ഓപ്പറേഷന്‍ കമലയും കോണ്‍ഗ്രസിന്റെ ദയനീയതയും
Karnataka crisis
ഓപ്പറേഷന്‍ കമലയും കോണ്‍ഗ്രസിന്റെ ദയനീയതയും
കെ.ടി കുഞ്ഞിക്കണ്ണന്‍
Tuesday, 9th July 2019, 12:33 pm

കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് ബി.ജെ.പിയിതര സര്‍ക്കാരുകളെ അട്ടിമറിക്കുന്ന തന്ത്രമാണ് മോദിയും അമിത് ഷായും കഴിഞ്ഞ കുറെക്കാലമായി പയറ്റി കൊണ്ടിരിക്കുന്നത്. അധികാരവും പദവിയുമല്ലാതെ മറ്റൊരു ആദര്‍ശ പ്രചോദനവുമില്ലാത്ത കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയുടെ ഇരകളാവുന്നു.

ഇപ്പോള്‍ കര്‍ണാടകയില്‍ കാണുന്നത് ബി.ജെ.പിയുടെ കുതന്ത്ര പ്രയോഗങ്ങളും കോണ്‍ഗ്രസിന്റെ പരമ ദയനീയമായ അപചയവുമാണ്. കുമാര സാമി സര്‍ക്കാര്‍ രൂപീകരിക്കുന്നത് യെദൂരപ്പയുടെ നേതൃത്വത്തില്‍ രൂപം കൊള്ളാനിടയുള്ള ബി.ജെ.പി സര്‍ക്കാറിനെ തടയുക എന്ന ഉദ്ദേശത്തോടെയായിരുന്നു. രാജ്യത്തെ എല്ലാ ജനാധിപത്യവാദികളും ആ ഒരു നീക്കത്തെ ശ്ലാഘിച്ചതാണ്. ദക്ഷിണേന്ത്യയിലേക്കുള്ള സംഘ പരിപാറിന്റെ ഫാഷിസ്റ്റ് വ്യാപനത്തെ തടഞ്ഞു നിര്‍ത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് കാണിച്ച വിട്ടുവീഴ്ചകളെ വളരെ മതിപ്പോടെയാണ് ജനാധിപത്യ ശക്തിക്കള്‍ കണ്ടത്. അതിലൊക്കെ അതൃപ്തരായ കോണ്‍ഗ്രസിലെ അധികാര മോഹികളെ പ്രലോഭിപ്പിച്ചാണ് ബി.ജെ.പി അവിടെ ഓപ്പറേഷന്‍ ലോട്ടസ് ആരംഭിച്ചത്.

രാജിവെച്ച 12 എം.എല്‍.എമാരെ മന്ത്രി സ്ഥാനങ്ങള്‍ നല്‍കി തിരിച്ചുകൊണ്ട് വരാന്‍ പറ്റുമോയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇപ്പോഴുള്ള മന്ത്രിമാരെല്ലാം സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനായി സ്ഥാനത്യാഗം ചെയ്യണമെന്നാണ് എ.ഐ.സി.സി നേതൃത്വം ആവശ്യപ്പെടുന്നത്. പക്ഷെ പലരും രാജിയില്‍ നിന്ന് പിന്മാറില്ലായെന്നാണറിയുന്നത്. അവരില്‍ ചിലരൊക്കെ ബി.ജെ.പിയിലേക്ക് പോകുമെന്ന് സ്വയം പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

ജെ.ഡി.എസ് എം.എല്‍.എമാരെ തിരിച്ചു കൊണ്ടുവരുമെന്ന് കുമാര സാമി ഉറപ്പ് പറയുന്നുണ്ട്. എങ്ങനെയായാലും ബി.ജെ.പിയുടെ ഓപ്പറേഷന്‍ ലോട്ടസ് പരാജയപ്പെടണമെന്നാണ് ജനാധിപത്യവാദികള്‍ ആഗ്രഹിക്കുന്നത്. സിദ്ധരാമയ്യയാണ് ഈ കളിയുടെ ഗ്രീന്‍ റൂമിലെന്നത് പരസ്യമായ രഹസ്യമാണ്. ഓപ്പറേഷന്‍ ലോട്ടസിന് കളമൊരുക്കി കൊടുത്തത് കോണ്‍ഗ്രസ് തന്നെയാണ്.

സംഘപരിവാറിനെതിരെ ഉപരിപ്ലവമായ രാഷ്ട്രീയ എതിര്‍പ്പല്ലാതെ പ്രത്യയശാസ്ത്ര പരമായ നിലപാടില്ലാത്ത കോണ്‍ഗ്രസിന്റെ അനിവാര്യമായ പതന ഗതിയാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്.

 

കെ.ടി കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