ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
രാജ്യസഭാ സീറ്റ് വിവാദം: ഡി.സി.സി ഓഫീസില്‍ ശവപ്പെട്ടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 2:26pm

കൊച്ചി: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിന്റെ ഭാഗമായി എറണാകുളം ഡി.സി.സി ഓഫീസില്‍ റീത്തും ശവപ്പെട്ടിയും വെച്ച കേസില്‍ ആരോപണവിധേയരായ കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെ.എസ്.യു സംസ്ഥാന നേതാക്കളായ അനൂപ് ഇട്ടന്‍, സബീര്‍ മുട്ടം തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിന്റെ പേരില്‍ നിരവധി പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊച്ചി ഡി.സി.സി ഓഫീസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച ശവപ്പെട്ടികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധത്തിനെതിരെ പരാതി നല്‍കിയിരുന്നു.


ALSO READ: രാജ്യസഭാ സീറ്റ് വിവാദം; കെ.എസ്.യു നേതാക്കള്‍ ശവപ്പെട്ടി വാങ്ങിയ സി.സി.ടി.വി ദൃശ്യം പൊലീസിന്


ഡി.സി.സി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഫോട്ടോ സഹിതം ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ചത് കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവര്‍ ഒരു കടയില്‍ നിന്നും ശവപ്പെട്ടി വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

നേരത്തെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍ കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. കെ.പി.സി.സിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടും, രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കണമെന്ന്ആവശ്യപ്പെട്ടും പ്രതിഷേധത്തിലായിരുന്നു കോണ്‍ഗ്രസിലെ യുവനേതാക്കള്‍.

ഇതിനേത്തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരേയും നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേയും ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്ന പോലെയാണെന്നായിരുന്നു പോസ്റ്റര്‍. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഫോട്ടോ പതിച്ച ശവപ്പെട്ടികളും പ്രതിഷേധ സൂചകമായി സ്ഥാപിച്ചിരുന്നു. ഇതില്‍ ഡി.സി.സി നേതൃത്വം നല്‍കിയ പരാതി അന്വേഷിക്കുകയായിരുന്നു പൊലീസ്.

Advertisement