'ഇത് മുത്തച്ഛനും അച്ഛനുമുള്ള സമര്‍പ്പണം': കുഞ്ചാക്കോ ബോബന്‍ ചിത്രം ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍
Entertainment news
'ഇത് മുത്തച്ഛനും അച്ഛനുമുള്ള സമര്‍പ്പണം': കുഞ്ചാക്കോ ബോബന്‍ ചിത്രം ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th July 2022, 4:24 pm

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് 75-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 75 വര്‍ഷം മുമ്പ് ആരംഭിച്ച മേളയുടെ പ്രധാന മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്. മേള 2022 ഓഗസ്റ്റ് 3നാണ് ആരംഭിക്കുന്നത്.

തന്റെ മുത്തച്ഛനും പിതാവും ചേര്‍ന്ന് സ്ഥാപിച്ച ഉദയ പിക്‌ചേഴ്‌സിസ് 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ അറിയിപ്പിന് ഇത്തരത്തിലൊരു ബഹുമതി കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ഇത് എനിക്കും ഒരു വ്യക്തിപരമായ ബഹുമതിയാണ്, വര്‍ഷങ്ങളോളം മികച്ച മലയാളം സിനിമകള്‍ നിര്‍മിച്ച പാരമ്പര്യമുള്ള എന്റെ മുത്തച്ഛനും അച്ഛനുമുള്ള സമര്‍പ്പണം കൂടിയാണ് ഈ ബഹുമതി. ഇത്രയും മനോഹരമായ ഒരു ചിത്രത്തിന്റെ ഭാഗമായതില്‍ എന്റെ പ്രിയ സുഹൃത്തും, എഴുത്തുകാരനും, സഹനിര്‍മാതാവും, സംവിധായകനുമായ മഹേഷ് നാരായണന്‍, സഹനിര്‍മാതാവ് ഷെബിന്‍ ബക്കര്‍ എന്നിവരോടും ‘അറിയിപ്പ്’ സിനിമയുടെ മുഴുവന്‍ ടീമിനോടും ഞാന്‍ നന്ദി പറയുന്നു.

ഇതൊരു അവിസ്മരണീയമായ യാത്രയായിരുന്നു.’ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ക്കുന്നു. നോയിഡയിലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികള്‍ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

‘ന്നാ താന്‍ കേസ് കൊട്’ ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്ന ന്നാ താന്‍ കേസ് കൊട് ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Content Highlight : Kunchacko Boban film Ariyippu Selected to Locarno Film Festival