ജമാഅത്തെ ഇസ്‌ലാമിയും കുഞ്ഞാടുകളും എന്തൊക്കെ ഇല്ലാകഥകള്‍ മെനഞ്ഞാലും അതിന് അല്‍പ്പായുസ്സേ ഉണ്ടാകൂ; തന്റെ ആത്മകഥ പ്രസിദ്ധീകരണം നിര്‍ത്തിയെന്ന മീഡിയ വണ്‍ വാര്‍ത്തക്കെതിരെ കെ.ടി. ജലീല്‍
Kerala News
ജമാഅത്തെ ഇസ്‌ലാമിയും കുഞ്ഞാടുകളും എന്തൊക്കെ ഇല്ലാകഥകള്‍ മെനഞ്ഞാലും അതിന് അല്‍പ്പായുസ്സേ ഉണ്ടാകൂ; തന്റെ ആത്മകഥ പ്രസിദ്ധീകരണം നിര്‍ത്തിയെന്ന മീഡിയ വണ്‍ വാര്‍ത്തക്കെതിരെ കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2022, 4:59 pm

തിരുവനന്തപുരം: കെ.ടി. ജലീലിന്റെ ആത്മകഥയായ പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സമകാലികം മലയാളം നിര്‍ത്തിയത് സംബന്ധിച്ച് മീഡിയ വണ്‍ നല്‍കിയ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മീഡിയ വണ്ണിന്റെ പച്ച നുണ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്. വ്യക്തി-രാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുകൂടിയതു കൊണ്ട് പ്രസിദ്ധീകരണം നിര്‍ത്താന്‍ വാരിക തീരുമാനിച്ചു എന്ന തരത്തിലായിരുന്നു മീഡിയ വണ്ണും, മാധ്യമം, ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്രാ വിവരണം എഴുതുന്ന തിരക്കിലായതിനാല്‍ വാരികയിലേക്കുള്ള എഴുത്തുകളില്‍ മുടക്കം വരുമെന്നതാണ് പ്രസിദ്ധീകരണം നിര്‍ത്താനുള്ള കാരണമെന്ന് കെ.ടി. ജലീല്‍ വ്യക്തമാക്കുന്നു.

ജമാഅത്തെ ഇസ്‌ലാമിയോടും അവരുടെ രാഷ്ട്രീയത്തോടും വിയോജിച്ചതിലുള്ള കലിപ്പാവണം ‘മലയാളം വാരിക’ എന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിര്‍ത്തി എന്ന രൂപത്തില്‍ ‘മീഡിയ വണ്‍’ തെറ്റായ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനം. ജമാഅത്തെ ഇസ്‌ലാമിയുടെയും അവരുടെ പ്രസിദ്ധീകരണങ്ങളുടെയും (മാധ്യമം, മീഡിയ വണ്‍) തനിനിറം ഒരിക്കല്‍കൂടി ബോദ്ധ്യമാവാന്‍ ഈ കള്ളവാര്‍ത്ത സഹായകമായി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടേയുള്ളൂ. മീഡിയാ വണ്ണിലൂടെ അത് കണ്ടു. ജമാഅത്തെഇസ്‌ലാമിയും കുഞ്ഞാടുകളും എന്തൊക്കെ ഇല്ലാകഥകള്‍ മെനഞ്ഞാലും അതിന് അല്‍പ്പായുസ്സേ ഉണ്ടാകൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സമകാലികം മലയാളം വാരികയുടെ എഡിറ്റര്‍ സജി ജെയിംസിന്റെ കുറിപ്പും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘മീഡിയാ വണ്ണിന്റെ’ പച്ച നുണ

കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ സ്ഥലത്തില്ലാത്തത് ഏവര്‍ക്കും അറിയാമല്ലോ? കൊല്‍ക്കത്ത, ഡാക്ക, നേപ്പാള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് യാത്രാ വിവരണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

മലയാളം വാരിയില്‍ കഴിഞ്ഞ 21 ലക്കത്തിലായി തുടര്‍ച്ചയായി ഞാന്‍ എഴുതിയ ‘പച്ച കലര്‍ന്ന ചുവപ്പ്’ (അരനൂറ്റാണ്ടിന്റെ കഥ) പ്രസിദ്ധീകരിച്ചു വരികയാണ്. 15 ലക്കത്തിലേക്കുള്ളത് ആദ്യമേ എഴുതിക്കൊടുത്തു. ബാക്കി ഓരോ ലക്കത്തിലേക്കുമുള്ളത് അപ്പപ്പോള്‍ എഴുതി അയക്കുകയായിരുന്നു. യാത്രാ വിവരണം എഴുതുന്നത് മാറ്റി വെക്കാന്‍ കഴിയാത്തത് കൊണ്ട് അടുത്ത ലക്കങ്ങളിലേക്ക് എഴുതി നല്‍കാനുള്ള പ്രയാസം ബന്ധപ്പെട്ടവരെ അറിയിച്ചു. ഇതാണ് യാഥാര്‍ത്ഥ്യം.

