എഡിറ്റര്‍
എഡിറ്റര്‍
അദ്വാനി എല്ലാ പാര്‍ട്ടി പദവികളും രാജിവെച്ചു
എഡിറ്റര്‍
Monday 10th June 2013 2:17pm

lk-adwani

ന്യൂദല്‍ഹി: എല്‍ കെ അദ്വാനി ബി.ജെ.പിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചു. നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് നേരിട്ട് രാജിക്കത്ത് നല്‍കി.

ബി.ജെ.പി പാര്‍ലമെന്ററി കമ്മിറ്റി അംഗത്വം, ദേശീയനിര്‍വാഹകസമിതി അംഗത്വം തുടങ്ങിയ പ്രധാനപ്പെട്ട പാര്‍ട്ടി പദവികളാണ് അദ്ദേഹം രാജിവച്ചത്.
ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് അദ്വാനി എല്ലാ പാര്‍ട്ടി പദവികളും രാജിവെച്ചത്. 

Ads By Google

കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മോദിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കി. ഈ തീരുമാനം സംബന്ധിച്ച് ഒരു പ്രതികരണവും നടത്താന്‍ അദ്വാനി തയ്യാറായിരുന്നില്ല.

മോഡിയെ അവരോധിച്ചതിന് പിന്നാലെ എല്‍.കെ അഡ്വാനിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ട് രാജ്‌നാഥ് സിങ്ങ് ചര്‍ച്ചനടത്തിയിരുന്നു.

എന്നാല്‍ സമവായശ്രമങ്ങള്‍ വിലപ്പോയില്ല. രാജ്‌നാഥ് സിങ് മടങ്ങിയതിന് പിന്നാലെ തന്റെ നിലപാടുകള്‍ പരസ്യമാക്കിക്കൊണ്ട് അദ്വാനി മാധ്യമങ്ങള്‍ക്കായി ഒരു പ്രസ്താവന പുറത്തിറക്കി.

‘പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ല. അടിസ്ഥാന ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് വ്യക്തിപരമായ അജന്‍ഡകളുമായി പാര്‍ട്ടി നിലകൊള്ളുന്നതില്‍ ഏറെ ദു:ഖമുണ്ട്. പാര്‍ട്ടിയുമായി ഇനി ഒത്തുപോകാനാകില്ല’കത്തില്‍ പറയുന്നു.

ഇന്നത്തെ ബി.ജെ.പിയുടെ സ്ഥാപകരില്‍ ഒരാളായ അഡ്വാനിയുടെ ഈ നീക്കം പാര്‍ട്ടിയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രചാരണ സമിതി അധ്യക്ഷനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന ദിവസം അദ്വാനിയുടെ ബ്ലോഗിലെ വിഷയം ‘വിശ്വരൂപം’ സിനിമയായിരുന്നു.

പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ തന്റെ വീട്ടിലേക്ക് മോഡി അനുകൂലികള്‍ പ്രതിഷേധപ്രകടനം നടത്തിയതില്‍ അദ്വാനി കടുത്ത അമര്‍ഷത്തിലായിരുന്നു.

ദേശീയ നേതാക്കളാരും ഈ പ്രതിഷേധത്തെ അപലപിക്കാതിരുന്നതും ശ്രദ്ധേയമായി. അതിന് പകരം കോണ്‍ഗ്രസുകാരാണ് അദ്വാനിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയതെന്ന ചില ബി.ജെ.പി നേതാക്കളുടെ പരാമര്‍ശം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്വാനി കരുതിയിരുന്നു.

അന്തരിച്ച പ്രമോദ് മഹാജന്‍, വെങ്കയ്യ നായിഡു, നരേന്ദ്ര മോഡി തുടങ്ങി ബി.ജെ.പി.യിലെ ഒരുതലമുറയെത്തന്നെ കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത് അദ്വാനിയെന്ന നേതാവാണ്.

1984ല്‍ രണ്ട് സീറ്റു മാത്രമുണ്ടായിരുന്ന പാര്‍ട്ടിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചത് അദ്വാനിയുടെ രാഷ്ട്രീയതന്ത്രങ്ങളായിരുന്നു.

1996ല്‍ അധികാരത്തിലേറാന്‍ ബി.ജെ.പി.ക്ക് ആദ്യത്തെ അവസരം ലഭിക്കുമ്പോള്‍ മിതവാദിയായ അടല്‍ ബിഹാരി വാജ്‌പേയിയെ മുന്നില്‍നിര്‍ത്തി സര്‍ക്കാറില്‍ രണ്ടാമനാകാനും അദ്വാനി തയ്യാറായി.

2004ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ.യും ബി.ജെ.പി.യും പരാജയത്തിലേക്ക് നീങ്ങിയശേഷം പാര്‍ട്ടിയുടെ നിയന്ത്രണം അദ്വാനിയുടെ കൈകളിലായി.

അയോധ്യയിലെ ക്ഷേത്രപ്രശ്‌നം ഒരു രാഷ്ട്രീയ അജന്‍ഡയാക്കി മാറ്റിയത് അദ്വാനിയാണ്. അയോധ്യ വിഷയത്തില്‍ നടന്ന വര്‍ഗീയ ലഹളകള്‍ ഇന്ത്യയുടെ സാമൂഹികരംഗം കലുഷിതമാക്കിയെന്ന ആരോപണം അദ്വാനിയെ എന്നും പിന്തുടര്‍ന്നിരുന്നു.

Advertisement