എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്റെ വിരമിക്കലിനെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ല: കുംബ്ലെ
എഡിറ്റര്‍
Saturday 6th October 2012 11:41am

ന്യൂദല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇല്ലാത്ത ക്രിക്കറ്റിനെ കുറിച്ച് തനിക്ക് ചിന്തിക്കാനേ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. വിടപറയലിനെ കുറിച്ച് സച്ചിന്‍ ഇപ്പോള്‍ ആലോചിക്കരുതെന്നാണ് തനിയ്ക്ക് പറയാനുള്ളതെന്നും കുംബ്ലെ പറഞ്ഞു.

‘സച്ചിന്‍ കളി തുടരണം എന്നതാണ് എന്റെ അഭിപ്രായം. പതിമൂന്ന് വര്‍ഷം സച്ചിനൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ ലഭിച്ചത് അസുലഭമായ അവസരമാണ്.

Ads By Google

സച്ചിനെപ്പോലൊരു പ്രതിഭയ്ക്ക് ഇനിയും ഒരുപാട് നാള്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ സാധിക്കും. ചില ഇന്നിങ്‌സുകളില്‍ ഫോം നഷ്ടപ്പെടുന്നത് വിഷയമാക്കി എടുക്കരുത്. കഠിനമായ പ്രാക്ടീസിലൂടെ അതിനെ മറികടക്കാനാവുന്നതേയുള്ളു.

പല കോണില്‍ നിന്നും സച്ചിന്റെ വിരമിക്കലിനെ കുറിച്ച് സമ്മര്‍ദ്ദം വരുന്നുണ്ട്. ഒരു പക്ഷേ അതായിരിക്കാം അദ്ദേഹത്തെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ തന്റെ കഴിവും പ്രാപ്തിയും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അറിയുക സച്ചിന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് വേണ്ടി ഇനിയും ഏറെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നിടത്തോളം കാലം ടീമിനൊപ്പം തന്നെ നില്‍ക്കണം.

സച്ചിന്റെ കഴിവ് ഒരു പക്ഷേ അദ്ദേഹത്തിന് മുഴുവനായും അറിയില്ലായിരിക്കാം. എന്നാല്‍ അദ്ദേഹത്തോടൊപ്പം ഒരു മത്സരമെങ്കിലും കളിക്കാന്‍ കഴിഞ്ഞ ഏതൊരാള്‍ക്കും അദ്ദേഹത്തിന്റെ ക്രിക്കറ്റിലെ പ്രാഗത്ഭ്യം മനസിലാകും.

എന്നെങ്കിലുമൊരിക്കല്‍ സച്ചിന്‍ വിരമിച്ചേ മതിയാകൂ. എന്നാല്‍, എപ്പോള്‍ വിരമിക്കണം എന്നത് സച്ചിന് വിട്ടുകൊടുക്കേണ്ട ഒരു തീരുമാനമാണ്. മറ്റാരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാവരുത് സച്ചിന്റെ വിരമിക്കല്‍. പ്രായം മാത്രം പറഞ്ഞ് ക്രിക്കറ്റിനോട് വിരമിക്കുന്ന ഒരാളായി സച്ചിന്‍ ഒരിക്കലും മാറരുതെന്നാണ് ആഗ്രഹം’-കുംബ്ലെ പറഞ്ഞു.

തന്റെ സ്‌പോര്‍ട്‌സ് അക്കാദമിയായ ടെന്‍വിക്കിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

Advertisement