'ദുഷ്ട്ടാ... ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്': കുഞ്ചാക്കോ ബോബന്‍
Entertainment news
'ദുഷ്ട്ടാ... ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്': കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th August 2022, 10:20 pm

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പുമായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാസര്‍ഗോഡന്‍ ശൈലി പരീക്ഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം കൂടിയാണ് ന്നാ താന്‍ കേസ് കൊട്.

ഇപ്പോഴിതാ ചിത്രത്തില്‍ കാസര്‍ഗോഡ് ഭാഷ കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യതെക്കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍

ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞപ്പോള്‍ കാസര്‍ഗോഡ് ഭാഷ പറയണം എന്ന് പറഞ്ഞിരുന്നില്ലെന്നും, എന്നാല്‍ പിന്നീട് അതിലേക്ക് എത്തിയ സാഹചര്യവും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചക്കോ പറയുന്നുണ്ട്.

‘കാസര്‍ഗോഡ് ഭാഷ ഉപയോഗിക്കണ്ട എന്ന തിരുമാനത്തിലാണ് സിനിമയിലേക്ക് ആദ്യം എത്തിയത്. രതീഷ് പറഞ്ഞിരുന്നു ഇത് എക്സ് കള്ളന്റെ കഥയാണെന്നും വന്ന് താമസിക്കുന്ന ആളാണ് എന്നും, അത് കേട്ടപ്പോള്‍ തന്നെ എനിക്ക് സമാധാനമായിരുന്നു കാരണം സിങ്ക് സൗണ്ട് ആയത് കൊണ്ട് സ്ലാങ് കൂടി പിടിച്ചാല്‍ എന്റെ കംഫര്‍ട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിരുന്നു.

ഷൂട്ട് തുടങ്ങിയത് ഒരു സോങിലായിരുന്നു ഈ പാട്ടിന്റെ ഇടയില്‍ ഒരു ചെറിയ ഡയലോഗുണ്ടായിരുന്നു, അത് മാത്രം സ്ലാങ്ങില്‍ പറയാം എന്നാണ് രതീഷ് പറഞ്ഞത്. ഞാനും അത് സമ്മതിച്ചു. പിന്നീട് കോടതി രംഗങ്ങളില്‍ സ്ലാങ് ഉപയോഗിച്ചില്ലെങ്കില്‍ തുടര്‍ച്ച നഷ്ടപ്പെടുമെന്ന് രതീഷ് പറഞ്ഞു,’ കുഞ്ചാക്കോ പറയുന്നു. ദുഷ്ട്ടാ ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് എന്നായിരുന്നു രതീഷിനോട് അപ്പോള്‍ താന്‍ പറഞ്ഞത്തെന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.


ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight: Kunchakko Boban about the loval slang used in his new movie Nna Thaan Case Kodu