എഡിറ്റര്‍
എഡിറ്റര്‍
പൊറുതിമുട്ടിച്ചാല്‍ വിമോചന സമരവും; കോടിയേരിക്ക് തുറന്ന കത്തുമായി കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Wednesday 11th October 2017 10:07am

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുറന്ന കത്തുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊറുതി മുട്ടിച്ചാല്‍ വിമോചന സമരവും എന്ന തലക്കെട്ടോടെയാണ് കോടിയേരിക്ക് ഒരു തുറന്ന കത്തെന്ന പേരില്‍ കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരളത്തിലെ തിന്മകള്‍ നിരത്തിയും വരാന്‍ പോകുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയുമാണ് ബിജെപി ജനരക്ഷായാത്ര നടത്താന്‍ നിശ്ചയിച്ചത്.
ഒക്ടോബര്‍ 3 ന് പയ്യന്നൂരില്‍ തുടങ്ങി 17 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര തുടങ്ങിയപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പുമായി താങ്കളും സി.പി.ഐ.എമ്മും നിലയുറപ്പിച്ചു. സ്വാഭാവികമായും അതിനുള്ള അവകാശവും സ്വാതന്ത്ര്യവും താങ്കള്‍ക്കുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ യാത്ര മതസൗഹാര്‍ദ്ദം തകര്‍ക്കാനും ജാതിവേര്‍തിരിവുണ്ടാക്കാനുമാണെന്ന സി.പി.ഐ.എം ആരോപണം തികച്ചും അസത്യമാണെന്ന് താങ്കള്‍ക്കുമറിയാം.

ജാതി-മത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. സി.പി.ഐ.എം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകുമെന്നുംകുമ്മനം ചോദിക്കുന്നു.

ആധുനികഭാരതചരിത്രം കമ്മ്യൂണിസ്റ്റുകാരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുകയാണെന്നും തങ്ങളുടെ ഈ കുറ്റം യുവജനങ്ങള്‍ അറിയാതിരിക്കാന്‍വേണ്ടിയാണ് കമ്മ്യൂണിസ്റ്റുനേതാക്കള്‍ ദേശീയതയുടെ വക്താക്കളാണെന്നു സ്വയം കൊട്ടിഘോഷിക്കുകയും മറ്റു പാര്‍ട്ടികളെയെല്ലാം വര്‍ഗീയമെന്നോ വര്‍ഗീയതയെ വളര്‍ത്തുന്നവരെന്നോ കുറ്റപ്പെടുത്തുകയും ചെയ്യുന്നതെന്നും കുമ്മനം പറയുന്നു.

തങ്ങളുടെ പാപകൃത്യങ്ങള്‍ ആരും അറിയരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്വാതന്ത്ര്യസമരത്തെപറ്റിയും അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച ദേശദ്രോഹപരമായ ദുഷ്ടതയെപ്പറ്റിയും അറിഞ്ഞുകൂടാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ പുതിയ ചരിത്രം വിളമ്പുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊറുതിമുട്ടിച്ചാല്‍
വിമോചന സമരവും**
*കോടിയേരിക്കൊരു തുറന്ന കത്ത്*
മാന്യസുഹൃത്തേ,
ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യവും ഭരണപരിചയവുമുള്ള ആളാണല്ലോ അങ്ങ്. രാഷ്ട്രീയ പ്രചരണത്തിനും ബോധവല്‍ക്കരണത്തിനും നിരവധി മാര്‍ഗങ്ങളെ അവലംബിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കേരളത്തിനുണ്ട്. അതിലൊന്നാണ് നേതാക്കള്‍ നയിക്കുന്ന യാത്രകള്‍. കേരളത്തിലെ തിന്മകള്‍ നിരത്തിയും വരാന്‍ പോകുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയുമാണ് ബിജെപി ജനരക്ഷായാത്ര നടത്താന്‍ നിശ്ചയിച്ചത്.
ഒക്ടോബര്‍ 3 ന് പയ്യന്നൂരില്‍ തുടങ്ങി 17 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര തുടങ്ങിയപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പുമായി താങ്കളും സിപിഎമ്മും നിലയുറപ്പിച്ചു. സ്വാഭാവികമായും അതിനുള്ള അവകാശവും സ്വാതന്ത്ര്യവും താങ്കള്‍ക്കുണ്ട്. എന്നാല്‍ ബിജെപിയുടെ യാത്ര മതസൗഹാര്‍ദ്ദം തകര്‍ക്കാനും ജാതിവേര്‍തിരിവുണ്ടാക്കാനുമാണെന്ന സിപിഎം ആരോപണം തികച്ചും അസത്യമാണെന്ന് താങ്കള്‍ക്കുമറിയാം.
ജാതി-മത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. സിപിഎം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷം പരത്തുന്നതാകും?


