ എന്നിവര്‍ നടത്തുന്ന നിയമയുദ്ധങ്ങള്‍ക്ക് ഈ മണ്ണിനെ സ്‌നേഹിക്കുന്ന ഒരു ജനാധിപത്യവാദിയെന്ന നിലയില്‍ ഞാന്‍ എന്റെ സമഗ്രമായ പിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷേ, അതുകൊണ്ട് മാത്രമായില്ല.

പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മാത്രം കഴിഞ്ഞുപോന്ന നമുക്കിടയില്‍ കരുതിക്കൂട്ടി വിഷപ്രയോഗം നടത്തി ഐക്യം തകര്‍ക്കുന്ന നെറികെട്ട നുണയന്മാരെ ഈ രാഷ്ട്രത്തിന്റെ നിയമങ്ങള്‍ ബോദ്ധ്യപ്പെടുത്തുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. ഇവിടെ ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിപ്പാനുള്ള ശ്രമം മാത്രമല്ല, ഹിന്ദു സ്റ്റേറ്റ് സ്ഥാപിപ്പാനുള്ള ശ്രമവും കുറ്റം തന്നെയാണ്.

നരേന്ദ്രമോദി, പ്രഫുല്‍ ഖോഡാ പട്ടേല്‍

ഇസ്‌ലാമിക വര്‍ഗ്ഗീയത പരത്തുന്നത് മാത്രമല്ല, ഹൈന്ദവ വര്‍ഗ്ഗീയത പരത്തുന്നതും കുറ്റകരം തന്നെയാണ്. പരവിദ്വേഷവുമായി ചാടിവീണ് ഉറഞ്ഞലറുന്നവര്‍ക്ക് നിയമവാഴ്ചയുള്ള ഒരു മതേതര രാജ്യമാണ് ഇന്ത്യയെന്ന് തെളിയിച്ചു കൊടുക്കേണ്ടതാണ്.

രാജ്യമെന്നാല്‍ നാം, ജനത തന്നെയാണ്. നാം പണിപ്പെട്ടുയര്‍ത്തിയ സമ്പാദ്യങ്ങളെ, നമുക്ക് തലമുറകളായി പകര്‍ന്നുകിട്ടിയ ഈ മണ്ണിനെ പരമഫ്രോഡുകളായ ചില വ്യവസായികള്‍ക്ക് തൂക്കിവിറ്റ്, അവരെ ഇക്കാലത്തോളം നേരും നെറിയുമായി വ്യവസായം നടത്തിക്കഴിയുന്ന, സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്നവര്‍ക്ക് മീതെ കൃത്രിമമായി വളര്‍ത്തിക്കൊടുത്ത് പിച്ച പറ്റാനും, ആ പണമെറിഞ്ഞ് തെരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാനും ശ്രമിച്ചുപോരുന്ന യഥാര്‍ത്ഥ രാജ്യദ്രോഹികളുടെ വാനരപ്പടയെ മാനനഷ്ടം, ക്രിമിനല്‍ ഗൂഢാലോചന, നാട്ടില്‍ സ്പര്‍ദ്ധയുളവാക്കല്‍ ഇത്യാദി കുറ്റങ്ങള്‍ക്ക് കോടതി കയറ്റുന്ന ഒരു സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതാണ്.

നമ്മുടെ പരസ്പരസ്‌നേഹത്തിന്റെ ഇനിയും ശേഷിക്കുന്ന മേഖലകള്‍ കൂടി കരണ്ടുതിന്ന് നശിപ്പിക്കുന്നതിനു മുമ്പായി ഒരു പെരുച്ചാഴി നശീകരണം അത്യാവശ്യമാണ്.

വംശീയ, സാമുദായിക സ്വഭാവമുള്ള സകല സംഘടനകളെയും ദൂരെ മാറ്റിനിര്‍ത്തി, എല്ലാ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളിലുമുള്ള രാജ്യസ്‌നേഹികള്‍ ഇതിനായി ഇനിയെങ്കിലും ഒറ്റക്കെട്ടായി ഒരുമ്പെട്ടിറങ്ങേണ്ടിയിരിക്കുന്നു.

ചുമ്മാ ക്യാപ്‌സൂളുകള്‍ പ്രചരിപ്പിച്ച് മാനക്കേട് വരുത്താതെ, സ്വന്തം കാലിനടിയിലെ മണ്ണില്‍ തൂമ്പയിറക്കുന്നവരെ തിരിച്ച് കുഴിയിലിറക്കി പ്രതിരോധം തീര്‍ത്തില്ലെങ്കില്‍, ഏറെക്കഴിയും മുമ്പായി നമ്മുടേതും ആള്‍ക്കൂട്ടക്കൊലകള്‍ പതിവായ ഒരു ശപിക്കപ്പെട്ട സ്റ്റേറ്റായിത്തീരും. പറഞ്ഞില്ലെന്നു വേണ്ട.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lakshadweep administration Aisha Sultana Praful Khoda Patel