യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ കുഞ്ഞാലിക്കുട്ടി; കേരളത്തിന്റെ നേട്ടങ്ങളിലേക്ക് എത്തിനോക്കണമെങ്കില്‍ പോലും ഉത്തര്‍പ്രദേശിന് ഇനിയും 25 വര്‍ഷം വേണമെന്ന് മറുപടി
Kerala News
യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ കുഞ്ഞാലിക്കുട്ടി; കേരളത്തിന്റെ നേട്ടങ്ങളിലേക്ക് എത്തിനോക്കണമെങ്കില്‍ പോലും ഉത്തര്‍പ്രദേശിന് ഇനിയും 25 വര്‍ഷം വേണമെന്ന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 10:29 pm

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് കേരളമാവാതിരിക്കാന്‍ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ.

യു.പി കേരളമാകാതിരിക്കാന്‍ ബി.ജെ.പിക്ക് വോട്ട് നല്‍കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണെന്നും ലോകത്തിന്റെ മുമ്പില്‍ പല സന്ദര്‍ഭങ്ങളിലും നമ്മുടെ രാജ്യം തലകുനിക്കേണ്ടി വന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു എന്നത് ബി.ജെ.പി മറന്ന് പോവരുതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം വിഷയത്തിലെ തന്റെ പ്രതിഷേധം അറിയിക്കുന്നത്.

ഇന്ത്യയെന്ന ഏകകത്തിന് ഒരു വിലയും കല്‍പിക്കാതെ തന്നിഷ്ട്ടങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്ത ഇവര്‍ക്ക് കേരളത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും പതിറ്റാണ്ടുകളായി നമ്മള്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ നമുക്ക് കൈമോശം വന്ന് പോയാല്‍ യു.പിയില്‍ സംഭവിക്കുന്നതു പോലുള്ള അനിഷ്ടകരമായ പലതും നമ്മുടെ സാംസ്‌കാരിക കേരളത്തിലും സംഭവിക്കുമെന്നും കുഞ്ഞാലിക്കുട്ടി പോസ്റ്റില്‍ പറയുന്നു.

കമറുദ്ദീന്‍റേത് മയക്കുമരുന്ന് കേസല്ല, ബിസിനസ് തകര്‍ച്ച; അറസ്റ്റിന്  പിന്നില്‍ രാഷ്ട്രീയം: പി.കെ കുഞ്ഞാലിക്കുട്ടി| PK Kunhalikutty says there is  Politics ...

‘ക്രമസമാധാന പാലനത്തിലും, സൗഹൃദ ജീവിത പശ്ചാത്തലത്തിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ കേരളം അതില്‍നിന്നും ഭിന്നമായി മനുഷ്യരുടെ ജീവിതത്തിന് വിലയും അഭിമാനവും നില നിര്‍ത്തുന്ന പ്രദേശമായി നിലകൊണ്ടത് നമ്മള്‍ പുലര്‍ത്തിയ ഉന്നതമായ ജീവിത മൂല്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നു.

ഇത്തരം നേട്ടങ്ങളിലേക്ക് യു.പിക്ക് എത്തി നോക്കണമെങ്കില്‍ തന്നെ ചുരുങ്ങിയത് 25 വര്‍ഷം ഇനിയുമെടുക്കും,’ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.

കേരളത്തിന്റെ ആരോഗ്യപരിരക്ഷാ സംവിധാനം വളരെ സവിശേഷമാണെന്നും ഐക്യ കേരളത്തില്‍ ഇന്നോളമുണ്ടായ എല്ലാ സര്‍ക്കാരുകളും ആ മേഖലയില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം അത്ഭുതാവഹമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം കാണുന്നതിന് മുമ്പ് തന്നെ ഈ ആശയം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

യോഗിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യു.പി കേരളത്തെ പോലെ ആയാല്‍ ഉത്തര്‍പ്രദേശിലെ ജീവിത നിലവാരം ഉയരും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗി നേരത്തെ പറഞ്ഞിരുന്നത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

യു.പി കേരളമാകാതിരിക്കാന്‍ ബി.ജെ.പിക്ക് വോട്ട് നല്‍കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരിഹാസ്യമാണ്. ലോകത്തിന്റെ മുമ്പില്‍ പല സന്ദര്‍ഭങ്ങളിലും നമ്മുടെ രാജ്യം തലകുനിക്കേണ്ടി വന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു എന്നത് ബി.ജെ.പി മറന്ന് പോവരുത്.

ഇന്ത്യയെന്ന ഏകകത്തിന് ഒരു വിലയും കല്‍പ്പിക്കാതെ തന്നിഷ്ട്ടങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്ത ഇവര്‍ക്ക് കേരളത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ല. പതിറ്റാണ്ടുകളായി നമ്മള്‍ കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ നമുക്ക് കൈമോശം വന്ന് പോയാല്‍ യു.പിയില്‍ സംഭവിക്കുന്നതുപോലുള്ള അനിഷ്ടകരമായ പലതും നമ്മുടെ സാംസ്‌കാരിക കേരളത്തിലും സംഭവിക്കും. അതില്ലാതിരിക്കാനാണ് നമ്മള്‍ ജാഗ്രത കാണിക്കേണ്ടത്.