Dont Miss വേങ്ങരയില്‍ പോളിങ് ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്


1992 ഏപ്രില്‍ ഒന്നിന് ഐഎസ്എസ് എന്ന സംഘടനയുടെ പേരില്‍ തെക്കന്‍ കേരളത്തിലെ ആറു ജില്ലകളിലായി 186 സ്ഥലങ്ങളില്‍ ഒരേ രീതിയില്‍ സംഘടിത ആക്രമണം നടത്തി. അബ്ദുള്‍ നാസര്‍ മദനിയുടെ രംഗപ്രവേശം അതിലൂടെയായിരുന്നു. അന്ന് വരാന്‍ പോകുന്ന ആപത്ത് ബിജെപി ചൂണ്ടിക്കാട്ടിയതാണ്. ആദ്യമൊക്കെ സിപിഎമ്മും മുസ്ലീം ലീഗുമെല്ലാം ഐഎസ്എസിനെ എതിര്‍ത്തെങ്കിലും പിന്നീട് മദനിക്കുവേണ്ടി ഒരുമിച്ചുനില്‍ക്കുന്ന കാഴ്ചയും കണ്ടു. ഈ വീഴ്ചയാണ് വളരാനുള്ള ഭൂമികയായി കേരളത്തെ ഭീകരര്‍ മാറ്റിയത്. ഇ.കെ.നായനാരെ വധിക്കാന്‍പോലും ഇവരില്‍ ചിലര്‍ പദ്ധതിയിട്ടിരുന്നു. അതൊക്കെ തുറന്നുപറഞ്ഞാല്‍ അതെങ്ങനെ മതവിദ്വേഷമാകും?

കേരളത്തില്‍ മതതീവ്രവാദികളുടെ സജീവ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രിയായിരിക്കെ താങ്കള്‍ തന്നെ സമ്മതിച്ചതാണ്. മതതീവ്രവാദത്തിന് ആയുധവും നൂറുകോടി രൂപയും ലഭിച്ചതായി തടിയന്റവിട നസീര്‍ സമ്മതിച്ചത് താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കെയല്ലെ?
കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയും കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സജീവസാന്നിധ്യമുണ്ടെന്ന് തുറന്ന് പറഞ്ഞതല്ലെ? ഇത് മാവോയിസ്റ്റ് സാന്നിധ്യത്തേക്കാള്‍ വളരെ കൂടൂതാണെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു. അഞ്ച് സംഘടനകള്‍ കേന്ദ്ര നിരീക്ഷണത്തിലാണെന്നു വെളിപ്പെടുത്തിയതുമാണ്. ബിജെപി അക്കാര്യം ഉറക്കെപറയുമ്പോള്‍ താങ്കളുടെ പാര്‍ട്ടി എന്തിനാണ് ബിജെപിക്കെതിരെ പറയുന്നതെന്നത് സംശയാസ്പദമാണ്.

ബിജെപി ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനാണ് പോകുന്നതെന്ന് താങ്കള്‍ ആക്ഷേപിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ എത്ര മുസ്ലീം സമുദായാംഗങ്ങളെ താങ്കളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വകവരുത്തിയെന്ന് തിരിഞ്ഞുനോക്കുമോ? താങ്കളുടെ ജില്ലയിലെ വളപട്ടണത്ത് മഹമൂദ് എന്ന ചെറുപ്പക്കാരനെ മാത്രമല്ല രാമാന്തള്ളി പള്ളിയിലെ മുക്രിയെ വരെ പള്ളിയില്‍ കയറി കൊന്നില്ലെ. തളിപ്പറമ്പിലെ ഷുക്കൂര്‍ എന്തിനാണ് വധിക്കപ്പെട്ടത്? തലശ്ശേരിയിലെ ഫസല്‍, നാദാപുരത്തെ കൊലപാതകങ്ങള്‍ ഇതൊക്കെ എന്താണ് വ്യക്തമാക്കുന്നത്?

കൊലപാതകം സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. കണ്ണൂരില്‍ ഒരു കാലത്ത് സോഷ്യലിസ്റ്റുകളായിരുന്നു സിപിഎമ്മിന്റെ ശത്രു. പിന്നീടത് മുസ്ലീങ്ങളായി. മാര്‍ക്സിസ്റ്റ്പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് തലശേരി കലാപമെന്നാണ് സിപിഐ വ്യക്തമാക്കിയിട്ടുള്ളത്. അത് ഇന്നേവരെ തിരുത്തിയിട്ടുമില്ല. മട്ടന്നൂര്‍ ചാവശേരിയില്‍ ഓടുന്ന ബസ് തടഞ്ഞ് നിറുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മൂന്നുപേരെ ചാരമാക്കിയ പാര്‍ട്ടിയാണ് സിപിഎം. പറശിനികടവില്‍ മിണ്ടാപ്രാണികളെ ചുട്ടും വെട്ടിയും കൊന്നത് ആരാണെന്ന് പാറയേണ്ടതില്ലല്ലൊ?

