എഡിറ്റര്‍
എഡിറ്റര്‍
എഴുത്തുക്കാര്‍ക്ക് യഥാര്‍ത്ഥ ഭീഷണി കോണ്‍ഗ്രസാണെന്നാണ് ടീച്ചര്‍ പറഞ്ഞത്;കെ.പി ശശികലയെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Monday 11th September 2017 3:09pm

 

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികല ടീച്ചറെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

എഴുത്തുകാര്‍ യഥാര്‍ഥത്തില്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ഇതാണ് ടീച്ചര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ഇത് മറച്ചുവെച്ചുകൊണ്ടാണ് വി.ഡി സതീശന്‍ ശശികലക്കെതിരെ കേസ് കൊടുത്തത്. അദ്ദേഹം ആരോപിച്ചു

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ മതേതര എഴുത്തുകാര്‍ ആയുസിന് വേണ്ടി മൃത്യുഞ്ജയഹോമം കഴിപ്പിക്കുന്നത് നല്ലതാണെന്നും ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതിവരുമെന്നും ശശികല പ്രസംഗിച്ചിരുന്നത്.

‘എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍ എസ് എസ്. എതിര്‍ക്കുന്നവരെ കൊല്ലണ്ട ഗതികേട് ആര്‍ എസ് എസിനില്ല. അങ്ങനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമാണ്. അതുകൊണ്ട് ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല”ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍ പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം’ എന്നായിരുന്നു ശശികലയുടെ പരാമര്‍ശം.


Also read നിലയ്ക്കാത്ത കുമ്മനടികള്‍; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ


തുടര്‍ന്ന് ശശികലക്കെതിരെ വി.ഡി സതീശന്‍ എം.എല്‍.എ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പറവൂര്‍ പൊലീസ് കേസെടുത്തിരുന്നു.ഐ.പി.സി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം 2006 ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് കസബ പൊലീസും ശശികലയ്‌ക്കെതിരെ കേസേടുത്തിരുന്നു.2006 ലെ പ്രസംഗത്തിന് 2017 ല്‍ കാസര്‍ഗോഡ് പൊലീസിലാണ് ആദ്യം പരാതി കൊടുത്തിരുന്നത്. എന്നാല്‍ പ്രസംഗം കോഴിക്കോട് വെച്ചുള്ളതായതിനാല്‍ കേസ് കസബ പൊലീസിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ആറുമാസം മുമ്പ് കേസ് ചാര്‍ജ് ചെയ്യപ്പെടുകയും അറസ്റ്റുണ്ടാകുമെന്ന് കരുതി ശശികല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതിനെത്തുടര്‍ന്ന് നടപടി ക്രമങ്ങള്‍ അനന്തമായി നീണ്ടുപോകുകയായിരുന്നു.

Advertisement