ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ല; തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ അറ്റാക്ക് നടക്കുന്നുവെന്ന് കെ.വി. തോമസ്
Kerala News
ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ല; തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ അറ്റാക്ക് നടക്കുന്നുവെന്ന് കെ.വി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th April 2022, 2:59 pm

തിരുവനന്തപുരം: തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് കെ.വി. തോമസ്. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്നും കെ.വി. തോമസ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടിയില്‍ അര്‍ഹതയുള്ളത് മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും അര്‍ഹത ഇല്ലാത്തത് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴ് പ്രവാശ്യം ജയിച്ചത് തെറ്റാണോ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 77, 78 വയസുള്ളവര്‍ക്ക് വരെ സീറ്റ് കൊടുത്തുവെന്നും കെ.വി. തോമസ് തോമസ് പറഞ്ഞു.

തനിക്ക് ലഭിച്ച പദവികളൊന്നും വെറുതെ ലഭിച്ചതല്ല. 2018ന് ശേഷം രാഹുല്‍ഗാന്ധി മുഖം നല്‍കിയിട്ടില്ല. തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ അറ്റാക്ക് നടക്കുന്നുവെന്നും കെ.വി. തോമസ് പറഞ്ഞു.

യെച്ചൂരിയുമായി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിട്ടും നല്ല ബന്ധമുണ്ട്. എപ്പോള്‍ ചെന്നാലും മോദിയെ കാണാന്‍ സാധിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.

‘സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത് പ്രധാനപ്പെട്ട ഒരു ചര്‍ച്ചയാണ്. ആ ചര്‍ച്ചയില്‍ നിന്നും മാറി നില്‍ക്കണമെന്ന് പറഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ല. തനിക്കെതിരെ ഭീഷണിയുടെ സ്വരം ഉയര്‍ത്തിയവര്‍ സുഹൃത്തുക്കളാണ്. ഇന്നു രാവിലേയും സംസാരിച്ച ആളുകളാണ് ഭീഷണി ഉയര്‍ത്തിയത്.

ഞാന്‍ ജനിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലാണ്. വളര്‍ന്നത് കോണ്‍ഗ്രസ് ഗ്രാമത്തിലാണ്. അധ്യാപകര്‍ കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസുകാരനായിരിക്കാന്‍ മെമ്പര്‍ഷിപ്പിന്റെ ആവശ്യമില്ല. കോണ്‍ഗ്രസ് തന്റെ വീടാണെന്നും വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ,’ കെ.വി. തോമസ് പറഞ്ഞു

അതേസമയം, പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ച കെ.വി. തോമസിനെതിരെ നടപടിയെടുക്കാന്‍ എ.ഐ.സി.സിയോട് ശിപാര്‍ശ ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

കെ.വി. തോമസ് പുറത്തേക്ക് പോകരുതെന്നാണ് ഇപ്പോഴും തങ്ങളുടെ പ്രാര്‍ത്ഥന. കെ.വി. തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നത് വലിയ നഷ്ടം തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു.

‘കെ.വി. തോമസ് മുതിര്‍ന്ന നേതാവാണ്. കെ.വി. തോമസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണ നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇന്നലെയും അദ്ദേഹത്തിന് ഉറപ്പുനല്‍കിയതാണ്,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.