”ഇടത് ഭരണത്തില്‍ മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും രക്ഷയില്ലെന്ന് സി.എച്ച്. മുഹമ്മദ്കോയ്ക്ക് പറയേണ്ടിവന്നില്ലെ.മുഖ്യമന്ത്രി സര്‍വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ത്തശേഷം 5 ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകരെയാണ് സിപിഎം കൊന്നത്. ഏറ്റവും ഒടുവില്‍ ശ്രീകാര്യത്തെ രാജേഷിനെ. പിന്നെയും കൊലവിളി തുടരുന്നു. ബിജെപി സംസ്ഥാന കാര്യാലയം പോലും തകര്‍ക്കാന്‍ ശ്രമിച്ചില്ലേ.
യുഡിഎഫ് ഭരണം അഴിമതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അഴിമതിക്കൊപ്പം അക്രമവും മേമ്പൊടിയാക്കി എന്നതാണ് ഇടതുഭരണത്തിന്റെ മഹിമ.

ഒരുവര്‍ഷത്തിനിടയില്‍ നാടാകെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി സിപിഎം
സ്വര്യജീവിതം അസാധ്യമാക്കി. അക്രമങ്ങളുടെ തലസ്ഥാനമായി മുഖ്യമന്ത്രിയുടെ ജില്ലയെ മാറ്റി. പയ്യന്നൂര്‍ അതിന്റെ സിരാകേന്ദ്രമാണ്. ജനരക്ഷായാത്ര പയ്യന്നൂരില്‍ നിന്ന് തുടങ്ങാനുള്ള കാരണവും അതുതന്നെ. രാഷ്ട്രീയപ്രതിയോഗികള്‍ക്കു മാത്രമല്ല പോലീസുകാര്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയായി. കഴിഞ്ഞദിവസം തൊടുപുഴയില്‍ പോലീസുകാരെ തെരുവിലിട്ടു തല്ലിയത് കുട്ടിസഖാക്കളാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനും പോലീസിനു പോലും ഭീഷണിയായിത്തീര്‍ന്ന മറ്റൊരു കാലവും ഭരണവും മുമ്പുണ്ടായിട്ടില്ല.
ദേശീയപ്രസ്ഥാനങ്ങളാണ് സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും കണ്ണിലെ കരട്.

