മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിക്കുന്നവര്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ മാപ്പുസാക്ഷികളാവുകയാണ്: കെ.ടി. കുഞ്ഞിക്കണ്ണന്‍
Kerala News
മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിക്കുന്നവര്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ മാപ്പുസാക്ഷികളാവുകയാണ്: കെ.ടി. കുഞ്ഞിക്കണ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th June 2022, 9:58 am

കോഴിക്കോട്: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ദ്രൗപതി മുര്‍മുവിനെ ആഘോഷിക്കുന്നവര്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ മാപ്പുസാക്ഷികളാവുകയാണെന്ന് സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍.

ഹിന്ദുത്വവാദികളുടെത് ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ രാക്ഷസീയമായൊരു പ്രത്യയശാസ്ത്രമാണെന്ന് മനസിലാക്കാന്‍ സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും കൃതികളിലൂടെ കടന്നുപോയാല്‍ മതിയെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം സംഘപരിവാറിനൊപ്പം ചില ലിബറലുകളും ആഘോഷമാക്കുന്നുണ്ട്. വിശാല ഹിന്ദുത്വത്തിനായുള്ള രാംനാഥ് കോവിന്ദിനെയും ഇപ്പോള്‍ മിസിസ് മുര്‍മുവിനെയുംവെച്ചു കൊണ്ടുള്ള മനുവാദികളുടെ സോഷ്യല്‍ എഞ്ചിനീയറിങ് ദളിതരെ സംബന്ധിച്ചെടുത്തോളം ധൃതരാഷ്ട്രാലിംഗനമാണെന്ന് അറിയണം. ഇപ്പോള്‍ ചില സ്വത്വരാഷ്ട്രീയക്കാരായ ബുദ്ധിജീവികളും ഇത് മഹത്തായ തീരുമാനമാണെന്നൊക്കെ തട്ടിവിട്ട് ഹിന്ദുത്വവാദികളുടെ നാമജപ ഘോഷയാത്രക്ക് കൊഴുപ്പ് കൂട്ടികൊടുക്കുന്നുണ്ട്.

ഹിന്തുത്വ പ്രത്യയശാസ്ത്ര നിലപാടുകളില്‍ നിന്ന് ആര്‍.എസ്.എസ് നടത്തിയിട്ടുള്ള ന്യൂനപക്ഷഹിംസയുടെയും ദളിത് ഹിംസയുടെയും ചോരയൊലിക്കുന്ന ചരിത്രം നമ്മുടെ മുമ്പിലുണ്ട്.

 

ദളിതര്‍ക്കെതിരായ ക്രൂരവിവേചനങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രം. ബല്‍ച്ചി, പരാസ് ബീഘ, ലക്ഷ്മണ്‍ പൂര്‍ബാത്ത് തുടങ്ങി രണ്‍വീര്‍ സേനകളും ഭൂമി ഹാര്‍സേനകളും നടത്തിയിട്ടുള്ള കൂട്ടക്കൊലകള്‍ക്ക് പിറകില്‍ ആര്‍.എസ്.എസായിരുന്നു,’ കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കി നിര്‍ത്തികൊണ്ടാണ് സമീപവര്‍ഷങ്ങളില്‍ ഗുജറാത്തിലും യു.പിയിലും ഹരിയാനയിലുമെല്ലാം ദളിത് പീഡനങ്ങള്‍ക്ക് ആക്കംകൂട്ടിയതും വര്‍ധിതമാക്കിയതും മോദി സര്‍ക്കാറാണ്. ഗോവധമാരോപിച്ച് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ദളിതുകളും രാജ്യമാകെ വേട്ടയാടപ്പെടുന്നതാണ്
നാം കണ്ടത്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെയുംസോഷ്യല്‍ എഞ്ചിനിയറിംഗിന്റെയും കുടിലതയെന്തെന്നറിയാതെ മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിക്കുന്നവര്‍ ഹിന്ദുത്വഭീകരതയുടെ മാപ്പുസാക്ഷികളാവുകയാണെന്നും കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ദ്രൗപതി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും. സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ബിജു ജനതാദള്‍, വൈ.എസ്.ആര്‍.സി.പി തുടങ്ങിയ പാര്‍ട്ടികളില്‍നിന്നും പ്രതിനിധികളുണ്ടാകും.

CONTENT HIGHLIGHTS: KT Kunjikannan  says Those celebrating Draupadi Murmu’s candidature are apologizing for the Hindutva agenda of the Sangh Parivar