'ചാഹലോ കുല്‍ദീപോ ആരാണ് കൂടുതല്‍ അപകടകാരി?'; ശിഖര്‍ ധവാന്റെ ഉത്തരം ഇതാണ്
India-South Africa
'ചാഹലോ കുല്‍ദീപോ ആരാണ് കൂടുതല്‍ അപകടകാരി?'; ശിഖര്‍ ധവാന്റെ ഉത്തരം ഇതാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2018, 3:46 pm

കേപ്ടൗണ്‍: ചാഹലിനേക്കാള്‍ അപകടകാരി കുല്‍ദീപ് യാദവാണെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. മൂന്നാം ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധവാന്‍. കഴിഞ്ഞ രണ്ട് ഏകദിനങ്ങിലും ഇന്ത്യയുടെ സ്പിന്‍ ഇരട്ടകള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയാണ്. രണ്ട് മത്സരത്തില്‍ നിന്നുമായി 13 വിക്കറ്റുകളാണ് ചാഹലും കുല്‍ദീപും നേടിയിരിക്കുന്നത്.

“റിസ്റ്റ് സ്പിന്നര്‍മാരെ കളിക്കുക അത്ര എളുപ്പമല്ല. കാരണം ഫ്‌ളാറ്റ് വിക്കറ്റില്‍ പോലും അവര്‍ക്ക് പന്ത് തിരിപ്പിക്കാന്‍ സാധിക്കും. ഓവര്‍സീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് ഇതത്ര പരിചയമില്ലാത്തതു കൊണ്ടു തന്നെ പന്ത് തിരിയുന്നത് കാണുമ്പോള്‍ തന്നെ അവര്‍ക്ക് ആശങ്കയാകും. അതുകൊണ്ടാണ് അവര്‍ വിജയിക്കുന്നതും.” ധവാന്‍ പറയുന്നു.

“കുല്‍ദീപിനേയും ചാഹലിനേയും കുറിച്ച് പറയുകയാണെങ്കില്‍, കുല്‍ദീപിനെ പഠിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ലെഗ് സ്പിന്നറെ മനസിലാക്കാന്‍ കുറച്ച് കൂടി എളുപ്പമാണ്. അതേസമയം, ലെഗ് സ്പിന്നിനെ മനസിലാക്കാന്‍ സാധിക്കാത്തവരുമുണ്ട്. അതുകൊണ്ടാണ് ചാഹലിന്റെ ഗൂഗ്ലി മിക്കവരേയും കറക്കി വീഴ്ത്തുന്നത്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം കുല്‍ദീപാണ് കൂടുതല്‍ കഠിനം.” താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം പരമ്പരയില്‍ 2-0 ന് മുമ്പിലാണ് ഇന്ത്യ. കേപ്പ് ടൗണില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യ തന്നെയാണ് ഫേവറീറ്റുകള്‍. പ്രധാന താരങ്ങളായ ഡിവില്യേഴ്‌സിനേയും ഡുപ്ലെസിസിനേയും ഡികോക്കിനേയും നഷ്ടമായതോടെ പോര്‍ട്ടീസ് നിര ആകെ പരുങ്ങലിലായിരിക്കുകയാണ്.

ടെസ്റ്റ് പരമ്പരയുടെ മുഴുവന്‍ ക്ഷീണവും തീര്‍ത്ത് ഏകദിന പരമ്പരയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. രണ്ട് ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ് വിരാടും സംഘവും. നിലവിലെ സാഹചര്യങ്ങളില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് തിരിച്ചു വരവെന്നത് ഏറെക്കുറെ അസാധ്യമാണ്.