എഡിറ്റര്‍
എഡിറ്റര്‍
‘അക്രമികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിട്ടതിന്റെ ഫലമായി 35 ഓളം പേരാണ് കൊല്ലപ്പെട്ടത്’; ദേരാ സച്ചാ സൗദ കലാപത്തില്‍ കുമ്മനത്തിന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 28th August 2017 9:46pm

കോഴിക്കോട്: ഹരിയാനയിലും പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട അക്രമത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു അനുയായികള്‍ അഴിഞ്ഞാടിയത്. അക്രമത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ അക്രമ സംഭവത്തെ ലഘൂകരിച്ചു കൊണ്ടുള്ള ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

‘നിയമസംവിധാനങ്ങളില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇവിടങ്ങളിലുണ്ടായത്. അക്രമികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിട്ടതിന്റെ ഫലമായി 35 ഓളം പേരാണ് കൊല്ലപ്പെട്ടത്.
15,000 കേന്ദ്രസേനാംഗങ്ങളെയും, പട്ടാളത്തേയും വിന്യസിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാരും സഹകരിക്കുകയുണ്ടായി.’ എന്നായിരുന്നു കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇത്രയും ആളുകളുടെ മരണത്തെ നിസാരവത്കരിക്കുന്നതാണ് കുമ്മനത്തിന്റെ പോസ്‌റ്റെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ജനങ്ങളുടെ മരണത്തെ ചെറുതാക്കി കാണിച്ച് കേന്ദ്രത്തെ പ്രശംസിക്കാനാണ് കുമ്മനം ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


Also Read:  സ്ത്രീകളുടെ ചേലാകര്‍മ്മം; പി.കെ ഫിറോസിനും യൂത്ത് ലീഗിനുമെതിരെ സമസ്ത ഇ.കെ വിഭാഗം; വിമര്‍ശനം കനത്തപ്പോള്‍ യൂത്ത് ലീഗിനെ പ്രശംസിച്ച പോസ്റ്റ് വലിച്ച് മുനവ്വറലി തങ്ങള്‍ 


ഹരിയാനയിലെ കലാപത്തില്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ മുഖ്യമന്ത്രി പിണറായി വിജയനേയും കുമ്മനം തന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും റോഹ്തക് കോടതി ശിക്ഷ വിധിച്ചു. രണ്ട് ബലാത്സംഗക്കേസിലുമായാണ് കോടതി ഗുര്‍മീതിനുള്ള ശിക്ഷ വിധിച്ചത്.

എന്നാല്‍ കോടതിവിധിയില്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി പ്രതികരിച്ചു. റോഹ്തക് ജയിലിലെ താത്ക്കാലിക കോടതിയിലാണ് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നായിരുന്നു സി.ബി.ഐ വാദിച്ചിരുന്നത്.

ഇരുപക്ഷത്തിനും അവസാനവാദത്തിനായി കോടതി പത്ത് മിനിട്ട് അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രായം ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ പാടില്ലെന്നാണ് വളരെ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗുര്‍മീതിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Advertisement