നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമായി കാണും; കെ.ടി ജലീലിനോട് പി.കെ ഫിറോസ്
Kerala News
നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമായി കാണും; കെ.ടി ജലീലിനോട് പി.കെ ഫിറോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 8:53 pm

കോഴിക്കോട്: കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് ലോകായുക്തയുടെ വിധിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തങ്ങളുടെ ആരോപണം ഉണ്ടയില്ലാ വെടിയെന്നു പറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന് നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമായികാണും’, ഫിറോസ് പറഞ്ഞു.

ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത ഉത്തരവിട്ടിരുന്നു.

ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ജലീല്‍ സ്വജന പക്ഷപാതം കാണിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.

ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരിക്കുന്നത്. മന്ത്രിയുടെ ബന്ധുവീയ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.

വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KT Jaleel PK Firos Lokayutktha