ദേശീയത എന്നു കേള്‍ക്കുമ്പോള്‍ തന്നെ അസഹിഷ്ണുത പതഞ്ഞുപൊങ്ങും. ദേശീയത അവര്‍ക്ക് വര്‍ഗീയതയാണ്.എന്നാല്‍ എല്ലാത്തരം വര്‍ഗീയ ഭീകരവാദപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുകളുടെ സുഹ്യത്തും ചങ്ങാതിമാരുമാണെന്നത് താങ്കള്‍ക്കും അറിയുന്നതല്ലേ? അവരെ പ്രോത്സാഹിപ്പിക്കാനും പോറ്റിവളര്‍ത്താനും ഒരു സങ്കോചവുമില്ല. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ഈ കാര്യത്തില്‍ മത്സരമാണ്. വര്‍ഗീയത ആരോപിച്ച് അകറ്റി നിര്‍ത്തിയിരുന്ന മുസ്ലിംലീഗിനെയും കേരള കോണ്‍ഗ്രസിനെയും എന്തിന് മദനിയുടെ പാര്‍ട്ടിയോടൊത്തുനിന്നുപോലും വോട്ടുതേടി. എന്നിട്ടും കമ്മ്യൂണിസ്റ്റുകാര്‍ മതേതരത്വത്തിന്റെ മേലങ്കി അണിയുന്നു. 1959 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. തൊട്ടുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കെതിരെ മുന്നണിയുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസ്-ലീഗ്-പിഎസ്പി മുന്നണി വന്നപ്പോള്‍ ”കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല” എന്നായിരുന്നു കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം.
പക്ഷേ കൂട്ടുകെട്ടില്ലാതെ ഒരു കമ്മ്യൂണിസ്റ്റ് കൊടിയും പിന്നീട് പൊങ്ങിയിട്ടില്ല എന്നതല്ലെ വാസ്തവം.
ബിജെപി ഒരു വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന താങ്കളുടെ പ്രസ്താവന ഭീതിയില്‍ നിന്നുടലെടുത്തതാണ്. പൊറുതിമുട്ടിച്ചാല്‍ വിമോചനസമരത്തിനിറങ്ങുന്നതും തെറ്റല്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകാര്‍ വളരെ ആവേശത്തോടെ ദേശീയതയെപ്പറ്റിയും ദേശീയോദ്ഗ്രഥനത്തെപ്പറ്റിയും പ്രസംഗിക്കാറുണ്ട്. നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്ന വിചാരം കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമേ ഉള്ളൂ. മറ്റു പാര്‍ട്ടികളെല്ലാം സങ്കുചിതവീക്ഷണമുള്ളവയാണ്. അവയെല്ലാം വര്‍ഗീയകക്ഷികളോ പ്രാദേശികകക്ഷികളോ പിന്തിരിപ്പന്‍ കക്ഷികളോ ആണ് എന്ന വിചാരം യുവാക്കളുടെ ഇടയില്‍ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഈ ആവേശകരമായ പ്രചരണം നടത്തുന്നത്. താങ്കളുടെ പാര്‍ട്ടിയുടെ ഈ അമിതമായ ആവേശത്തിനു കാരണമുണ്ട്. തങ്ങള്‍ക്കു ദേശീയതയോ ദേശഭക്തിയോ അല്പംപോലുമില്ലെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാക്കന്മാര്‍ക്കു നന്നായിട്ടറിയാം. ദേശീയതയുടെ അഭാവമാണ് കമ്മ്യൂണിസ്റ്റുകാരുടെ ദൗര്‍ബല്യം. ഭാരതചരിത്രത്തിന്റെ നിര്‍ണായകഘട്ടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആധുനികഭാരതചരിത്രം കമ്മ്യൂണിസ്റ്റുകാരെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുകയാണ്. തങ്ങളുടെ ഈ കുറ്റം യുവജനങ്ങള്‍ അറിയാതിരിക്കാന്‍വേണ്ടിയാണ് കമ്മ്യൂണിസ്റ്റുനേതാക്കള്‍ ദേശീയതയുടെ വക്താക്കളാണെന്നു സ്വയം കൊട്ടിഘോഷിക്കുകയും മറ്റു പാര്‍ട്ടികളെയെല്ലാം വര്‍ഗീയമെന്നോ വര്‍ഗീയതയെ വളര്‍ത്തുന്നവരെന്നോ കുറ്റപ്പെടുത്തുകയും ചെയ്യുന്നത്.

തങ്ങളുടെ പാപകൃത്യങ്ങള്‍ ആരും അറിയരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്വാതന്ത്ര്യസമരത്തെപറ്റിയും അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച ദേശദ്രോഹപരമായ ദുഷ്ടതയെപ്പറ്റിയും അറിഞ്ഞുകൂടാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ പുതിയ ചരിത്രം വിളമ്പുന്നു.

താങ്കള്‍ എന്തുതന്നെ പ്രചരിപ്പിച്ചാലും പറഞ്ഞാലും തിരിച്ചുകയറാന്‍ പറ്റാത്ത കയത്തിലാണ് നിങ്ങള്‍ ചെന്നുപെട്ടത്. ചെങ്കൊടി പിഴുതെറിയാന്‍ ബിജെപി മോഹിക്കേണ്ടെന്നാണ് താങ്കളുടെ ദേശീയസെക്രട്ടറി പറയുന്നത്. ബിജെപിക്ക് അങ്ങനെ ഒരു മോഹമൊന്നുമില്ല. പക്ഷേ ചെങ്കൊടിപിഴുതെറിയുന്ന ഒരുകാലംവരും. റഷ്യയില്‍ നിന്ന് ലെനിന്റെ കൂറ്റന്‍ പ്രതിമ വലിച്ച് തറയിലിട്ടില്ലെ! അത് ആര്‍എസ്എസോ ബിജെപിയോ അല്ലല്ലോ? ചെങ്കൊടി പിടിച്ചവര്‍ തന്നെ പിഴുതെറിയല്‍ കൃത്യം നടത്തിയിരിക്കും. അതിനായി കാത്തിരിക്കാം. ജനരക്ഷാ യാത്രയ്ക്ക് ബിജെപി പോലും പ്രതീക്ഷിക്കാത്ത ജനപ്രീതി നേടിത്തന്ന താങ്കള്‍ക്കും പാര്‍ട്ടിക്കും ഹൃദയപൂര്‍വ്വം നന്ദി.
എന്ന്
സ്നേഹപൂര്‍വ്വം
കുമ്മനം രാജശേഖരന്‍

Advertisement