എഡിറ്റര്‍
എഡിറ്റര്‍
എന്റെ കുഞ്ഞിനെ ഞാന്‍ കൊല്ലാന്‍ കൊടുത്തു എന്ന് പറയുന്ന ആ നാട്ടിലേക്ക് ഇനി തിരിച്ചുപോവില്ല; കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ അമ്മൂമ്മ
എഡിറ്റര്‍
Tuesday 3rd October 2017 12:18pm

കുളത്തൂപ്പുഴ: ഞങ്ങളുടെ കുഞ്ഞിനെ കൊല്ലാനായി ഞാനാണ് രാജേഷിന് കൊടുത്തത് എന്ന് പറയുന്ന ആ നാട്ടിലേക്ക് ഇനി തിരിച്ചുപോകേണ്ടെന്ന് കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരിയുടെ അമ്മൂമ്മ അനിത.

ആ നാട്ടില്‍ നിന്ന് ഇറങ്ങിയത് ഇഷ്ടത്തോടെയല്ല. പക്ഷെ ഇനി ഞങ്ങള്‍ക്ക് അങ്ങോട്ട് പോവണ്ട. ‘എന്റെ കുഞ്ഞിനെ കൊല്ലാന്‍ ഞാന്‍ രാജേഷിന് കൊണ്ടെക്കൊടുത്തു എന്ന് പറയുന്ന ആ നാട്ടിലേക്ക് ഞങ്ങക്കിനി പോവണ്ട.’- അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ അനിത പറയുന്നു.

ഞാന്‍ എന്റെ കുഞ്ഞിനെ രാജേഷിന് കൊണ്ടെക്കൊടുത്തു എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഞാന്‍ അവന്റെ കൂടെ വിട്ടത് പോലുമല്ല.

ഞാനും കുഞ്ഞും കൂടി ട്യൂഷന്‍ ക്ലാസിലേക്ക് നടക്കുന്ന സമയത്ത് അവന്‍ അവിടെ ഇടവഴിയില്‍ നില്‍ക്കുന്നത് കണ്ടു. രാജേഷ് നില്‍ക്കുന്നതിന്റെ താഴെയാണ് ട്യൂഷന്‍ ക്ലാസ്. അവനവിടെ നില്‍ക്കുന്നത് കൊണ്ട് ‘മക്കളെന്നാ അതിലൂടെ ഇറങ്ങിപ്പോ, ഞാനതിലൂടെ വരണ്ടല്ലോ, ഞാന്‍ ജോലിക്ക് പോവാം’ എന്ന് കൊച്ചിനോട് പറഞ്ഞാണ് വിട്ടത്.

അവന്‍ എന്റടുത്തുന്ന് വിളിച്ചുകൊണ്ട് പോയതോ, ഞാന്‍ അവനെ ഏല്‍പ്പിച്ചതോ അല്ല. വീട്ടില്‍ നിന്ന് വന്ന ഒരാളല്ലേ, അവന്റെ അടുത്തുകൂടെ ട്യൂഷന്‍ക്ലാസ്സിലേക്ക് ഇറങ്ങിപ്പൊയ്ക്കോ എന്നൊരു വാക്ക് ഞാന്‍ പറഞ്ഞുപോയി. ഇന്ന് നാട്ടുകാരെല്ലാം പറയുന്നത് അമ്മൂമ്മത്തള്ള ചിറ്റപ്പന്‍ തന്തയ്ക്ക് കൊണ്ടെക്കൊടുത്തു എന്നാണ്. അത് കേള്‍ക്കുമ്പോഴേ എന്റെ നെഞ്ച് തകര്‍ന്ന് പോവുകയാണ്.- അനിത പറയുന്നു.

ഏഴ് വര്‍ഷം ഞങ്ങള്‍ കഷ്ടപ്പെട്ടതെല്ലാം അവള്‍ക്ക് വേണ്ടിയാണ്. ഇത്രയും സംരക്ഷിച്ച് വളര്‍ത്തിയിട്ട് അവന് കൊണ്ടക്കൊടുക്കണമെങ്കില്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്? അതിന് പകരം എന്റെ മക്കളെ വിറ്റാല്‍ പോരായിരുന്നോ എനിക്ക്? – അനിത ചോദിക്കുന്നു.