ഇതുവരെ എഴുതാത്ത ഭാഗങ്ങങ്ങളില്‍ വ്യക്തി-രാഷ്ട്രീയ താല്‍പര്യങ്ങള്‍ എങ്ങിനെയാണ് കടന്നു കൂടുക? സാമാന്യ ബുദ്ധിക്ക് ചേരുന്നതെങ്കിലുമാകണ്ടേ മീഡിയാ വണ്ണിന്റെ കണ്ടെത്തല്‍. ഞാനെഴുതി നല്‍കിയത് പൂര്‍ണ്ണമായിത്തന്നെ ‘മലയാളം’ അച്ചടിച്ച് ജനങ്ങളുടെ മുന്നില്‍ എത്തിച്ചു. തുടര്‍ ലക്കങ്ങളിലേക്ക് യഥാസമയം എഴുതിത്തീര്‍ത്ത് അയക്കാന്‍ കഴിയാത്തതില്‍ മനോവിഷമമുണ്ട്. അക്കാര്യത്തില്‍ വാരികക്കുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദിക്കുന്നു.

പ്രസിദ്ധീകൃതമായ ലക്കങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശന വിധേയമാക്കിയ ഭാഗങ്ങള്‍ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ‘പ്രബോധനം’ വാരിക എന്നെ വിമര്‍ശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോടും അവരുടെ രാഷ്ട്രീയത്തോടും വിയോജിച്ചതിലുള്ള കലിപ്പാവണം ‘മലയാളം വാരിക’ എന്റെ ആത്മകഥയുടെ പ്രസിദ്ധീകരണം അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിര്‍ത്തി എന്ന രൂപത്തില്‍ ‘മീഡിയ വണ്‍’ തെറ്റായ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനം.

ആറ് മാസത്തിനുള്ളില്‍ എഴുത്ത് പൂര്‍ത്തിയാക്കി പുസ്തകമായി ”പച്ച കലര്‍ന്ന ചുവപ്പ്’ പുറത്തിറക്കാനാണ് ഉദ്ദേശം. ജമാഅത്തെ ഇസ് ലാമിയുടെയും അവരുടെ പ്രസിദ്ധീകരണങ്ങളുടെയും (മാധ്യമം, മീഡിയ വണ്‍) തനിനിറം ഒരിക്കല്‍കൂടി ബോധ്യമാവാന്‍ ഈ കള്ളവാര്‍ത്ത സഹായകമായി.

ഈയുള്ളവന്‍ രചിച്ച ‘മലബാര്‍ കലാപം ഒരു പുനര്‍വായന’ എട്ട് പതിപ്പ് പിന്നിട്ടു. ഡിസി പ്രസിദ്ധീകരിച്ച ‘മുഖപുസ്തക ചിന്തകള്‍’രണ്ടാം എഡിഷന്‍ പുറത്തിറങ്ങി. ചിന്ത പുറത്തിറക്കിയ ”മതം മതഭ്രാന്ത് മതേതരത്വം’ മൂന്നാം എഡിഷനിലേക്ക് കടന്നു . ‘ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം’ രണ്ടാം ലക്കം അച്ചടിച്ച് മാര്‍ക്കറ്റിലെത്തി. അടുത്ത പുസ്തകം ‘യാത്രകള്‍ കാഴ്ചകള്‍’ പണിപ്പുരയിലാണ്. അത് കഴിഞ്ഞാകും ”പച്ച കലര്‍ന്ന ചുവപ്പ്’ പുസ്തകമായി വെളിച്ചം കാണുക.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടേയുള്ളൂ. മീഡിയാ വണ്ണിലൂടെ അത് കണ്ടു. ജമാഅത്തെഇസ്‌ലാമിയും കുഞ്ഞാടുകളും എന്തൊക്കെ ഇല്ലാകഥകള്‍ മെനഞ്ഞാലും അതിന് അല്‍പ്പായുസ്സേ ഉണ്ടാകൂ.

മലയാളം വാരിക എഡിറ്റര്‍ സജി ജെയിംസ് തന്റെ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് താഴെ ചേര്‍ക്കുന്നു.

പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?

