അത് നിങ്ങളായിരുന്നോ, നിങ്ങള്‍ക്കെത്ര വയസായി; അണ്ണാത്തെ സെറ്റില്‍ രജനീകാന്തിനൊപ്പമുള്ള അനുഭവം പറഞ്ഞ് കുളപ്പുള്ളി ലീല
Entertainment news
അത് നിങ്ങളായിരുന്നോ, നിങ്ങള്‍ക്കെത്ര വയസായി; അണ്ണാത്തെ സെറ്റില്‍ രജനീകാന്തിനൊപ്പമുള്ള അനുഭവം പറഞ്ഞ് കുളപ്പുള്ളി ലീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th November 2021, 5:11 pm

രജനീകാന്ത്, നയന്‍താര, കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അണ്ണാത്തെ. ശിവ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 200 കോടി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള താരമാണ് മലയാളി നടി കുളപ്പുള്ളി ലീല. രജനീകാന്തിനൊപ്പം കുളപ്പുള്ളി ലീല അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് അണ്ണാത്തെ.

1995ല്‍ പുറത്തിറങ്ങിയ മുത്തു എന്ന സിനിമയിലാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ അണ്ണാത്തെയുടെ സെറ്റില്‍ വെച്ച് തന്നെ കണ്ടപ്പോള്‍ രജനീകാന്തിന് മനസിലായിരുന്നില്ലെന്നാണ് നടി പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്തിനൊപ്പമുള്ള രണ്ടാം ചിത്രത്തിന്റെ വിശേഷങ്ങള്‍ നടി പറഞ്ഞത്.

”രജനി സാറിനൊപ്പം മുത്തുവിലായിരുന്നു ഇതിനുമുമ്പ് അഭിനയിച്ചത്. അന്ന് സാര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. പിന്നെ ഇപ്പോള്‍ കണ്ടപ്പോള്‍ ആദ്യം വണക്കം ഒക്കെ പറഞ്ഞു.

പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് അടുത്തിരുത്തി സംസാരിച്ചു. മുത്തുവില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏതു റോളാണെന്നായി ചോദ്യം.

ആലില്‍ കെട്ടിയ ശേഷം ഭീഷണിപ്പെടുത്തിയ ആളാണെന്ന് ഞാന്‍ പറഞ്ഞു. അത് നിങ്ങളാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കെത്ര വയസായെന്നായിരുന്നു അടുത്ത ചോദ്യം.

ഓരോ ഡയലോഗ് പറയുമ്പോഴും നന്നായി എന്ന് സാര്‍ പറയുമായിരുന്നു. ലീലയേപ്പറ്റി
അന്വേഷിച്ചെന്ന് സാര്‍ പറഞ്ഞതായി പിന്നീട് സംവിധായകന്‍ ശിവ എന്നോട് പറഞ്ഞു. എന്നെ സംബന്ധിച്ചടത്തോളം അതൊക്കെ വലിയ ഒരു അവാര്‍ഡാണ്,” കുളപ്പുള്ളി ലീല പറഞ്ഞു.

അണ്ണാത്തെയില്‍ നടി അവതരിപ്പിച്ച മുത്തശ്ശിയുടെ കഥാപാത്രം വലിയ പ്രേക്ഷകപ്രീതിയാണ് നേടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kulappulli Leela talks about movie experience with Rajinikanth