എഡിറ്റര്‍
എഡിറ്റര്‍
എല്‍ കെ അദ്വാനി രാജി പിന്‍വലിച്ചു
എഡിറ്റര്‍
Tuesday 11th June 2013 6:40pm

l.k-adwani

ന്യൂദല്‍ഹി: എല്‍ കെ അദ്വാനി രാജി പിന്‍വലിച്ചതായി ബി.ജെ.പി കേന്ദ്ര നേതൃത്വം. മുതിര്‍ന്ന പാര്‍ട്ടി നേതാക്കാളുടേയും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റേയും കടുത്ത സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് അദ്വാനി രാജി പിന്‍വലിച്ചതെന്നും നേതൃത്വം പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു.
Ads By Google

എന്നാല്‍ നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനത്ത് തുടരും. നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി പാര്‍ലമെന്ററി കമ്മിറ്റി അംഗത്വം, ദേശീയനിര്‍വാഹകസമിതി അംഗത്വം തുടങ്ങിയ പ്രധാനപ്പെട്ട പാര്‍ട്ടി പദവികളില്‍ നി്ന്ന് അദ്വാനി രാജി വെച്ചത്.

താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ ഒന്നും തന്നെ അനുകൂലമായ ഒരു തീരുമാനവും ലഭിക്കാതെയാണ് അദ്വാനി രാജി പിന്‍വലിക്കുന്നത്. അദ്വാനിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് ബി.ജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങും മുതിര്‍ന്ന നേതാക്കളും പത്രസമ്മേളനനെത്തിയത്.

രാജി തീരുമാനം അദ്വാനി പിന്‍വലിച്ചേക്കുമെന്ന് ഏതാണ്ട്  ഉറപ്പായിരുന്നു. അദ്വാനിയും ബി.ജെ.പി നേതാക്കളും സംയുക്തമായി ഇക്കാര്യം വിശദീകരിക്കുമെന്നായിരുന്നു സൂചനയെങ്കിലും അദ്വാനി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയാറായില്ല.

അദ്വാനിയുടെ രാജിക്കത്ത് സ്വീകരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം അംഗീകരിക്കാന്‍ അദ്വാനി സമ്മതിച്ചതായും രാജ് നാഥ് സിങ് വിശദീകരിക്കുകയുണ്ടായി.

പാര്‍ട്ടിയുടെ എല്ലാ തീരമാനങ്ങളും താന്‍ അംഗീകരിക്കുമെന്നും,  പൂര്‍ണ്ണ മനസ്സോടെയാണ് താന്‍ പാര്‍ട്ടിയിലേക്ക് തിരിച്ച് വരുന്നതെന്നും അദ്വാനി പറഞ്ഞു.

എന്നാല്‍ അദ്വാനി ഉന്നയിച്ച വിഷയങ്ങളില്‍ വ്യക്തമായ ധാരണ ഇനിയും ബി.ജെ.പിയില്‍  ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായ മോഡി  പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടില്ലെന്ന ഉറപ്പ് മാത്രമാണ് നേതാക്കള്‍ അദ്വാനിക്ക് നല്‍കിയാണ് സൂചനയുണ്ടായിരുന്നത്.

പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തനരീതിയുമായി പൊരുത്തപ്പെടാന്‍ തനിക്ക് ആകുന്നില്ലെന്നും പാര്‍ട്ടിക്ക് അടിത്തറയിട്ട ഡോ. മുഖര്‍ജിയോ ദീന ദയാല്‍ജിയോ നാനാജിയോ വാജ്‌പേയിയോ ഉയര്‍ത്തിയ ആശയമാണിതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും, പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ വ്യക്തിപരമായ അജന്‍ഡകള്‍ ഓര്‍ത്തുമാത്രമാണ് വേവലാതിപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പദവികള്‍ രാജിവെയ്ക്കുന്നതായി അദ്വാനി വ്യക്തമാക്കിയിരുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകരെ അദ്വാനിജി നിരാശപ്പെടുത്തില്ലെന്നാണ് താന്‍ ഇന്നലെ പറഞ്ഞത്. രാജി പിന്‍വലിക്കുന്ന അദ്വാനിജിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും നരേന്ദ്രമോഡി അറിയിച്ചു.

 

 

Advertisement