കഴിഞ്ഞ മെയ് ആദ്യ ആഴ്ച കെ.ടി. ജലീലിന്റെ ആത്മകഥ, പച്ചകലര്‍ന്ന ചുവപ്പ് പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഇതുവരെ വായനക്കാരില്‍ നിന്നു ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ്. ആത്മകഥയെന്നല്ല എന്തു പ്രസിദ്ധീകരിച്ചാലും അനുകൂലമായും എതിര്‍ത്തും കത്തുകളും വിളികളും മറ്റുമുണ്ടാവുന്നത് പതിവാണുതാനും.

എം.എല്‍.എയും മുന്‍ മന്ത്രിയും പ്രമുഖ ഇടതുസഹയാത്രികരിലൊരാളുമായ കെ.ടി. ജലീലിന്റെ പല തുറന്നു പറച്ചിലുകളും പലരെയും അലോസരപ്പെടുത്തുന്നത് വിവിധ പ്രതികരണങ്ങളിലൂടെ അപ്പപ്പോള്‍ വാരിക അറിയുന്നുണ്ടായിരുന്നു. നേരെ മറിച്ച്, കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയണമെന്നും പഴയകാലം പറയുന്നത് പിന്നത്തേയ്ക്കു മാറ്റിവച്ച് സമകാലിക രാഷ്ട്രീയ അനുഭവങ്ങളിലേക്കു പോകണമെന്നും പറഞ്ഞവരുമുണ്ട് നിരവധി.

കെ.ടി. ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനും കേസുകളില്‍ കുടുക്കാനും നടന്ന ശ്രമങ്ങള്‍, മന്ത്രിപദവിയില്‍ നിന്നുള്ള രാജിയിലേക്ക് എത്തിച്ച സംഭവങ്ങള്‍ തുടങ്ങിയതിലൊക്കെ അദ്ദേഹം എന്തു പറയുന്നു; ‘അന്തര്‍നാടകങ്ങള്‍’ എന്തൊക്കെയാണ്, പുറത്തുവരാതെ രാഷ്ട്രീയ അകങ്ങളില്‍ നീറിപ്പുകഞ്ഞത് എന്തൊക്കെയാണ് എന്നൊക്കെ അറിയാനുള്ള കേരളത്തിന്റെ ആകാംക്ഷ പത്രാധിപസമിതിയെ ചുട്ടുപൊള്ളിച്ചിട്ടുണ്ട്.

പക്ഷേ, അദ്ദേഹം അതിന്റെ സ്വാഭാവിക ഒഴുക്കില്‍ത്തന്നെ എഴുതട്ടെ എന്നും, സമയമെടുത്തും സ്വന്തം തീരുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലും മുന്‍ഗണന നിശ്ചയിക്കട്ടെ എന്നുമായിരുന്നു ഞങ്ങളുടെ നിലപാട്.

എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിലേക്ക് സെന്‍സേഷനലിസത്തിന്റെ സമ്മര്‍ദവും ഇടപെടലും നടത്തുന്നതല്ല സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതു തന്നെയാണ് കാരണം.

പച്ച കലര്‍ന്ന ചുവപ്പ് ഇനിയും മുന്നോട്ട് എഴുതാനും രാഷ്ട്രീയ പ്രാധാന്യമുള്ള പലതും അതില്‍ വരാനുമുണ്ട് എന്നുതന്നെയാണ് കെ.ടി. ജലീലില്‍ നിന്നു ഞങ്ങള്‍ മനസ്സിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വിദേശയാത്രയുടെ സന്ദര്‍ഭത്തില്‍ എഴുത്ത് മുടങ്ങുന്ന സ്ഥിതിയുണ്ടായി. 2022 ഒക്ടോബര്‍ 17നു പുറത്തിറങ്ങിയ ലക്കത്തിനു ശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണം എന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാം എന്നും പറഞ്ഞു.

അതായത് 2022 ഒക്ടോബര്‍ 24ന്റെ ലക്കം മുതല്‍ ചില ലക്കങ്ങള്‍ പച്ച കലര്‍ന്ന ചുവപ്പ് മുടങ്ങും. ഈ സമീപനം അംഗീകരിക്കാന്‍ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതല്‍ പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിര്‍ത്തിവയ്ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അത് വായനക്കാരെ അറിയിക്കുകയും ചെയ്തു.

അതിനപ്പുറത്ത്, അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. പ്രസിദ്ധീകരിക്കാവുന്നത് എന്തെന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തത് എന്തെന്നും കൃത്യമായി ബോധ്യമുള്ള പത്രാധിപസമിതിയുള്ള പ്രസിദ്ധീകരണമാണ് സമകാലിക മലയാളം വാരിക.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെപ്പോലെതന്നെ തുടര്‍ന്നും വായനക്കാരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്.

നന്ദി
സജി ജെയിംസ്
എഡിറ്റര്

Content Highlight: KT Jaleel slams media one and jama’at islami for their news about the publication of his autobiography