എഡിറ്റര്‍
എഡിറ്റര്‍
‘ഹാട്രിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്ത അച്ഛന്‍; പൂജാമുറിയില്‍ കയറി വാതിലടച്ച അമ്മ’; കുല്‍ദീപിന്റെ ചരിത്ര നേട്ടത്തെ കുറിച്ച് കുടുംബത്തിനും ചിലത് പറയാനുണ്ട്
എഡിറ്റര്‍
Sunday 24th September 2017 1:26pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഈ നിമിഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് കുല്‍ദീപ് യാദവെന്ന തുറുപ്പു ചീട്ടിനെ കുറിച്ചാണ്. നീലക്കുറിഞ്ഞി പൂക്കുന്നപോലെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ചൈനമാന്‍ എന്ന പ്രതിഭാസമാണ് കുല്‍ദീപ്. അവനില്‍ നിന്നും മറ്റൊരു ചരിത്രം കൂടി കഴിഞ്ഞ ദിവസം പിറന്നു. 26 വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിനത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കുല്‍ദീപ്. കുല്‍ദീപിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് സാക്ഷാല്‍ കപില്‍ദേവും ചേതന്‍ ശര്‍മ്മയും മാത്രമാണ്. ചേതനാണ് ഒന്നാമന്‍.

മകന്റെ നേട്ടത്തില്‍ അമ്മ ഉഷാ ദേവിയ്ക്ക് പറയാനുള്ളത് രസകരമായ കഥയാണ്.

ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ കുല്‍ദീപിന്റെ ആദ്യ സ്‌പെല്ലില്‍ കാര്യമായ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇതോടെ ഉഷാദേവിയ്ക്ക് ആതിയായി. കളി കാണുന്നത് മതിയാക്കി അവര്‍ പൂജാ മുറിയിലേക്ക് കടന്നു.

പതിവ് സന്ധ്യാ പ്രാര്‍ത്ഥനയ്ക്കായി കാന്‍പൂരിലെ വീട്ടിലെ പൂജാമുറിയിലേക്ക് ഉഷാ ദേവി കയറി. അത് നവരാത്രിയുടെ ആദ്യ ദിനം കൂടിയായിരുന്നു. അപ്പോഴും തൊട്ടപ്പുറത്തെ മുറിയിലിരുന്ന് കുടുംബം മുഴുവന്‍ മകന്റെ കളി കാണുന്നുണ്ടായിരുന്നു. പക്ഷെ ഉഷ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരുന്നു.


Also Read: ‘കണക്കിലും കണക്കാണല്ലോ സുരേട്ടാ…’; പെട്രോള്‍ വില വര്‍ധനവ് സംസ്ഥാന സര്‍ക്കാരിന്റെ തലയിലിടാന്‍ കള്ളക്കണക്കുമായി കെ.സുരേന്ദ്രന്‍; പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ


പെട്ടെന്നായിരുന്നു അപ്പുറത്തെ മുറിയില്‍ നിന്നും സന്തോഷത്തിന്റെ ചിരികളും കയ്യടിയും ആരംഭിച്ചത്. കു്ല്‍ദീപ് ഹാട്രിക് നേടി കഴിഞ്ഞിരുന്നു അപ്പോള്‍. ‘ ആദ്യ ഓവറുകളില്‍ പതറിയതോടെ അവന്റെ കളി കാണാന്‍ എനിക്ക് വയ്യാതായി. അതാണ് പൂജാ മുറിയില്‍ കയറിയത്. ‘ ഉഷാദേവി പറയുന്നു.

കുല്‍ദീപ് ഹാട്രിക്ക് നേടിയെന്ന താന്‍ ആദ്യ വിശ്വസിച്ചില്ലെന്നും പിന്നീട് റീപ്ലേ കണ്ടാണ് വിശ്വസിച്ചതെന്നുമാണ് അവര്‍ പറയുന്നത്. നവരാത്രി കാലത്ത് ഇതിലും വലിയ സമ്മാനം തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നും അവര്‍ പറയുന്നു.

ക്രിക്കറ്റിനെ കുറിച്ച് ഒന്നുമറിയാത്ത താന്‍ കളി കാണാന്‍ തുടങ്ങിയതു തന്നെ മകനുവേണ്ടായാണെന്ന് പിതാവ് രാം സിംഗ് യാദവും പറയുന്നു. ഹാട്രിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം പോലും താന്‍ മനസിലാക്കിയത് ഈഡന്‍ ഗാര്‍ഡനിലെ പ്രകടനത്തിന് ശേഷമാണെന്നാണ് അദ്ദേഹം പറയുന്നു.

Advertisement