ഈ വിധി ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷ: കെ.ടി ജലീല്‍
kERALA NEWS
ഈ വിധി ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷ: കെ.ടി ജലീല്‍
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 2:55 pm

തിരുവനന്തപുരം: കെ.എം ഷാജിയ്‌ക്കെതിരായ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മന്ത്രി കെ.ടി ജലീല്‍. അന്യായം പറഞ്ഞ് അപവാദം പ്രചരിപ്പിച്ച് അപമാനപ്പെടുത്താന്‍ ശ്രമിച്ചതിന് ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷയാണിതെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

“എന്തൊക്കെയായിരുന്നു ഇവരൊക്കെ ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. ഇതൊക്കെ മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്ന വിചാരം ഇവര്‍ക്കൊക്കെ ഉണ്ടാകണ്ടേ. ഏതായാലും ഇതൊക്കെ ഉന്നയിച്ച ആളുകളെയും കാത്തിരിക്കുന്നത് സമാനമായ അനുഭവങ്ങളാകുമെന്ന് ഇവരൊക്കെ മനസിലാക്കിയാല്‍ നന്നാകും” കെടി ജലീല്‍ ന്യൂസ് 18 ചാനലിനോട് പറഞ്ഞു.

ലീഗ് സ്വന്തം കാര്യം നേടാന്‍ വേണ്ടിയും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയും വര്‍ഗീയ കാര്‍ഡ് ഉപയോഗിക്കുന്നു എന്നത് കുറച്ച് കാലമായി പരക്കെ നിലനില്‍ക്കുന്ന ആക്ഷേപമാണ്. നേരത്തെ മതേതര ചിന്തയും വര്‍ഗീയ പ്രചാരണങ്ങളില്ലാതെയുമായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ അങ്ങനെ അല്ലാതായെന്നും മന്ത്രി പറഞ്ഞു.

മതവും വിശ്വാസവും ഇസ്‌ലാമും പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പുകളില്‍ അവര്‍ മുസ്‌ലിംങ്ങളെ സ്വന്തം ഭാഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ്. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടിക്കുകയും ആ വിചാരവും വികാരവും ആളിക്കത്തിച്ച് വോട്ട് നേടി ജയിക്കുകയും ചെയ്യുന്ന ദുഷിച്ച സംസ്‌കാരത്തിന് എതിരായിട്ടുള്ള വിധികൂടിയാണിത്. അതുകൊണ്ട് തന്നെ ഈ വിധി പ്രസക്തമാണെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.

കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നത് യൂത്ത് ലീഗും ലീഗുമായിരുന്നു. ഇതിനിടെ മന്ത്രി ജലീല്‍ ഗുരുതര നിയമലംഘനങ്ങളെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തുവെന്ന് കെ.എം ഷാജി ആരോപണമുന്നയിച്ചിരുന്നു.