എഡിറ്റര്‍
എഡിറ്റര്‍
വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ കാലാവധി ഏര്‍പ്പെടുത്തുന്നു
എഡിറ്റര്‍
Sunday 31st March 2013 1:37pm

കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിദേശ തൊഴിലാളികള്‍ക്ക് കാലാവധി ഏര്‍പ്പെടുത്തുന്ന നിയമം വരുന്നു. ഇതിനായുള്ള നിയമഭേദഗതിക്കുള്ള കരട് രേഖ തയ്യാറാക്കിയതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മൊഹ്‌സിന്‍ അല്‍ മുതോയ്‌രി അറിയിച്ചു.

Ads By Google

വിദേശതൊഴിലാളികളെ സംബന്ധിച്ച് ചില സുപ്രധാന തീരുമാനങ്ങള്‍ മന്ത്രാലയത്തിന്റെ ഉന്നതതല സമിതി എടുത്തതായും അദ്ദേഹം അറിയിച്ചു. വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ തുടരുന്നതിനുള്ള കാലയളവ് കുറക്കാനും ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക ക്വാട്ട നിശ്ചയിക്കാനും സമിതി തീരുമാനിച്ചു.

അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ക്ക്  5 വര്‍ഷവും സാങ്കേതിക തൊഴിലാളികള്‍ക്ക് 7 വര്‍ഷവും സാങ്കേതിക മേഖലയില്‍ വിധഗ്ധരായവര്‍ക്ക്  10 വര്‍ഷവുമാണ് കാലാവാധി.

പുതിയ തീരുമാനം സംബന്ധിച്ച്  വിവിധ മന്ത്രാലയങ്ങളുടെയും നിര്‍ദേശങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ അറിയിക്കാനും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ കരട് രേഖ രണ്ടാഴ്ച്ചക്കുള്ളില്‍ ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ച ശേഷം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.

ഇതുകൂടാതെ വീട്ടുജോലിക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് രാജ്യം വിട്ട് പോകണമെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി പത്രം വേണം. രാജ്യം വിട്ട് പോകുന്ന തൊഴിലാളികളുടെ പേരില്‍ ഉടമ പരാതി നല്‍കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം.

ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയം കുടിയേറ്റവിഭാഗം ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ റഷിദ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നല്‍കിയതായാണ് അറിയുന്നത്.

ഇനിമുതല്‍ സന്ദര്‍ശനവിസയും ഫാമിലി വിസയും മറ്റും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രം അനുവദിച്ചാല്‍ മതിയെന്നും കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement