എഡിറ്റര്‍
എഡിറ്റര്‍
നോട്ട് അസാധുവാക്കല്‍: മോദിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുമെന്ന് കെ.വി തോമസ്
എഡിറ്റര്‍
Saturday 28th January 2017 1:44pm

modikvthomas

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റി അധ്യക്ഷന്‍ കെവി തോമസ്.

ഗുണദോഷങ്ങള്‍ വിലയിരുത്താതെയുള്ള തീരുമാനമായിരുന്നു മോദിയുടേതെന്നും ഇതില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടായിരുന്നെന്നും കെ.വി തോമസ് പറയുന്നു.

മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുയായിരുന്നു കെ.വി തോമസ്. ചെയര്‍മാന്‍ എന്ന നിലയിലുള്ള തന്റെ അവകാശം വിനിയോഗിക്കുമെന്നും എന്നാല്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനല്ല നടപടിയെന്നും കെ.വി തോമസ് പറഞ്ഞു.

പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പിഎസി)ക്കു മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് കെ.വി.തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആരോടും വിശദീകരണം തേടാന്‍ നോട്ട് അസാധുവാക്കലിനെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററികാര്യ സമിതിയായ പിഎസിക്ക് അധികാരമുണ്ടെന്ന് കെ.വി.തോമസ് പറഞ്ഞിരുന്നു.


നോട്ട് റദ്ദാക്കല്‍ നടപടിയില്‍ വിശദീകരണം തേടി പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് സമന്‍സ് അയച്ചിരുന്നു.

നോട്ട് റദ്ദാക്കല്‍ സംബന്ധിച്ച് പത്ത് ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജനുവരി 28നു മുമ്പ് നേരിട്ട് ഹാജരാകണമെന്നു നിര്‍ദേശിച്ച് പിഎസി സമന്‍സയച്ചത്.

500 രൂപ, 1000 രൂപ നോട്ടുകള്‍ അര്‍ധരാത്രിയില്‍ പിന്‍വലിക്കാനുള്ള കാരണം, തീരുമാനത്തില്‍ റിസര്‍വ് ബാങ്കിന്റെ പങ്ക്, ഇതുമൂലം സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ടു മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചത് എന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്.

ജനുവരി 20ന് കമ്മറ്റിക്ക് മുമ്പില്‍ ഹാജരായ ആര്‍ബിഐ ഗവര്‍ണര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. നോട്ടുനിരോധനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് കമ്മറ്റിക്ക് മുമ്പില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Advertisement