ക്രമ സമാധാന പാലനത്തിലും, സൗഹൃദ ജീവിത പശ്ചാത്തലത്തിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ കേരളം അതില്‍നിന്നും ഭിന്നമായി മനുഷ്യരുടെ ജീവിതത്തിന് വിലയും അഭിമാനവും നില നിര്‍ത്തുന്ന പ്രദേശമായി നിലകൊണ്ടത് നമ്മള്‍ പുലര്‍ത്തിയ ഉന്നതമായ ജീവിത മൂല്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. ഇത്തരം നേട്ടങ്ങളിലേക്ക് യു.പിക്ക് എത്തി നോക്കണമെങ്കില്‍ തന്നെ ചുരുങ്ങിയത് 25 വര്‍ഷം ഇനിയുമെടുക്കും.

UP will become Kerala': Yogi's 'warning' for voters on polling day -  Hindustan Times

സാംസ്‌കാരികവും, സാമ്പത്തികവും, സാമൂഹികവുമായ മേഖലകളില്‍ കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണ്. കേരളത്തിന്റെ ഈ സ്ഥിതിവിശേഷത്തിന് പലതരത്തിലുമുള്ള കാരണങ്ങളുണ്ട്. നമ്മുടെ പൂര്‍വ്വികരായ നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനം തൊട്ട് ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം മാറി മാറി വന്ന ജനാധിപത്യ സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ വരെ ഇതിന് കാരണമായിട്ടുണ്ട്.

കേരളത്തിന്റെ ആരോഗ്യ പരിരക്ഷ വളരെ സവിശേഷമാണ്. ഐക്യ കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള സര്‍ക്കാറുകളെല്ലാം ആ മേഖലയില്‍ വലിയ ജാഗ്രത കാണിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് എല്ലാ ജില്ലകളിലും ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് എന്നത് ഇന്ത്യയിലെ തന്നെ വിപ്ലവകരമായ ഒരു പ്രവര്‍ത്തനമായിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചിരുന്നു. നമ്മുടെ വലിയ സമ്പത്തായ പ്രവാസികള്‍ മുഖേന വിദേശ നാണ്യം നേടുന്നതില്‍ നമ്മളെന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലേക്ക് ജി.ഐ.എം, എമര്‍ജിംഗ് കേരള പോലുള്ള നൂതന ആശയങ്ങള്‍ വന്നതിലൂടെ വ്യാവസായിക മേഖലയില്‍ കേരളം വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്.

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക മറ്റുപല സംസ്ഥാനങ്ങളും ഏറ്റെടുത്തു എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നമ്മള്‍ കൈവരിച്ച നേട്ടം അത്ഭുതകരമായിരുന്നു. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ നയമാണ് നമ്മള്‍ വെച്ച് പുലര്‍ത്തിയത്. എല്ലാ സമൂഹങ്ങളെയും മുഖ്യധാരയിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്ന ചരിത്ര ദൗത്യമാണ് നാം ഇതിലൂടെ നിര്‍വ്വഹിച്ചത്. പിന്നാക്ക പ്രദേശങ്ങളിലേക്ക് സര്‍വകലാശാലകള്‍ അനുവദിച്ചുകൊണ്ട് അതിന്റെ പ്രായോഗികവല്‍ക്കരണമാണ് യു.ഡി.എഫ് ഭരണ കാലങ്ങളില്‍ കേരളം ദര്‍ശിച്ചത്.

സാക്ഷരതയിലും ഐ.ടി സാക്ഷരതയിലും കേരളത്തിന് ഇന്ത്യയുടെ മുന്നില്‍ നടക്കാന്‍ സാധ്യമായിട്ടുണ്ട്. രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ ഐ.ടി വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് ലോകത്തിന് തന്നെ മാതൃകയായ അക്ഷയ പദ്ധതിക്ക് തുടക്കമായത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് ഐ.ടി സാക്ഷരത നല്‍കുക എന്ന പദ്ധതി ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. അതിന്റെ രണ്ടാം ഘട്ടമായിരുന്നു 2010-16 കാലത്തെ യു.ഡി.എഫ് ഭരണത്തില്‍ നടപ്പാക്കിയ ഡിജിറ്റല്‍ സ്റ്റേറ്റ് പദ്ധതി. മോഡി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നം കാണുന്നതിന് മുമ്പ് തന്നെ ഈ ആശയം കേരളം പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.

Content Highlight: PK Kunhalikkutty’s reply to Yogi Adithyanath