Dont Miss ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ല; 24 വയസുള്ള പെണ്‍കുട്ടിക്ക് തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി


എന്റെ മക്കളെ ഞാന്‍ വിറ്റ് തിന്നിട്ടില്ല. പിന്നെയെന്തിനാണ് എന്റെ കുഞ്ഞിനെ ഞാന്‍ അങ്ങനെ ചെയ്യുന്നത്? സംസാരിക്കുന്നവര്‍ക്ക് എന്തും പറയാം. അതുകൊണ്ട് ഇനി ആ നാട്ടിലേക്ക് ഞങ്ങള്‍ക്ക് വരണ്ട.

ഞങ്ങടെ കുഞ്ഞിന്റെ ദേഹം വീട്ടില്‍ കൊണ്ട് വന്നിട്ട് ഞങ്ങളെ ഒന്ന് തൊടാന്‍ കൂടി സമ്മതിച്ചില്ല. ഒരു നോക്ക് കണ്ടു. അപ്പഴേക്കും കുഞ്ഞിന്റെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോകുവാന്ന് പറഞ്ഞ് അവരെല്ലാം കൂടി കുഞ്ഞിനെ എടുത്തോണ്ട് പോയി.

പോലീസ് നിന്നിട്ട് പോലും അതൊന്നും കണക്കിലെടുക്കാതെ അയല്‍വീട്ടുകാരെല്ലാം ചേര്‍ന്ന് വലിയ പ്രശ്നങ്ങളായിരുന്നു. ഞങ്ങളെക്കേറി അടിക്കണം എന്ന് പറഞ്ഞായിരുന്നു ബഹളം. ഞങ്ങളൊന്നും മിണ്ടാതെ വീട്ടിനുള്ളില്‍ ഇരിക്കുവായിരുന്നു. പിന്നീട് പ്രശ്‌നം രൂക്ഷമായപ്പോള്‍ പൊലീസുകാര്‍ കൂടി പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഞാനും എന്റെ ഭര്‍ത്താവും രണ്ട് മക്കളും രണ്ട് കൊച്ചുകുട്ടികളേയും കൊണ്ട് ഇറങ്ങി വരുന്ന സമയത്ത് ഈ ജീവിതത്തില്‍ ഞങ്ങള്‍ കേള്‍ക്കാത്ത രീതിയിലുള്ള ചീത്തവിളികളാണ് കേട്ടത്. പറയാന്‍ മടിക്കുന്ന തരത്തിലുള്ള ഭാഷയിലായിരുന്നു ചീത്തവിളികള്‍.

ഞങ്ങളുടെ മകളുടെ കര്‍മ്മങ്ങള്‍ പോലും ചെയ്യാതെ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നതാണ്. ഇറങ്ങിയില്ലെങ്കില്‍ ആ നാട്ടുകാര്‍ ഞങ്ങളെ കൊല്ലുമായിരുന്നു. ഇഷ്ടത്തിനിറങ്ങിപ്പോന്നതല്ല. പോലീസുകാര്‍ വിളിച്ചപ്പോള്‍ ഇറങ്ങിപ്പോന്നതാണ്. പക്ഷെ ഞങ്ങളെ കൊല്ലാനായിരുന്നു നാട്ടുകാരുടെ ഉദ്ദേശം.

കുറച്ച് ദിവസം മാറിത്താമസിച്ചിട്ട് തിരിച്ച് നാട്ടില്‍ വരണമെന്നാണ് പോലീസുകാര്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് അവിടെ തിരിച്ച് ചെല്ലണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷെ എനിക്കും എന്റെ ഭര്‍ത്താവിനും എത്രകാലം ഞങ്ങടെ മക്കള്‍ക്ക് സംരക്ഷണം നല്‍കാനാവും?

ആ നാട്ടിലേക്ക് വന്നാല്‍ ആ പൊടിക്കുഞ്ഞിന് സംഭവിച്ചത് എന്റെ മക്കള്‍ക്കും സംഭവിക്കും. ഞാനും എന്റെ ഭര്‍ത്താവും കഷ്ടപ്പെട്ടിട്ടാണ് ആ കുഞ്ഞിനെ ഇതേവരെ നോക്കിയത്. അത് ഞങ്ങക്ക് നഷ്ടപ്പെട്ടുപോയി. എന്നിട്ട് പോലും ഇത്രയും ദുഷ്പേര് പറഞ്ഞുണ്ടാക്കുന്ന നാട്ടുകാര്‍ നാളെ ഇതിലുമപ്പുറം പറയും. രാജേഷിന്റെ സ്വഭാവം ഞങ്ങള്‍ക്കറിയാമെന്നുണ്ടെങ്കില്‍ അവനെ ഞങ്ങള്‍ വീട്ടില്‍ കയറ്റുമായിരുന്നോയെന്നും അനിത ചോദിക്കുന്നു.

Advertisement