ഇന്‍ഡിഗോയോട് 25 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് കുനാല്‍ കമ്ര; 'നിരുപാധികം മാപ്പ് പറയണം'
national news
ഇന്‍ഡിഗോയോട് 25 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് കുനാല്‍ കമ്ര; 'നിരുപാധികം മാപ്പ് പറയണം'
ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 1:54 pm

ന്യൂദല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വക്കീല്‍ നോട്ടീസ് അയച്ച് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. അര്‍ണാബ് ഗോസ്വാമിയെ വിമാനത്തില്‍ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് ഇന്‍ഡിഗോ ആറ് മാസത്തേക്ക് കുനാല്‍ കമ്രക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു.

യാത്രാവിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കുനാല്‍ കമ്ര വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ക്ഷമാപണം രാജ്യത്തെ പ്രധാന പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യം ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്കുണ്ടായ മാനസിക വേദനക്കും സംഭവത്തെ തുടര്‍ന്ന് സ്വദേശത്തും വിദേശത്തും പരിപാടികള്‍ നിര്‍ത്തലാക്കിയതിനാലും നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഇന്‍ഡിഗോ എയര്‍ലൈനിനോട കുനാല്‍ കമ്ര ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്.എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു.

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഇന്‍ഡിഗോ പറഞ്ഞത്.
ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.

ചോദ്യങ്ങള്‍ ചോദിക്കുന്ന കമ്രയോട് അര്‍ണാബ് മറുപടി നല്‍കാന്‍ തയ്യാറാവാത്തതും വിഡിയോയില്‍ വ്യക്തമാണ്.
തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.

‘ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും’ കുനാല്‍ കമ്ര പറയുന്നുണ്ട്.